29 March Friday

വിജയ് ബാബു ജോർജിയയിലേയ്‌ക്ക്‌ കടന്നു?; പ്രതികളെ കൈമാറ്റം ചെയ്യാൻ കരാറില്ലാത്ത രാജ്യം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

കൊച്ചി > പുതുമുഖ നടിയെ ബലാത്സം​ഗം ചെയ്‌ത കേസിൽ സിനിമാനിർമാതാവും നടനുമായ വിജയ് ബാബു ജോർജിയയിലേയ്‌ക്ക്‌ കടന്നതായി സൂചന. പ്രതികളെ കൈമാറ്റം ചെയ്യാൻ കരാറില്ലാത്ത രാജ്യത്തേക്ക് ഇയാൾ കടക്കാൻ ശ്രമിക്കുന്നതായി പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാർ ഇല്ലാത്ത രാജ്യമാണ് ജോർജിയ. കഴിഞ്ഞ ദിവസം വിജയ്‌ബാബുവിന്റെ പാസ്പോർട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതിനു മുമ്പ്‌ ഇയാൾ ദുബായിൽ നിന്ന്‌ ജോർജിയയിലേയ്‌ക്ക്‌ കടന്നതായാണ്‌ ലഭിച്ച വിവരം. സിറ്റി പൊലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് പാസ്‌പോർട്ട്‌ റദ്ദാക്കിയത്‌.

വിജയ്‌ ബാബു 24നകം തിരിച്ചെത്തിയില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു മാധ്യമങ്ങളോട്‌ പറഞ്ഞു. പാസ്പോർട്ട് റദ്ദായതോടെ ഈ പാസ്പോർട്ടിൽ ഇഷ്യൂ ചെയ്ത വിസകളെല്ലാം റദ്ദാകും. എന്നാൽ, ഇക്കാര്യം അതത് രാജ്യത്തെ എംബസികളെ അറിയിക്കണം. വിദേശകാര്യ മന്ത്രാലയം വഴി വെള്ളിയാഴ്‌ച ഇത്‌ അറിയിച്ചുവെന്നും സി എച്ച് നാഗരാജു പറഞ്ഞു. ജോർജിയയിലെ എംബസിയെ ഉടൻ പൊലീസ്‌ വിവരമറിയിക്കും. യാത്രാ രേഖകൾ റദ്ദായ സാഹചര്യത്തിൽ വിജയ ബാബുവിന് മറ്റ് രാജ്യങ്ങളിലേക്ക് പോകാനാകില്ല. വിജയ്‌ ബാബു 19ന്‌ എത്താമെന്ന്‌ പൊലീസിനെ അറിയിച്ചിരുന്നതെങ്കിലും അത് പാലിച്ചില്ല. 24ന്‌ എത്താമെന്നാണ് പാസ്പോർട്ട് ഓഫീസറെ അറിയിച്ചത്.

അതുവരെ കാത്തിരിക്കുകയാണെന്നും അതിനു ശേഷം റെഡ് കോർണർ നോട്ടീസ് ഇറക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമീഷണർ വ്യക്തമാക്കി. വിജയ ബാബു ബിസിനസ് ടൂറിലാണെന്നാണ് പൊലീസിനെ അറിയിച്ചത്. യുഎഇ പോലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും കമീഷണർ പറഞ്ഞു. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് വിജയ് ബാബു നാടുവിട്ടത്. കേസിൽ പ്രതിയായശേഷമാണ്‌ താൻ ദുബായിലാണെന്ന് പ്രഖ്യാപിച്ചത്. അതിനിടെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top