25 April Thursday

റിപ്പോ നിരക്കിൽ മാറ്റമില്ല ; വായ്‌പ നടുവൊടിക്കും , വായ്പാ​ഗുണഭോക്താക്കൾക്ക്‌ തിരിച്ചടി

ഹർഷാദ്‌ മാളിയേക്കൽUpdated: Saturday Jun 10, 2023


കോഴിക്കോട്
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ  കുറയ്‌ക്കാത്തത്‌ സാധാരണ വായ്പാ​ഗുണഭോക്താക്കൾക്ക്‌ തിരിച്ചടിയാകുന്നു. റിപ്പോ നിരക്ക്‌ 6.5 ശതമാനമായി തുടരാനാണ്‌ അവലോകന യോഗ തീരുമാനം. റിപ്പോ നിരക്ക്‌ മാറിയാലേ ബാങ്ക് വായ്പാപലിശയിലും മാറ്റമുണ്ടാകൂ. 

2022 മെയ് മുതൽ ആറുതവണയായി ആർബിഐ റിപ്പോ നിരക്ക് 2.50 ശതമാനം വർധിപ്പിച്ചിരുന്നു. തുടർന്ന് ദേശസാൽകൃത ബാങ്കുകൾ ഉൾപ്പെടെ അടിസ്ഥാന ഭവനവായ്‌പാ പലിശനിരക്ക് 6.75 ശതമാനത്തിൽനിന്ന്‌ 9.25 വരെ ഉയർത്തി. 20 ലക്ഷം രൂപ ഭവനവായ്പ എടുത്തയാൾക്ക് സാധാരണ നിലയിൽ 20 വർഷത്തേക്ക് 19,350 രൂപയോളമായിരുന്നു പ്രതിമാസ തിരിച്ചടവ് (ഇഎംഐ). ഇത് 24,000 രൂപയായി ഉയരും. ചില ബാങ്കുകൾ ഇഎംഐ തുക ഉയർത്താതെ തിരിച്ചടവ് കാലാവധി കൂട്ടുന്നുമുണ്ട്.  ഉപയോക്താക്കൾ പലരും ഇതറിയുന്നുമില്ല. ഒരു വർഷമായി കൃത്യമായി ഇഎംഐ അടച്ചിട്ടും വായ്‌പത്തുക കുറയാത്തവരുമുണ്ട്.

മികച്ച സിബിൽ സ്കോർ ഉള്ളവർക്കുപോലും ഇപ്പോൾ 8.70 ശതമാനമാണ് ഭവനവായ്പയുടെ അടിസ്ഥാന പലിശനിരക്ക്. ഇത് 9.70 ശതമാനംവരെ ഉയരും. വ്യക്തിഗത വായ്പ അടിസ്ഥാന നിരക്ക് 11.25 മുതൽ 17 ശതമാനംവരെയും വാഹനവായ്പയുടേത് ഫ്ലാറ്റ് നിരക്ക് ഏഴും ഡിമിനിഷിങ് 13 ശതമാനവുമാണ്. ആ​ഗസ്ത് 10നാണ് അടുത്ത പണനയ ​യോ​ഗം. ഇതിൽ റിപ്പോ നിരക്ക് കൂട്ടുകയാണെങ്കിൽ ഭവനവായ്പാ പലിശനിരക്ക് രണ്ടക്കത്തിൽ തൊടും.
റിപ്പോ നിരക്ക് ഉപയോ​ഗിച്ച് വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താമെന്നത് മുതലാളിത്ത സാമ്പത്തിക മാതൃകയാണ്. ഇത്രയും വിഭവ സമ്പത്തുള്ള നമ്മുടെ രാജ്യത്ത് ഇത് പ്രായോ​ഗികമാകില്ലെന്ന് സാമ്പത്തിക വിദ​ഗ്ധന്‍ വി ആര്‍ അനില്‍ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top