26 April Friday
മാവേലി സ്‌റ്റോറുകളിൽനിന്ന് പലവ്യഞ്ജനം

ക്യാമ്പുകളിൽ അന്നം മുടങ്ങില്ല ; കരുതലോടെ സർക്കാർ ; ദുരിത മേഖലയിൽ 3580 ചാക്ക്‌ അരി എത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
മഴയിലും മണ്ണിടിച്ചിലിലും കിടപ്പാടം നഷ്ടപ്പെട്ടവർക്കും ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ച്‌ സർക്കാർ. കൂടുതൽ ദുരിതബാധിതരുള്ള കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക്‌ ഭക്ഷ്യ പൊതുവിതരണവകുപ്പ്‌ 3580 ചാക്ക്‌ അരി എത്തിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ അരിയും ആവശ്യമുള്ള പലവ്യഞ്‌ജനങ്ങളും നൽകുന്നുണ്ട്‌. വില്ലേജ്‌ ഓഫീസർമാരും തദ്ദേശ സ്ഥാപന അധികൃതരും നൽകുന്ന കണക്കിന്‌ അനുസരിച്ച്‌ സമീപത്തെ മാവേലി സ്‌റ്റോറിൽനിന്നാണ്‌ പലവ്യഞ്ജനങ്ങൾ നൽകുന്നത്‌.

ദുരിതബാധിത പ്രദേശങ്ങളിലെ മാവേലി സ്‌റ്റോറുകളിലും റേഷൻകടകളിലും ആവശ്യത്തിന്‌ ഭക്ഷ്യസാധനങ്ങൾ എത്തിക്കാൻ മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിട്ടുണ്ട്‌. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലെ മാവേലി സ്‌റ്റോർ പാടെ തകർന്നിരുന്നു. ഈ സ്‌റ്റോർ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്‌. വെള്ളിയാഴ്‌ച ഭക്ഷ്യമന്ത്രി ഇവിടം സന്ദർശിക്കും. വൈകിട്ടോടെ പുതിയ മാവേലി സ്‌റ്റോർ സജ്ജമാകും. വെള്ളി രാവിലെ ഒമ്പതുമുതൽ മൊബൈൽ മാവേലി സ്‌റ്റോർ കൂട്ടിക്കൽ മേഖലയിലെത്തും. ദുരിതാശ്വാസക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും പ്രദേശത്തെ മാവേലി, സപ്ലൈകോ വിൽപ്പനശാലകളിൽ ആവശ്യത്തിന്‌ സാധനങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്‌ ഭക്ഷ്യ പൊതുവിതരണവകുപ്പ്‌  അറിയിച്ചു.

ക്യാമ്പുകളില്‍ വാക്‌സിൻ ഉറപ്പാക്കും
മഴക്കെടുതിയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.  ക്യാമ്പുകളിൽ കഴിയുന്നവരിൽ ആദ്യ ഡോസ് എടുക്കാനുള്ളവരുടെയും രണ്ടാം ഡോസ് എടുക്കാൻ കാലാവധി എത്തിയവരുടെയും വിവരങ്ങൾ ശേഖരിച്ചാണ് വാക്‌സിൻ വിതരണം. സ്ഥലസൗകര്യമുള്ള ക്യാമ്പുകളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി വാക്‌സിൻ നൽകും. അല്ലാത്തവർക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ വാക്‌സിൻ എടുക്കാനുള്ള സൗകര്യമൊരുക്കും. മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകളുടെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top