25 April Thursday

ജോൺ ബ്രിട്ടാസ് എം പിയ്‌ക്ക് ഡോക്‌ടറേറ്റ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കൊച്ചി> രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനും കൈരളി ടിവി എംഡിയുമായ ജോൺ ബ്രിട്ടാസിന് ഡോക്‌ടറേറ്റ്. 'ഇന്ത്യൻ അച്ചടി മാധ്യമങ്ങളിൽ ആഗോളീകരണത്തിന്റെ സ്വാധീനം' എന്ന വിഷയത്തിൽ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) നിന്നാണ് അദ്ദേഹം ഡോക്‌ടറേറ്റ് നേടിയത്. ജെഎൻയുവിൽ സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസിൽ മുൻപ് എംഫിൽ ഗവേഷണ വിദ്യാർത്ഥി ആയിരുന്നു ജോൺ ബ്രിട്ടാസ്. അന്ന് ഗവേഷണം പൂർത്തിയാക്കിയിരുന്നുവെങ്കിലും ഗൈഡിന്റെ നിര്യാണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ പ്രബന്ധം സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

രാജ്യസഭാംഗമായി ഡൽഹിയിൽ തിരിച്ചെത്തിയ ശേഷമാണ് പ്രബന്ധം പൂർത്തിയാക്കി സമർപ്പിച്ചത്. വ്യാഴാഴ്ചയാണ് ജോൺ ബ്രിട്ടാസ് എംപിക്ക് ഡോക്ടറേറ്റ് നൽകിക്കൊണ്ടുള്ള ജെഎൻയുവിന്റെ വിജ്ഞാപനം പുറത്ത് വന്നത്. ഡോക്‌ടർ കിരൺ സക്‌സേന, ഡോക്ടർ വി ബിജുകുമാർ എന്നിവരുടെ കീഴിലായിരുന്നു ഗവേഷണം.തൊണ്ണൂറുകളിലാരംഭിച്ച ആഗോളവത്കരണം ഇന്ത്യൻ അച്ചടി മാധ്യങ്ങളുടെ സ്വഭാവത്തിൽ വരുത്തിയ മാറ്റത്തിന്റെ സ്വാധീന ഫലങ്ങളെ കുറിച്ചുള്ളതാണ് ഗവേഷണം.

കണ്ണൂർ സ്വദേശിയായ ജോൺ ബ്രിട്ടാസ് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളേജിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും തൃശ്ശർ കേരളവർമ്മ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ദേശാഭിമാനിയിലായിരുന്നു മാധ്യമജീവിതത്തിന്റെ തുടക്കം. ഒരു വ്യാഴവട്ടക്കാലം അച്ചടിമേഖലയിൽ പ്രവർത്തിച്ച ശേഷമാണ് ദൃശ്യമാധ്യമരംഗത്തേക്ക് തിരിയുന്നത്.

കൈരളിയുടെ ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ച ബ്രിട്ടാസ് 2003 സെപ്‌റ്റംബർ 11നാണ് കൈരളി ടിവി മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത്. അക്കാലത്ത് മാധ്യമ മാനേജ്മെന്റ് തലപ്പത്ത് എത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു ബ്രിട്ടാസ്. രണ്ടു വർഷക്കാലം ഏഷ്യാനെറ്റ് ചാനൽ ഹെഡ് ആയി പ്രവർത്തിച്ച ശേഷം 2013ൽ ഒരിക്കൽ കൂടി കൈരളിയുടെ മാനേജിങ് ഡയറക്‌ടറായി നിയമിതനായി. കൈരള‍ി ടി വിയുടെ ചീഫ് എഡിറ്റർ കൂടിയായ ജോൺ ബ്രിട്ടാസ് കേരള മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്‌ടാവായിരുന്നു.

നിരവധി സംവാദ പരിപാടികൾക്ക് നായകത്വം വഹിച്ച ബ്രിട്ടാസ്, അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്കാരത്തിനർഹനായി. അക്കാദമിക് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് “മാധ്യമ രംഗത്തെ ആഗോളവൽക്കരണ”ത്തെക്കുറിച്ചുള്ള പഠനത്തിന് ബാംഗ്ലൂരിലെ ജേണലിസം എഡ്യുക്കേഷൻ ഫൗണ്ടേഷൻ ഫെല്ലോഷിപ്പ് നൽകിയിരുന്നു. ഇറാക്ക്- അമേരിക്ക യുദ്ധക്കാലത്ത് ബാഗ്ദാദിൽ നിന്നും റിപ്പോർട്ട് ചെയ്‌തത് ശ്രദ്ധേയമായ മാധ്യമ ചുവടുവയ്പ്പായിരുന്നു. യുദ്ധപശ്ചാത്തലത്തിൽ ബാഗ്ദാദിന്റെ മണ്ണിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ മാധ്യമപ്രവർത്തകൻ എന്ന പദവിയും ജോൺ ബ്രിട്ടാസിനുള്ളതാണ്. പ്രധാനമന്ത്രിയുടെ മാധ്യമ സംഘത്തിൽ അംഗമായിക്കൊണ്ട് അമേരിക്ക, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top