പത്തനംതിട്ട > ജില്ലയിലെ പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി– പ്ലാപ്പള്ളി റോഡിൽ നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിൽ. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ നിർമാണം പൂർത്തിയാക്കും. നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. മണ്ഡലകാലം വരെ കാക്കാതെ നേരത്തെ പണികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളി റോഡിൽ നിർമാണം നടക്കുന്നത്. 32.1 കിലോമീറ്റർ വരുന്ന റോഡിന്റെ നവീകരണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പ്രധാന ശബരിമല റോഡെന്ന നിലയിൽ ഉയർന്ന നിലവാരത്തിലാണ് നിർമാണം.
സംസ്ഥാന സർക്കാർ ഇടപെടലിന്റെ ഫലമായി ഹൈവേ മന്ത്രാലയം അനുവദിച്ച 47 കോടി രൂപ വിനിയോഗിച്ചാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കുന്നത്. മണ്ണാറക്കുളഞ്ഞി മുതൽ കുമ്പളാംപൊയ്‌ക വരെയും പെരുനാട് മുതൽ ളാഹ വരെയും ബിഎം ടാറിങ് പൂർത്തിയായി. ബാക്കിയുള്ള ഭാഗത്ത് കൂടി ബിഎം ചെയ്‌ത ശേഷം ഒന്നിച്ച് ബിസി ടാറിങ് നടത്തും. മഴ തടസമാകുന്നുണ്ടെങ്കിലും ഒക്‌ടോബർ അവസാനത്തോടെ നിർമാണം പൂർണമായി പൂർത്തിയാക്കാനാണ് ശ്രമം. റോഡ് ടാറിങ് ഒഴികെയുള്ള ബാക്കി പ്രവൃത്തികൾ നേരത്തെ കഴിഞ്ഞിരുന്നു. സംരക്ഷണ ഭിത്തി, ഉയരം കൂട്ടൽ, ഓട, കലുങ്ക് എന്നിവയുടെ നിർമാണം പൂർത്തിയായി. വീതി കുറഞ്ഞ വളവുകളിൽ വീതികൂട്ടലും നടത്തി. കഴിഞ്ഞ മണ്ഡലകാലത്തിന് മുന്നോടിയായി റോഡിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു.
ടാറിങ് അവസാനിച്ച ശേഷം വശങ്ങൾ കോൺക്രീറ്റ് ചെയ്യാനും ഇന്റർലോക്ക് പാകാനും തുടങ്ങും. തുടർന്ന് റോഡിൽ സുരക്ഷാ ക്രമീകരണങ്ങൾ സ്ഥാപിക്കും. വലിയ വളവുകളുള്ള റോഡായതിനാൽ അപകടങ്ങളും പതിവാണ്. അപകടം കുറയ്‌ക്കത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങൾ ഉണ്ടാകും. ക്രാഷ് ബാരിയറുകളും വേഗ നിയന്ത്രണത്തിനായി റംബിൾ സ്‌ട്രിപ്പുകളും സൂചനാബോർഡുകളും റിഫ്ലക്‌ടറുകളും റോഡ് മാർക്കിങും സ്റ്റഡും അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പാതയിൽ ഉണ്ടാകും. ചില സ്ഥലങ്ങളിൽ നേരത്തെ തന്നെ കണ്ണാടി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ മണ്ഡലകാലം കഴിഞ്ഞയുടൻ തന്നെ അവലോകന യോഗം ചേർന്ന് വരും വർഷത്തേയ്‌ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തീയാക്കാൻ തീരുമാനമുണ്ടയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രധാന ശബരിമല പാതകളുടെ നിർമാണവും നവീകരണണവുമടക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നേരത്തെ ഏറ്റെടുത്ത് പൂർത്തിയാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..