29 March Friday

‘അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്. തിരിച്ച് വീട്ടിൽ പോകാമെന്ന് കരുതിയില്ല’ ; കോവിഡിൽനിന്ന്‌ ജീവിതത്തിലേക്ക്‌

ഏബ്രഹാം തടിയൂർUpdated: Tuesday Mar 31, 2020


പത്തനംതിട്ട
ആശുപത്രി കിടക്കയിൽനിന്നല്ല, മരണമുഖത്തുനിന്നായിരുന്നു അവർ ഇറങ്ങിവന്നത്‌. 24 ദിവസത്തിനുശേഷം സൂര്യവെളിച്ചത്തിലേക്ക്‌ ഇറങ്ങിയപ്പോൾ അവർ പൊട്ടിക്കരഞ്ഞ്‌ തൊഴുകൈകളോടെ നിന്നു. ‘അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്. തിരിച്ച് വീട്ടിൽ പോകാമെന്ന് കരുതിയില്ല’.  ഓമന പറഞ്ഞു.  വാക്കുകളിൽ പുനർജന്മംകിട്ടിയ ആഹ്ലാദം. പത്തനംതിട്ട ജനറൽ ആശുപത്രി എ ബ്ലോക്കിലെ ഐസെലേഷൻ വാർഡിൽനിന്ന് അഞ്ചു പേരും പുറത്തേക്കിറങ്ങുമ്പോൾ ചികിത്സിച്ച ഡോക്ടർമാരും നേഴ്സുമാരും ജീവനക്കാരും എത്തി. കോവിഡ്‐ 19  ഭേദമായ റാന്നി ഐത്തലയിലെ അഞ്ചംഗ കുടുംബത്തിനുള്ള യാത്രയയപ്പ്  വികാരനിർഭരമായിരുന്നു. ജീവനക്കാർ മധുരം നൽകി.

എല്ലാവരോടും നന്ദി പറയുന്നു, എനിക്കിതേപ്പറ്റി കൂടുതൽ അറിവില്ലായിരുന്നു' റിജോ പറഞ്ഞു. ‘രോഗം സ്ഥിരീകരിച്ചപ്പോൾ മരണ ഭയമായിരുന്നു. എന്നാൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകളാണ്  ധൈര്യം പകർന്നത്. ആത്മാർഥവും സ്നേഹപൂർവവുമായ പരിചരണം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തി. ആരോഗ്യ മന്ത്രി കെ കെ ശൈലജ, ഡോക്ടർമാർ, നേഴ്സുമാർ എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയുണ്ട്. മറ്റു രാജ്യത്ത്‌ കാണാത്ത കരുതലാണ് കേരളത്തിൽ –- റിജോ പറഞ്ഞു.

അഞ്ചു പേരും 14 ദിവസം കൂടി  ഹോം ക്വാറന്റൈയ്നിൽ കഴിയാൻ ആർഎംഒ ഡോ. ആശിശ് മോഹൻ നിർദേശിച്ചു. വീട്ടിനുള്ളിൽ കഴിയണം.  സ്രവം വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഫെബ്രുവരി 29നാണ് പട്ടയിൽ മോൻസി –- രമണി ദമ്പതികളും മകൻ റിജോയും ഇറ്റലിയിൽനിന്ന്‌ നാട്ടിലെത്തിയത്. പനിയെ തുടർന്ന് മോൻസിയുടെ സഹോദരൻ ജോസിനെയും ഭാര്യ ഓമനയേയും റാന്നി താലുക്ക് ആശുപത്രിയിലെ ഡോ. ആനന്ദും ഡോ. ശംഭുവും പരിശോധിച്ചതോടെയാണ്  രോഗലക്ഷണം കണ്ടത്. മാർച്ച് ആറിന് എല്ലാവരെയും ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കളായ ഏബ്രഹാമും മേരിയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top