01 December Friday

കോട്ടയം മെഡിക്കല്‍ കോളേജില്‍ അപൂര്‍വ ശസ്‌ത്രക്രിയ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 5, 2022

കോട്ടയം> സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി കീഴ്‌താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍- ഡെന്റല്‍ കോളജിലെ ഓറല്‍ ആൻഡ് മാക്‌‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കല്‍ കോളേജില്‍ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കീഴ്‌താടിയെല്ലിലെ ട്യൂമര്‍ കാരണം, കീഴ്‌താടിയെല്ലും അതിനു അനുബന്ധിച്ചുള്ള സന്ധിയും ശസ്‌ത്രക്രിയ വഴി നീക്കം ചെയ്‌ത് പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്‌തത്. ട്യൂമര്‍ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാല്‍ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബില്‍ സിടി സ്‌കാന്‍ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആര്‍ട്ടിഫിഷ്യല്‍ സന്ധിയുണ്ടാക്കി ശസ്‌ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്.

മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവര്‍ത്തനവും സാധ്യമാകുന്ന ഞെരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്‌ത്രക്രിയയുടെ സങ്കീര്‍ണതയാണ്. എന്നാല്‍ യാതൊരു പാര്‍ശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. കഴിഞ്ഞ ബുധനാഴ്‌ച നടന്ന ശസ്‌ത്രക്രിയ ഏഴു മണിക്കൂര്‍ നീണ്ടു നിന്നു. ഒഎംഎഫ്എസ് മേധാവി ഡോ. എസ് മോഹന്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ. ശാന്തി, ഡോ. ഷീല വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഡോ. ദീപ്‌തി സൈമണ്‍, ഡോ. ബോബി ജോണ്‍, ഡോ. പി.ജി. ആന്റണി, ഡോ. ജോര്‍ജ് ഫിലിപ്പ്, നഴ്‌‌സുമാര്‍ എന്നിവര്‍ ശസ്‌ത്രക്രിയയില്‍ പങ്കാളികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top