20 April Saturday

സര്‍ക്കാര്‍ കൈത്താങ്ങായി; പട്ടികവിഭാഗത്തിലെ അഞ്ചുപേര്‍ പൈലറ്റാകുന്നു; മന്ത്രിയെ കണ്ട് നന്ദിപറയാനെത്തി വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

തിരുവനനന്തപുരം > അതിരുകളില്ലാത്ത ആകാശത്തേക്ക് പറക്കാനൊരുങ്ങുകയാണ് അവര്‍. കരുതലായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പം നിന്നപ്പോള്‍ അവരുടെ സ്വപ്‌നത്തിലേക്ക് ചിറക് വിരിഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള അഞ്ചുപേരാണ് പൈലറ്റാകാന്‍ തയ്യാറെടുക്കുന്നത്. വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവരാണ് പുതിയ ലോകത്തിലേക്ക് ചുവടുവെക്കുന്നത്. പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ നേരില്‍ കണ്ട് സന്തോഷം പങ്കുവെക്കാനും നന്ദി പറയാനും അഞ്ചുപേരും എത്തി.

തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ  ചെലവുകള്‍ക്കായി  23 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നല്‍കി. വരും വര്‍ഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍പ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.' വിങ്ങ്‌സ് 'എന്നു പേരിട്ട്  ഒരു പദ്ധതി തന്നെ ആവിഷ്‌ക്കരിച്ചുകഴിഞ്ഞു.

'ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതുതലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കട്ടെ. കൂടുതല്‍ പുഞ്ചിരി ചുണ്ടുകളില്‍ വിരിയട്ടെ. അഞ്ചു വൈമാനികര്‍ക്കും ഒരു സ്‌നേഹ സല്യൂട്ട്.'- മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top