20 April Saturday

കേന്ദ്രം വിഹിതം വെട്ടി; 
അരിയില്ലാതെ പ്രതിസന്ധി

സ്വന്തം ലേഖികUpdated: Saturday Jan 21, 2023

മലപ്പുറം > റേഷൻ കടകളിലൂടെയുള്ള പുഴുക്കലരി  (അരി) വിതരണം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതോടെ ജനങ്ങൾ പ്രതിസന്ധിയിൽ. കഴിഞ്ഞ അഞ്ചുമാസമായി റേഷൻകടകളിൽ ഗോതമ്പും പച്ചരിയുംമാത്രമാണ്‌ വിതരണത്തിനെത്തുന്നത്‌. സംസ്ഥാനത്തിനുള്ള വിഹിതം 70ൽനിന്ന്‌ 30 ശതമാനമാക്കിയാണ്‌ കേന്ദ്രം കുറച്ചത്‌. പകരം പച്ചരി 70 ശതമാനമാക്കി ഉയർത്തി. ഇതോടെ  വിതരണംചെയ്യാൻ  ഗോഡൗണുകളിൽ എത്തുന്നത്‌ പച്ചരിയാണ്‌.

അരി വിതരണം കുറഞ്ഞതോടെ റേഷൻ സംവിധാനത്തെ ആശ്രയിച്ചുകഴിയുന്ന സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലാണ്‌. സാധാരണഗതിയിൽ  മഞ്ഞ കാർഡുകാർക്ക്‌ (അന്ത്യോദയ അന്നയോജന) 30 കിലോ അരിയും നാലുകിലോ ഗോതമ്പും ലഭിച്ചിരുന്നു. ഇതിൽ പുഴുക്കലരി –15-, മട്ട–-5, പച്ചരി–-10 എന്നിങ്ങനെയാണ്‌ ലഭിച്ചിരുന്നത്‌. എന്നാൽ,  മാസങ്ങളായി ഈ സംവിധാനം നിലച്ചിട്ട്‌. 

ജില്ലയിൽ 10,27,528 കാർഡുടമകളാണുള്ളത്‌. 46 ലക്ഷം അംഗങ്ങളുമുണ്ട്‌. ജില്ലയിലെ പ്രതിമാസ റേഷൻ വിതരണത്തിനായി ഗോതമ്പ്‌, പച്ചരി, പുഴുക്കലരി  ഉൾപ്പെടെ 16,000 ടൺ റേഷൻ വിഹിതം ആവശ്യമുണ്ട്‌. ഇതിൽ 2000 ടൺ ഗോതമ്പാണ്‌. ബാക്കി 14,000 ടൺ പച്ചരിയും പുഴുക്കലരിയുമാണ്‌. 50 ശതമാനംവീതമാണ്‌ പച്ചരിയും പുഴുക്കലരിയും വിതരണത്തിന്‌ എത്തേണ്ടത്‌. എന്നാൽ മാസങ്ങളേറെയായി പച്ചരിമാത്രമാണ്‌ റേഷൻ വിഹിതമായി വിതരണത്തിന്‌ എത്തുന്നത്‌.

ആശ്വാസമേകാൻ മാവേലിയും 
സപ്ലൈകോയും

‘അരി’യിൽ ജനങ്ങൾക്ക്‌ ആശ്വാസംപകർന്ന്‌ മാവേലിയും സപ്ലൈകോയും.  മാവേലി, സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽനിന്ന്‌ സബ്‌സിഡിയോടെ  അരി ലഭ്യമാക്കുന്നുണ്ട്‌. കുറുവ –- 25 രൂപ (കിലോ), മട്ട –- 24 രൂപ (കിലോ), ജയ 25 രൂപ (കിലോ) എന്നിങ്ങനെയാണ്‌ വില. ഒരു കാർഡിൽ രണ്ടുതവണയായി (ഒരുമാസം) 10 കിലോ അരി ലഭിക്കും. നിലവിൽ മാവേലി സ്‌റ്റോറുകളിൽ വൻ തിരക്കാണ്‌. സ്റ്റോക്ക്‌ വന്ന്‌ മൂന്നുദിവസത്തിനുള്ളിൽതന്നെ സാധനങ്ങൾ കഴിയുന്ന സ്ഥിതിയാണെന്നും ആലത്തൂർപടി  മാവേലി സ്റ്റോർ മാനേജർ കെ മുഹമ്മദ്‌ റഫീഖ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top