26 April Friday

സമ്പുഷ്‌ടീ‌കരിച്ച അരി; കേന്ദ്രത്തിന്‌ കത്തയച്ചു

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022

തിരുവനന്തപുരം > സംസ്ഥാനത്തുനിന്ന് സംഭരിച്ച്‌  പൊതുവിതരണത്തിന് സജ്ജമാക്കിയ പോഷകമൂല്യമുള്ള അരി സമ്പുഷ്ടീകരിക്കാതെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നു കാണിച്ച്‌ മന്ത്രി ജി ആർ അനിൽ കേന്ദ്ര സർക്കാരിന്‌ കത്തയച്ചു. അരിവിഹിതമായി സമ്പുഷ്‌ടീകരിച്ചതേ നൽകൂവെന്ന്‌ നിർബന്ധം പിടിച്ചാൽ ഈ അരി പാഴാകും.

ആരോഗ്യപ്രശ്നങ്ങളെപ്പറ്റി കേന്ദ്രവുമായി ആശയവിനിമയം നടത്തുന്നുണ്ട്‌. കേരളത്തിൽനിന്ന്‌ സംഭരിക്കുന്ന അരിയിൽ എല്ലാ പോഷകവുമുണ്ട്‌.  പോഷകാഹാരക്കുറവുള്ള ഗോത്രമേഖലകളിലടക്കം ഈ അരി മതിയാകും. ഉത്തരേന്ത്യയിലെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ്‌ സമ്പുഷ്ടീകരണം കൊണ്ടുവന്നത്‌. ഫോർട്ട്‌ഫൈഡ് അരിക്കുള്ള കൃത്രിമ പോഷകം ഉൽപ്പാദിപ്പിക്കുന്നവരെ സഹായിക്കാനുള്ള പദ്ധതിയാണെന്ന ആക്ഷേപവുമുണ്ട്‌.

എന്താണ്‌ സമ്പുഷ്‌ടീകരണം

നൂറു കിലോ സാധാരണ ധാന്യത്തിലേക്ക് ഒരു കിലോ ഫോർട്ടിഫൈഡ് ചെയ്ത അരി കലർത്തി സമ്പുഷ്‌ടീകരിക്കും. മൈക്രോ ന്യൂട്രിയന്റുകളാണ്‌ ഇതിലുണ്ടാകുക.  (അയൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി -12).

എന്താണ്‌ ആശങ്ക

കേന്ദ്ര ആസ്പിരേഷണൽ ഡിസ്ട്രിക്ട് പട്ടികയിലുള്ള വയനാട്ടിലാണ്‌ സമ്പുഷ്ടീകരിച്ച അരി കേരളത്തിൽ ഇപ്പോൾ വിതരണം ചെയ്യുന്നത്‌. ഏപ്രിൽമുതൽ രാജ്യത്താകെ വ്യാപിപ്പിക്കും. എന്നാൽ, ഗോത്രവർഗക്കാർക്കിടയിൽ കാണപ്പെടുന്ന സിക്കിൾസെൽ അനീമിയ, തലാസീമിയ രോഗികൾക്ക് രക്തത്തിൽ ഇരുമ്പിന്റെ അളവ് കൂടുതലാണ്‌. ഇരുമ്പ്‌ ചേർത്ത അരി ഇവർക്ക്‌ ദോഷമുണ്ടാക്കും. അത്തരം രോഗികളുടെ കുടുംബങ്ങളിൽ പഠനം നടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top