20 April Saturday

റോഡ്‌ നിർമാണം; ചണ്ഡീഗഡിൽനിന്ന്‌ യന്ത്രസാമഗ്രികൾ കൊല്ലത്ത്‌ എത്തി

സ്വന്തം ലേഖകൻUpdated: Saturday Jan 28, 2023

പത്തനാപുരത്തെ റോഡ്‌ നിർമാണം ഏറ്റെടുത്ത കമ്പനി ഓപ്പൺ വാഗൺ ട്രെയിനിൽ റോഡ്‌ നിർമാണത്തിനുള്ള 
വാഹനങ്ങളുമായി കൊല്ലത്തെത്തിയപ്പോൾ

കൊല്ലം > റോഡ്‌ നിർമാണത്തിനുള്ള യന്ത്രസാമഗ്രികളുമായി ചണ്ഡീഗഡിൽനിന്ന്‌ തിരിച്ച ഗുഡ്‌സ്‌ ട്രെയിൻ കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തി. പത്തനാപുരത്തും പാറശാലയിലും പുതിയ സാങ്കേതിക വിദ്യയിൽ ഗ്രാമീണ റോഡ് നിർമാണം ഏറ്റെടുത്ത പഞ്ചാബിലെ എൽഎസ്ആർ ഇൻഫ്രാകോൺ എന്ന കമ്പനിയുടെ യന്ത്രസാമഗ്രികളാണ്‌ റെയിൽമാർഗം വെള്ളിയാഴ്‌ച കൊല്ലത്ത് എത്തിയത്‌. 32 ഫ്ലാറ്റ് വാഗണിലായി മണ്ണുമാന്തി യന്ത്രം, ജനറേറ്റർ, ബെലോറോ, ടിപ്പറുകൾ അടക്കം 60 വാഹനങ്ങളാണ് എത്തിയത്‌. 19നാണ്‌ ചണ്ഡീഗഡിൽനിന്ന്‌ പുറപ്പെട്ടത്‌.
 
പത്തനാപുരം മണ്ഡലത്തിലെ ഏനാത്ത്‌ -കടുവാത്തോട്‌ -പത്തനാപുരം, പള്ളിമുക്ക്‌ –-ചാച്ചിപ്പുന്ന –-മാങ്കോട്‌, പള്ളിമുക്ക്‌ –-കമുകുംചേരി –-മുക്കടവ്‌ എന്നീ റോഡുകളുടെ നിർമാണമാണ്‌ ഇൻഫ്രാകോൺ ഏറ്റെടുത്തിട്ടുള്ളത്‌. 45.42 ലക്ഷം രൂപയ്ക്കാണ് ഗുഡ്‌സ്‌ട്രെയിനിൽ യന്ത്രസാമഗ്രികൾ കൊല്ലത്തെത്തിച്ചത്‌. 3211 കിലോമീറ്ററായിരുന്നു ദൂരം. ഇത് റോഡുമാർഗം കൊണ്ടുവന്നിരുന്നെങ്കിൽ കൂടുതൽ ദിവസവും ഒന്നരക്കോടി രൂപ ചെലവും ആകുമായിരുന്നു. റോഡിലൂടെ കൊണ്ടുവരുമ്പോഴുള്ള ഗതാഗത തടസ്സം, ചെക്പോസ്റ്റുകളിലെ കാലതാമസം എന്നിവ ഒഴിവാക്കാൻ കഴിഞ്ഞത്‌ വലിയ ആശ്വാസമായെന്ന്‌ എൽഎസ്ആർ ഇൻഫ്രാകോൺ ഡയറക്ടർ ലവ്ലീൻ ദാലിവാൾ പറഞ്ഞു.
 
റാംപ് ഇല്ലാത്തതുകൊണ്ട്‌ കൊല്ലം സ്റ്റേഷനിൽ ഇറക്കാൻ പ്രയാസമാകും എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, സ്റ്റേഷനിലെത്തി റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചാണ്‌ യന്ത്രസാമഗ്രികൾ ഇറക്കാൻ താൽക്കാലിക റാംപ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മണൽചാക്കുകൾ നിറച്ചും ഉറപ്പിച്ച മണ്ണിൽ ഉരുക്ക് ഷീറ്റുകളും ഇട്ടാണ് റാംപ് നിർമിച്ചത്‌. അതിനിടെ ട്രെയിൻമാർഗം എത്തിക്കുന്ന യന്ത്രസാമഗ്രികൾ ഇറക്കാനുള്ള താൽക്കാലിക സൗകര്യം ഒരുക്കിയ കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ പുതിയ ചുവടുവയ്‌പ്പാണ്‌ നടത്തിയിരിക്കുന്നത്‌. സ്ഥിരം റാംപ് സംവിധാനം ഒരുക്കിയാൽ കൊല്ലത്തിനു ധാരാളം സാധ്യതകളുണ്ട്. വമ്പൻ പ്രോജക്‌ടുകൾ ഏറ്റെടുക്കുന്ന കമ്പനികൾക്ക് കേരളത്തിലേക്ക് വരാനുള്ള ഒരു വഴികൂടിയാകും ഇവിടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top