25 April Thursday

വിലക്കയറ്റം പിടിച്ചുനിർത്തിയതിൽ 
കേരളം രാജ്യത്തിന്‌ മാതൃക: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം അയ്യൻ‌കാളി ഹാളിൽ നഗരൂർ സ്വദേശി സുജാതയ്ക്ക് റേഷൻകാർഡ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.


തിരുവനന്തപുരം
വിലക്കയറ്റം പിടിച്ചുനിർത്തിയതിൽ കേരളം രാജ്യത്തിന്‌ മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വിലക്കയറ്റം രാജ്യത്താകെ സംഭവിക്കുമ്പോൾ ജനങ്ങളെ കൈയൊഴിയാത്ത സമീപനമാണ്‌ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ എഎവൈ, പിഎച്ച്എച്ച് പട്ടിക പ്രകാരമുള്ള ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മൊത്ത വിലസൂചിക മൂന്നു ദശാബ്ദത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്‌. ഭക്ഷ്യ വിലസൂചിക 17 മാസത്തെയും ധാന്യവില സൂചിക 21 മാസത്തെയും  ഉയർന്ന നിലയിലാണ്‌. ദേശീയ സാഹചര്യം ഇതായിരിക്കെ വിലക്കയറ്റം പിടിച്ചുനിർത്തുകയെന്നത്‌ പ്രധാന കർത്തവ്യമായികണ്ട്‌ വലിയ ഇടപെടൽ കേരളം നടത്തി. സംസ്ഥാനത്തെ വിലക്കയറ്റ സൂചിക 5.1 ശതമാനം മാത്രമാണ്. 

എല്ലാ വിഭാഗങ്ങൾക്കും ഭക്ഷ്യധാന്യം നൽകാൻ കേരളത്തിനുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്ന്‌ സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാനത്തിനു നൽകിവരുന്ന 6459 മെട്രിക് ടൺ ഗോതമ്പും നിർത്തലാക്കി. മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട 50 ലക്ഷം കാർഡുടമകൾക്ക് ഇതുമൂലം ഗോതമ്പ് ലഭിക്കാത്ത സാഹചര്യമാണ്. പൊതുവിതരണസംവിധാനങ്ങളിൽനിന്നു പിൻവാങ്ങുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിന്റെ ഭാഗമായാണിത്. ഇതിനുള്ള ബദലാണ്‌ കേരളത്തിലെ സർക്കാർ അവതരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷംകൊണ്ട് 9,702 കോടി രൂപ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ചെലവഴിച്ചു. ഇത്തവണത്തെ ബജറ്റിൽ പൊതുവിതരണത്തിന്‌ 2063 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് 2,53,999 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്‌തതായി ചടങ്ങിൽ അധ്യക്ഷനായ  ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ പി കെ രാജു, കൗൺസിലർ പാളയം രാജൻ, ഭക്ഷ്യ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി സജിത് ബാബു എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top