26 April Friday

ഭീഷണി ആവർത്തിച്ച്‌ ആർബിഐ; മുന്നറിയിപ്പായി പത്രപരസ്യവും

സ്വന്തം ലേഖകൻUpdated: Sunday Nov 28, 2021

തിരുവനന്തപുരം > സഹകരണ സംഘങ്ങൾക്കെതിരായ നീക്കം കടുപ്പിച്ച്‌ റിസർവ്‌ ബാങ്ക്‌. സഹകരണ സംഘങ്ങൾ, ബാങ്ക്‌ എന്ന വാക്ക്‌ ഉപയോഗിക്കുന്നതിനെതിരായ ജാഗ്രതാ നിർദേശം എന്നപേരിൽ സഹകാരികളെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തി പത്രപരസ്യവും നൽകി.  സഹകരണമേഖല കൈയടക്കാനുള്ള ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും ഗൂഢനീക്കങ്ങളുടെ തുടർച്ചയാണ്‌ ആർബിഐയുടെ നേരിട്ടുള്ള ഇടപെടൽ. സഹകരണ സംഘങ്ങളിലെ ഇടപാടുകാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കലാണ്‌, റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാലിന്റെ പേരിൽ മലയാള പത്രങ്ങളിലുൾപ്പെടെ നൽകിയ പരസ്യം ലക്ഷ്യമിടുന്നത്‌.

ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി നിയമപ്രകാരം  റിസർവ് ബാങ്ക് അനുമതിയില്ലാത്ത സഹകരണ സംഘങ്ങൾക്ക് ബാങ്ക്, ബാങ്കർ, ബാങ്കിങ്‌ എന്നീ വാക്കുകൾ പേരിന്റെ ഭാഗമായി ഉപയോഗിക്കരുതെന്ന സർക്കുലറിലെ നിർദേശം ആവർത്തിച്ചിട്ടുണ്ട്‌.  ഇവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ്‌ ക്രഡിറ്റ് ഗ്യാരന്റി കോർപറേഷന്റെ (ഡിഐസിജിസി) ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന്‌ പരസ്യത്തിലുണ്ട്‌.

കേരളത്തിൽ സഹകരണ നിക്ഷേപ ഗ്യാരന്റി സ്‌കീമുണ്ട്‌. സർക്കാരിന്റെ ഉറച്ച പിന്തുണയും  സംഘങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്‌.  സുപ്രീംകോടതി വിധിയും നിർദേശങ്ങളും മറികടന്നാണ്‌ കേന്ദ്രസർക്കാരിന്‌ വേണ്ടിയുള്ള ആർബിഐയുടെ വഴിവിട്ട നീക്കം.  ഇതിനെ നിയമപരമായും രാഷ്‌ട്രീയമായും ചെറുക്കുമെന്ന്‌ കേരളം വ്യക്തമാക്കിയിട്ടുണ്ട്‌. നിയമനടപടികളിലേക്കും നീങ്ങുകയാണ്‌.  ബാങ്കിങ്‌ നിയന്ത്രണ ഭേദഗതി നിയമത്തിൽ സുപ്രീംകോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ്‌  റിസർവ്‌ ബാങ്കിന്റെ ശ്രമം.  സംസ്ഥാന വിഷയമായ സഹകരണമേഖലയെ തകർക്കാൻ വർഷങ്ങളായി ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്‌.  സുപ്രീംകോടതിയിൽനിന്നും തിരിച്ചടി നേരിട്ടതോടെ കേന്ദ്രം ആർബിഐയിലൂടെ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാൻ ശ്രമിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top