26 April Friday
ബാർമുതലാളിമാർ പിരിച്ചത്‌ 27.79 കോടി കോഴ

ചെന്നിത്തല കോഴവാങ്ങിയെന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ​ഗവര്‍ണറുടെ അനുമതി വേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


ബാറുടമകളിൽനിന്ന്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണ്ടെന്ന്‌ സർക്കാരിന്‌ നിയമോപദേശം ലഭിച്ചു. ഇടപാട് നടന്നതായി കരുതന്ന സമയത്ത് ചെന്നിത്തല എംഎൽഎ മാത്രമായിരുന്നതിനാല്‍ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതിമാത്രംമതി. ബാർ ലൈസൻസ്‌ ഫീസ്‌ വർധിപ്പിക്കാതിരിക്കാൻ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിയും മുൻ എക്‌സൈസ്‌ മന്ത്രി കെ ബാബുവിന്‌ 50 ലക്ഷവും ആരോഗ്യമന്ത്രിയായിരുന്ന വി എസ്‌ ശിവകുമാറിന്‌ 25 ലക്ഷവും നൽകിയെന്നാണ് ബിജുരമേശിന്റെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച്‌ ലഭിച്ച പരാതിയിൽ വിജിലൻസ്‌ രഹസ്യാന്വേഷണം നടത്തി പ്രാഥമിക അന്വേഷണത്തിന്‌ റിപ്പോർട്ട്‌ നൽകി. ഇതിന്റെ ഭാഗമായാണ്‌ ഗവർണറുടെയും സ്‌പീക്കറുടെയും അനുമതി തേടാൻ തീരുമാനിച്ചത്‌. കെ ബാബുവും വി എസ്‌ ശിവകുമാറും ഇടപാട് വേളയില്‍  മന്ത്രിമാരായതിനാൽ ഗവർണറുടെ അനുമതി വേണം.

ബാർമുതലാളിമാർ പിരിച്ചത്‌ 27.79 കോടി കോഴ
യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ കോഴപ്പണമായി കേരള ബാർ ഹോട്ടൽ അസോസിയേഷൻ (കെബിഎച്ച്‌എ) പിരിച്ചത്‌ 27.79 കോടിരൂപയെന്ന്‌ വിജിലൻസ്‌. മുന്‍മന്ത്രി കെ ബാബുവിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. 2015 ജൂൺ ആറിന്‌ വിജിലൻസ്‌ എറണാകുളം യൂണിറ്റ്‌ ഡിവൈഎസ്‌പി എം എൻ രമേശാണ്‌ മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌.  പണം പിരിച്ചതിന് വ്യക്തമായ വിവരം ലഭിച്ചിട്ടും ബാബുവലിനെ വെള്ളപൂശി നൽകിയ റിപ്പോർട്ട്‌ അന്ന്‌ വിവാദമായിരുന്നു.

യുഡിഎഫ്‌ സർക്കാരിന്റെ ആദ്യ മൂന്ന്‌ സാമ്പത്തിക വർഷം‌ 27, 79,89,098  രൂപ പിരിച്ചതായി കെബിഎച്ച്‌എയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. അസോസിയേഷൻ ജില്ലാ സെക്രട്ടറിമാരും പണം പിരിച്ചതായി മൊഴി നൽകി. ഇതിൽ പത്ത്‌ കോടിരൂപ 2013ലാണ്‌ പിരിച്ചത്‌. ഈ തുകയാണ്‌ മന്ത്രിമാർക്കും കോൺഗ്രസ്‌ നേതാക്കൾക്കും നൽകിയത്‌.
ഒരു കോടിരൂപ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നൽകിയതായി കെബിഎച്ച്‌എ വർക്കിങ്‌ പ്രസിഡന്റായിരുന്ന ബിജു രമേശ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയും ചെയ്‌തു. ബാക്കി തുക ഏതെല്ലാം നിലയ്‌ക്ക്‌ ചെലവഴിച്ചുവെന്ന്‌ വ്യക്തമല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top