29 March Friday

എല്ലാ വിഭാഗങ്ങള്‍ക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകണം; സംവരണത്തിന്റെ പേരില്‍ ഭിന്നിപ്പിക്കല്‍ വേണ്ട: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021

പിണറായി വിജയന്‍

തിരുവനന്തപുരം > മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തിന്റെ പേരില്‍ വലിയ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സംവരണത്തെ അട്ടിമറിച്ച് സാമ്പത്തിക സംവരണം സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നാണ് ചിലര്‍ വാദിക്കുന്നത്. ഇതില്‍ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. നേരത്തേ ഉണ്ടായിരുന്ന സംവരണം ആര്‍ക്കും ഇല്ലാതായിട്ടുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാതി ഘടകങ്ങള്‍ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്ന് ഒരു വാദവും, സാമ്പത്തിക ഘടകങ്ങള്‍ മാത്രമേ അടിസ്ഥാനമാകാവൂ എന്ന് മറ്റൊരു വാദവും ഉന്നയിക്കുന്നുണ്ട്. ഈ രണ്ടുവാദങ്ങളും നിലനില്‍ക്കുമ്പോള്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ഗൗരവമായി കണക്കിലെടുത്തുകൊണ്ടുള്ള സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ കിട്ടുന്നത് ചൂണ്ടിക്കാട്ടി, അവര്‍ കാരണമാണ് തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാത്തത് എന്ന് വാദിക്കുന്ന പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവര്‍ക്കും ജീവിതയോഗ്യമായ സാഹചര്യമുണ്ടാകുക എന്നതാണ് പ്രധാനം. നിലവില്‍ ആ സാഹചര്യം ഇല്ല. അതിന് കാരണം വ്യവസ്ഥിതിയാണ്. അടിസ്ഥാനപരമായ ഇത്തരമൊരു അവസ്ഥയ്‌ക്ക് അറുതിവരുത്താനുള്ള കൂട്ടായ പോരാട്ടമാണ് നടക്കേണ്ടത്. ആ പോരാട്ടത്തില്‍ അണിനിരക്കേണ്ട വിഭാഗങ്ങളെ ഭിന്നിപ്പിക്കുന്നത്, പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സംവരണേതര വിഭാഗത്തില്‍ ഒരു വിഭാഗം പരമദരിദ്രരാണ്. അവര്‍ക്ക് ഒരു സംവരണ ആനുകൂല്യവും ലഭിക്കില്ല. ഇതാണ് 10 ശതമാനം സംവരണം വേണം എന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. കേരളത്തില്‍ 50 ശതമാനം സംവരണം പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും കൂടി നിലനില്‍ക്കുന്നുണ്ട്. ബാക്കിവരുന്ന 50 ശതമാനത്തില്‍ പൊതുവിഭാഗത്തിലെ പാവപ്പെട്ട 10 ശതമാനത്തിന് പ്രത്യേക പരിഗണന നല്‍കുന്ന നിലയാണ് ഇപ്പോള്‍ വരിക. ഇതൊരു കൈത്താങ്ങാണ്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല.

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സംവരണേതര വിഭാഗത്തില്‍പ്പെട്ട പലരും സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടിട്ടുണ്ട്. ഏറ്റവും ദാരിദ്രം അനുഭവിക്കുന്ന ആളുകള്‍ക്കാണ് ഈ സംവരണ ആനുകൂല്യം ലഭിക്കുന്നത്. എല്ലാ വിഭാഗത്തിലെയും പാവപ്പെട്ട ജനവിഭാഗങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകുന്ന നയമാണ് സംവരണത്തിന്റെ കാര്യത്തിലും എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. സംവരണ വിഭാഗങ്ങളും സംവരണേതര വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷമല്ല, യോജിച്ച് നിന്നുകൊണ്ട് സാമൂഹ്യവും സാമ്പത്തികവുമായ അവശതകള്‍ക്കെതിരെയുള്ള പൊതുവായ സമരനിരയാണ് രാജ്യത്ത് ഉയര്‍ന്നുവരേണ്ടത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് അതത് ഇടങ്ങളിലെ സാഹചര്യം അനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ചാണ് റിട്ട.ജഡ്ജി ശശിധരന്‍ നായര്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. അതിന്‍പ്രകാരമാണ് സംവരണേതര 164 വിഭാഗങ്ങളുടെ ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്.

സംവരണത്തെ വൈകാരിക പ്രശ്‌നമാക്കി വളര്‍ത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. തൊഴിലില്ലായ്‌മ ഉള്‍പ്പെടെയുള്ളവ നിലവിലുള്ള മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയുടെയും നവഉദാരവത്കരണ നയത്തിന്റെയും പ്രശ്‌നങ്ങളാണ്. അത് തിരിച്ചറിയാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top