19 March Tuesday
രാജ്‌ഭവനുകൾ ബിജെപി 
ഏജൻസിയായി

ഉന്നതവിദ്യാഭ്യാസമേഖലയെ കെെപിടിയിലൊതുക്കാനുള്ള കേന്ദ്ര ഫാസിസ്റ്റ് നയത്തെ ചെറുക്കണം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Tuesday Nov 15, 2022

ഫോട്ടോ \ സുമേഷ് കോടിയത്ത്


തിരുവനന്തപുരം   
ഭരണഘടനാ ഉത്തരവാദിത്വം മറന്ന്‌ രാജ്‌ഭവനുകൾ ബിജെപി ഏജൻസികളായി മാറിയെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സർവകലാശാലകളുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ സ്തംഭിക്കുന്ന പ്രവർത്തനങ്ങൾ ജനാധിപത്യത്തിലെ അനാരോഗ്യ പ്രവണതയാണ്‌.  തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനാണ്‌ ഗവർണർ ശ്രമിക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ സംരക്ഷണസമിതി രാജ്‌ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്‌മ ഉദ്‌ഘാടനംചെയ്‌ത്‌ യെച്ചൂരി പറഞ്ഞു.

ഇത്‌ കേരളത്തിന്റെമാത്രം പ്രശ്‌നമല്ല. തമിഴ്‌നാട്‌, ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെല്ലാം ഇത്തരം പ്രശ്‌നങ്ങളുണ്ട്‌. തമിഴ്‌നാടും ബംഗാളും ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന്‌ മാറ്റാൻ നിയമം രൂപീകരിക്കുകയാണ്‌. ജനാധിപത്യ സർക്കാർ അട്ടിമറിക്കപ്പെട്ടപ്പോൾ മധുരം വിളമ്പിയ ഗവർണറും ഇന്ത്യയിലുണ്ട്. ഭരണഘടനാപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനുപകരം ബിജെപി നയങ്ങൾ നടപ്പാക്കുന്നവരായി ഗവർണർമാർ മാറുകയാണ്‌.

വിദ്യാഭ്യാസ നയങ്ങൾ നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന വേണമെന്ന ശുപാർശകളും അട്ടിമറിക്കപ്പെടുന്നു. ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഉന്നതവിദ്യാഭ്യാസ രംഗത്തെ കാവിവൽകരിക്കാനുള്ള നീക്കം. ചാൻസലർപദവി ഗവർണർക്ക്‌ സ്വാഭാവികമായി വന്നുചേർന്നതല്ല. സംസ്ഥാനം നിയമം പാസാക്കിയാണ്‌ അത്‌ സ്വായത്തമായത്‌. സംസ്ഥാന നിയമമാണ് പ്രധാനം. യുജിസി മാർഗനിർദേശങ്ങളാണ് പ്രധാനമെന്നത്‌ ജനാധിപത്യവിരുദ്ധമാണ്‌.

സ്വതന്ത്രമായി ചിന്തിക്കുന്നവരെ സംഘപരിവാറിന്‌ ഇഷ്ടമല്ല. ഉന്നത വിദ്യാഭ്യാസം നൽകി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്ന കേരളം അവർക്ക് തടസ്സമാണ്. അതിനാൽ ഭരണഘടനാ കേന്ദ്രങ്ങളെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനാണ്‌ ശ്രമം. രാജ്യത്തിന്റെ നാനാത്വവും മതേതര ജനാധിപത്യവും സംരക്ഷിക്കേണ്ടതുണ്ട്. അതിനുള്ള പ്രക്ഷോഭം രാജ്യം മുഴുവൻ ഉയരണം. ഫാസിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിൽ കേരളം രാജ്യത്തിന്‌ മാർഗദീപമാകുമെന്നും യെച്ചൂരി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top