13 September Saturday

അമ്പൂരി രാഖി വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

അഖിൽ ആർ നായർ, രാഹുൽ ആർ നായർ, ആദർശ് നായർ

തിരുവനന്തപുരം > അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 3 പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്.

അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖിൽ, ജ്യേഷ്ഠ സഹോദരൻ രാഹുൽ, ഇവരുടെ സുഹൃത്ത് ആദർശ് എന്നിവരാണ് കേസിലെ പ്രതികൾ. മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ. 2019 ജൂൺ 21നാണ് രാഖി കൊല്ലപ്പെടുന്നത്.


സൈന്യത്തിൽ ഡ്രൈവറായിരുന്ന അഖിൽ കളമശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ രാഖിയെ മിസ്‌ഡ്‌കോൾ വഴിയാണ്‌ പരിചയപ്പെട്ടത്‌. തുടർന്ന്‌ പ്രണയത്തിലാവുകയും വിവാഹവാഗ്‌ദാനം നൽകുകയും ചെയ്‌തിരുന്നു. അതിനിടെ അന്തിയൂർക്കോണം സ്വദേശിനിയുമായി വിവാഹം നിശ്ചയിച്ച അഖിൽ ഇതിന്റെ ചിത്രങ്ങൾ ഫെയ്‌സ്‌ബുക്കിലിട്ടു. ഇതറിഞ്ഞ രാഖി വിവാഹം മുടക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതക കാരണം. പ്രോസിക്യൂഷൻ 94 സാക്ഷികളെ  വിസ്തരിച്ചു. 92 തൊണ്ടിമുതലും 178 രേഖകളും ഹാജരാക്കി.

രാഖിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.2019 ജൂലൈ 24-ന് മൂന്നാം പ്രതി ആദർശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 25-ന് രാഹുലിനെയും 29-ന് അഖിലിനെയും പൊലീസ് പിടികൂടി.

കൊലപാതകം നടത്തിയത്‌ അതിക്രൂരമായി

രാഖി വധക്കേസിൽ പ്രതികൾ കൊലപാതകം നടത്തിയത്‌ അതിക്രൂരമായി. 2019 ജൂൺ 21നാണ്‌ കേസിനാസ്പദമായ സംഭവം. കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയശേഷം രാഖിയുടെ മൃതദേഹം നഗ്നമാക്കി ഉപ്പുവിതറിയാണ്‌ കുഴിച്ചിട്ടത്‌. തിരിച്ചറിയാതിരിക്കാൻ കുഴിമാടത്തിനു മുകളിൽ കമുകിൻതൈയും നട്ടു.

സംഭവദിവസം രാഖിയെ പൂവാറിലെ വീട്ടിൽനിന്ന്‌ അഖിൽ നെയ്യാറ്റിൻകരയിലെ ബസ്‌സ്റ്റാൻഡിലേക്ക്‌ വിളിച്ചുവരുത്തി. അമ്പൂരിയിലുള്ള തന്റെ പുതിയ വീട് കാണിക്കാമെന്ന്‌ വിശ്വസിപ്പിച്ച്‌ കാറിൽ കയറ്റി. അമ്പൂരിയിൽനിന്ന്‌ രാഹുൽ, ആദർശ് എന്നിവരും കാറിൽ കയറി. രാഹുലാണ്‌ കാറോടിച്ചത്‌. തട്ടാൻമുക്ക്‌ ഭാഗത്തേക്കുള്ള യാത്രയ്‌ക്കിടെ മുൻസീറ്റിൽ ഇരുന്ന രാഖിയെ പിന്നിലിരുന്ന അഖിൽ സീറ്റ് ബെൽറ്റുപയോഗിച്ച് കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

 മൃതദേഹം മൂവരും ചേർന്ന്‌ തട്ടാൻമുക്കിലെ പുതിയ വീടിനു പിന്നിൽ കുഴിച്ചിട്ടു. മൃതശരീരത്തിൽ ഉപ്പ്‌ വിതറിയാണ്‌ കുഴിച്ചുമൂടിയത്‌. തുടർന്ന് അഖിൽ ജോലിസ്ഥലമായ ലഡാക്കിലേക്കും ആദർശും രാഹുലും ഗുരുവായൂരിലേക്കും പോയി. മകളെ കാണാനില്ലെന്ന് രാഖിയുടെ അച്ഛൻ രാജൻ പൂവാർ പൊലീസിൽ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടന്നത്‌.

കസ്റ്റഡിയിലായ ആദർശിന്റെ കുറ്റസമ്മത മൊഴിയിലാണ് അഖിലും രാഹുലും പിടിയിലായത്‌. രാഖിയുടെ മൃതശരീരം അഖിലിന്റെ വീട്ടുവളപ്പിൽനിന്ന്‌ കണ്ടെടുക്കുകയും ചെയ്‌തിരുന്നു.

 

 


 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top