തിരുവനന്തപുരം
കോൺഗ്രസ് നേതൃത്വത്തിൽനിന്ന് നിരന്തരം ഏൽക്കേണ്ടിവരുന്ന അവഗണനയിലും പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായതിലുമുള്ള പ്രതിഷേധം സമൂഹമാധ്യമത്തിൽ പരസ്യമാക്കി രമേശ് ചെന്നിത്തല. ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഭൂരിപക്ഷം എംഎൽഎമാരും ചെന്നിത്തലയെയാണ് പിന്തുണച്ചതെന്ന വെളിപ്പെടുത്തലിനെ ആധാരമാക്കിയുള്ള ചാനൽ വാർത്തയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും വാർത്ത ആയതോടെ ഇത് പിൻവലിച്ചു.
വി ഡി സതീശനും കെ സുധാകരനും തമ്മിൽ വർത്താസമ്മേളനത്തിലുണ്ടായ ‘മൈക്ക് പിടിവലി’ വൈറലായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. തന്നെ വെട്ടി പ്രതിപക്ഷ നേതാവായ സതീശനെതിരായ വികാരംകൂടിയാണ് പ്രകടിപ്പിച്ചത്. ഉമ്മൻചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യിലാണ് ചെന്നിത്തലയെ ഭൂരിഭാഗം എംഎൽഎമാർ പിന്തുണച്ചിരുന്നതായും ഹൈക്കമാൻഡിന്റെ താൽപ്പര്യമാണ് സതീശനെ തുണച്ചതെന്നുമുള്ള വെളിപ്പെടുത്തലുള്ളത്. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ഇതുള്ളത്. ‘മല്ലികാർജുൻ ഖാർഗെയെ കണ്ടശേഷം ഞങ്ങൾ രമേശിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. 21 എംഎൽഎമാരിൽ ഭൂരിപക്ഷവും രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ, ഹൈക്കമാൻഡിന്റെ മനോഗതം വേറെയായിരുന്നു എന്ന് വ്യക്തമാക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ താൽപ്പര്യം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിൽ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിപ്പിക്കാമായിരുന്നു’.
ഉമ്മൻചാണ്ടിയുടെ വാക്കുകൾ ചെന്നിത്തലയ്‌ക്ക് സതീശനെതിരായ നല്ല വടിയാണ്. വാർത്താസമ്മേളനത്തിൽ സുധാകരനോട് സതീശൻ മോശമായി പെരുമാറിയെന്ന പൊതുവികാരം പാർടിക്കുള്ളിലും പൊതുസമൂഹത്തിലുമുണ്ട്. വീണിടത്ത് ഉരുളുന്ന സതീശനെ അടിക്കാൻ ഇതിലും നല്ലൊരു സമയം കിട്ടില്ലെന്നും മനസ്സിലാക്കിയാണ് ചെന്നിത്തലയുടെ ഒളിയമ്പ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..