27 March Monday

കുട്ടികളോട്‌ ലൈംഗിക അതിക്രമം:67 കാരനായ സ്‌കൂൾ ബസ്‌ ഡ്രൈവർക്ക്‌ 15 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

പാലക്കാട്‌
സ്‌കൂൾ ബസിൽ യാത്ര ചെയ്തിരുന്ന കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ 67 കാരനായ പ്രതിയ്‌ക്ക്‌ മൂന്നു കേസിലായി 15 വർഷം കഠിന തടവും 75,000 രൂപ വീതം പിഴയും ശിക്ഷ. കുഴൽമന്ദം പെരിങ്കുന്നം മൂച്ചി വീട്ടിൽ സുന്ദരനെയാണ്‌ (67) പാലക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഓരോ കേസിലും 9 മാസം വീതം അധിക കഠിന തടവ് അനുഭവിക്കണം. 2017 ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് വിവിധ ദിവസങ്ങളിൽ സ്കൂൾ ബസിൽ യാത്ര ചെയ്തിരുന്ന മൂന്ന്‌, നാല്‌ ക്ലാസുകളിൽ പഠിക്കുന്ന നാല്‌ പെൺകുട്ടികളോട് ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയത്‌.

കുഴൽമന്ദം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകൾ   ഡിവൈഎസ്‌പിമാരായ പി ശശികുമാർ, എസ് ഷംസുദ്ദീൻ, വി എ കൃഷ്ണദാസ് എന്നിവർ അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചു. നാല്‌ കേസുകളിൽ ഒരു കേസിൽ  നേരത്തേ അഞ്ചു വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ബാക്കി മൂന്നുകേസിലാണ്‌ വെള്ളിയാഴ്‌ച വിധി പറഞ്ഞത്. ഓരോ കേസിലും അഞ്ചുവർഷം വീതം തടവ് അനുഭവിക്കണം. ഓരോ കേസിലെയും പിഴത്തുക  അതാത്‌ കേസിലെ അതിജീവിതകൾക്ക് നൽകണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top