17 December Wednesday

കോട്ടയത്ത്‌ മിന്നിത്തിളങ്ങും 
പാതകൾ; സഞ്ചാരികൾക്ക്‌ വാഗമണ്ണിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 9, 2023

ഈരാറ്റുപേട്ട– വാഗമൺ റോഡ്

കോട്ടയം > ജില്ലയിലെ എല്ലാ റോഡുകളും പുതുക്കിപ്പണിതതോടെ ജനങ്ങളുടെ യാത്ര വേഗത്തിലും സുഖപ്രദവുമായി മാറി. കോട്ടയത്തിന്റെ പശ്ചാത്തല വികസനരംഗത്ത്‌ ഗതിവേഗം പകർന്ന്‌ നിരവധി റോഡുകളാണ്‌ ആധുനിക നിലവാരത്തിലേക്ക്‌ ഉയർത്തിയത്‌. സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഇതുവരെ കാണാത്ത വികസനക്കുതിപ്പിനാണ്‌ ജില്ല സാക്ഷ്യം വഹിക്കുന്നത്‌. വർഷങ്ങളായുള്ള കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ ഈരാറ്റുപേട്ട - വാഗമൺ റോഡ്‌ യാഥാർഥ്യമായതാണ്‌ ഇതിൽ പ്രധാനം. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പണി പൂർത്തിയായതോടെ സഞ്ചാരികൾക്ക്‌ വാഗമണ്ണിലേക്ക്‌ പുതുപുത്തൻ യാത്രാനുഭവമാണ്‌ നൽകുന്നത്‌.
 
ടൂറിസത്തിനുകൂടി പ്രാധാന്യമുള്ള തണ്ണീർമുക്കം ബണ്ട് റോഡും ബിഎം ബിസി നിലവാരത്തിൽ പൂർത്തീകരിച്ചു. വർഷങ്ങളമായി പ്രധാന പ്രവൃത്തികളൊന്നും നടക്കാതിരുന്ന കല്ലറ- വെച്ചൂർ റോഡ് നവീകരിക്കണമെന്നത് ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു. മൂന്ന് കോടി രൂപയാണ്‌ ഇതിനായി വകയിരുത്തിയത്‌. ആധുനിക നിലവാരത്തിൽ റോഡ് നവീകരിച്ചു. ജില്ലയിലെ പ്രധാന പാതയായ ചിത്രശാല അമ്മങ്കരി നസ്രത് റോഡും ആധുനിക നിലവാരത്തിലായി.
 
ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന 20.197 കി.മീ റോഡാണ് ആധുനിക നിലവാരത്തിൽ പുനരുദ്ധരിച്ചത്‌. ഗാന്ധിനഗർ–- മെഡിക്കൽ കോളേജ് റോഡ്, മെഡിക്കൽ കോളേജ് ഭാഗത്തെ തിരക്കുകളൊഴിവാക്കി പോകാൻ സാധിക്കുന്ന ബാബു ചാഴികാടൻ റോഡ്, കുടയംപടി പരിപ്പ് റോഡ്, മാന്നാനം–- കൈപ്പുഴ റോഡ്, മാന്നാനം–- പുലിക്കുട്ടിശ്ശേരി റോഡ്, കൈപ്പുഴ–- അതിരമ്പുഴ റോഡ്, അതിരമ്പുഴ–- പാറോലിക്കൽ റോഡ്, അതിരമ്പുഴ വേദഗിരി റോഡ് എന്നിവയാണത്‌. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി മെറ്റീരിയൽ പുനരുപയോഗം ഉൾപ്പെടുന്ന ടാറിങ് പ്രവൃത്തി, സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങളിൽ പേവ്‌മെന്റ് ക്വാളിറ്റി കോൺക്രീറ്റ് എന്നീ നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഈ റോഡുകൾ നിർമിച്ചിരിക്കുന്നത്‌.
 
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഇലവീഴാപൂഞ്ചിറ റോഡും സർക്കാരിന്റെ ഇടപെടലിൽ വെട്ടിത്തിളങ്ങുകയാണ്‌. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിന്റെ ആദ്യഘട്ട ടാറിങ്‌ പ്രവൃത്തിയായ ബിഎം പൂർത്തീകരിച്ചു. കലുങ്കുകൾ ഉൾപ്പെടെ നവീകരിച്ചു. വൈക്കം–- വെച്ചൂർ റോഡ്‌ കിഫ്ബിയിൽനിന്ന് 93.73 കോടി രൂപ വിനിയോഗിച്ച് ആധുനികനിലവാരത്തിൽ നവീകരിക്കുന്നതിന്റെ പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്. ജില്ലയിലെ ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ  പാതകളും ആധുനിക നിലവാരത്തിലേക്ക്‌ മാറിയതോടെ ജനങ്ങളുടെ യാത്ര സുഗമമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top