20 April Saturday

ആർബിഐ നിർദേശം; കേന്ദ്രലക്ഷ്യം കേരളത്തിന്റെ സഹകരണമേഖല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിരുവനന്തപുരം > കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ തുടർച്ചയാണ്‌ പ്രാഥമിക സംഘങ്ങൾക്കുള്ള റിസർവ്‌ ബാങ്ക്‌ നിർദേശം.

കേന്ദ്ര സർക്കാർ അപ്പെക്‌സ്‌ കോ ഓപ്‌ ഫിനാൻസ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ എന്നപേരിൽ അപ്പെക്‌സ്‌ ബോഡി രൂപീകരിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തിലായിരുന്നു. നിലവിൽ ആർബിഐ നിയന്ത്രണത്തിലുള്ള അർബൻ ബാങ്കുകളിൽ നിഷ്‌ക്രിയ ആസ്‌തിയുടെ പേരിൽ നടപടി ആരംഭിച്ചിട്ടുണ്ട്‌. ഇവയ്‌ക്കൊപ്പം പ്രാഥമിക സംഘങ്ങളെയും അപ്പെക്‌സ്‌ ബോഡിയുടെ കീഴിലാക്കലാണ്‌ ലക്ഷ്യം. സംസ്ഥാനങ്ങളുമായി ആലോചിക്കാതെയാണ്‌ ഇത്തരം നടപടികൾ. ആദായനികുതി നിയമത്തിൽ കൂട്ടിച്ചേർത്ത 194 എൻ വകുപ്പും സഹകരണസംഘങ്ങളെ തകർക്കാനുള്ളതാണ്‌.

ബാങ്കിങ്‌ അല്ലാത്ത ബിസിനസുള്ള പ്രാഥമിക സംഘങ്ങളിൽനിന്ന്‌‌ ആദായനികുതി ഈടാക്കാനാണ്‌ ശ്രമം. വിഷയത്തിൽ അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ‌. സഹകരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര നയങ്ങളിൽ പുനരാലോചന വേണമെന്ന ആവശ്യം സംസ്ഥാന നിയമസഭ കേന്ദ്രത്തിനുമുന്നിൽ വച്ചിരുന്നു. കേന്ദ്ര ധന, കൃഷി മന്ത്രിമാർക്ക്‌ സംസ്ഥാന സഹകരണ മന്ത്രി നിവേദനവും നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ്‌ ആർബിഐ നടപടി. ഇതിനിടെ, സംസ്ഥാനത്ത്‌ മൾട്ടി സ്‌റ്റേറ്റ്‌ കോ –-ഓപ്പറേറ്റീവ്‌ സൊസൈറ്റി വ്യാപകമായി ശാഖ തുറക്കുന്നതും ഭീഷണിയാണ്‌.

റിസർവ്‌ ബാങ്ക്‌ ആയുധം
ബാങ്കിങ്‌ നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്‌ കേരളത്തിലെ സഹകരണ സംഘങ്ങളെയാണെന്ന്‌ വ്യക്തമാക്കി റിസർവ്‌ ബാങ്കിന്റെ നിർദേശം. "ബാങ്ക്‌'എന്ന്‌ പ്രഥമിക സഹകരണസംഘങ്ങൾ പേരിനൊപ്പം ഉപയോഗിക്കരുതെന്ന മുൻനിർദേശം നടപ്പാക്കാനാണ്‌ ആർബിഐ പറയുന്നത്‌. ബാങ്കർ, ബാങ്കിങ്‌ എന്നതും പാടില്ല. ബാങ്ക്‌ എന്നപേരിലുള്ള പ്രവർത്തനത്തിനും നിയന്ത്രണംവരും. ഇത്‌ സംഘങ്ങളുടെ മതിപ്പ്‌ ഇല്ലാതാകാനും നിക്ഷേപം ഇടിയാനും ഇടയാക്കും. ഇടപാടുകാർക്ക്‌ ചെക്ക്‌ സൗകര്യമടക്കം ഉപയോഗിക്കാനാകില്ല.

നിയമ ഭേദഗതിയിലൂടെ ബാങ്കിങ്‌ നിയന്ത്രണനിയമം ബാങ്കിങ്‌ ലൈസൻസുള്ള സഹകരണ ബാങ്കുകൾക്കും ബാധകമാക്കിയിരുന്നു. ഇതുപ്രകാരം മാനേജിങ്‌ ഡയറക്ടറുടെ  യോഗ്യത, കാലാവധി, ചെയർമാൻ നിയമനം തുടങ്ങിയവ ആർബിഐയുടെ അധികാരമാണ്‌. മാനേജിങ്‌ കമ്മിറ്റിയെ നീക്കാനും ആർബിഐക്കാകും. ഭരണ‌സമിതിക്കെതിരെ നടപടിയെടുക്കാം. സംഘത്തിന്റെ നിയമാവലി റദ്ദാക്കാം.

പുനഃപരിശോധിക്കണം ; തീരുമാനത്തെ ചെറുക്കും: മന്ത്രി
സംസ്ഥാനങ്ങളിലെ സഹകരണമേഖലയ്‌ക്കെതിരെ റിസർവ് ബാങ്ക് പുറപ്പെടുവിച്ച പുതിയ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ ആവശ്യപ്പെട്ടു. തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാരിനും മറ്റ് ഉന്നതാധികാരികൾക്കും നിവേദനം നൽകും.  നിയമപോരാട്ടവും പരിഗണിക്കും. നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ച് തുടർ നടപടി സ്വീകരിക്കും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകും.

സാമൂഹ്യ സാമ്പത്തിക മേഖലയിൽ ഒഴിച്ചുകൂട്ടാനാകാത്ത സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. ഫെഡറൽ തത്വങ്ങൾ  ലംഘിച്ച് ഇടപെടാനുള്ള ശ്രമമാണ്‌. റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞ ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷ ബാങ്കിങ്‌ ലൈസൻസുള്ള സ്ഥാപനങ്ങൾക്കുമാത്രം ബാധകമാണ്. പ്രഥമിക സഹകരണ സംഘങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ഇത് ലഭ്യമല്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top