19 December Friday
ആർട്ട്‌ ഗ്യാലറി തുറന്നു

രാജാരവിവർമ വൈവിധ്യത്തിന്റെ ചിത്രകാരൻ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023


തിരുവനന്തപുരം
വൈവിധ്യത്തിന്റെ ചിത്രകാരനായിരുന്നു രാജാ രവിവർമയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മ്യൂസിയത്തിൽ സജ്ജമാക്കിയ രാജാരവിവർമ ആർട്ട്‌ ഗ്യാലറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുന്ദരികളായ സ്‌ത്രീകളെ മാത്രമല്ല, അധ്വാനിക്കുന്ന ജീവിതങ്ങളും അദ്ദേഹം വരച്ചു. ദൈവങ്ങളുടെയും പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും മാത്രമല്ല, സാമൂഹ്യ ജീവിതത്തിന്റെ താഴേതട്ടിൽ അധ്വാനിക്കുന്നവരുടെയും ചിത്രങ്ങൾ വരച്ചിട്ടു. എന്നാൽ, ദമയന്തിയെയും ശകുന്തളയെയും വരച്ച രാജാരവിവർമയെ കുറിച്ചല്ലാതെ സാധാരണ ജീവിതചിത്രങ്ങൾ വരച്ച രവിവർമയെക്കുറിച്ച്‌  പലരും പറയുന്നില്ല എന്നത്‌ നിർഭാഗ്യകരമാണ്‌. അദ്ദേഹത്തിന്റെ ചിത്രകല ഇന്ത്യൻ ചിത്രകലാരംഗത്തെ നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.

രവിവർമച്ചിത്രങ്ങൾക്ക്‌ ഉചിതമായ ആർട്ട്‌ ഗ്യാലറി വേണമെന്ന നാൽപ്പതു വർഷത്തോളം പഴക്കമുള്ള ആവശ്യമാണ്‌ സഫലമായത്‌. വിശ്വവിഖ്യാതനായ ചിത്രകാരന്‌ ഉചിതമായ ആദരവാണ്‌ ഇതുവഴി സംസ്ഥാനം നൽകുന്നത്‌. രാജാ രവിവർമയുടെ അത്യപൂർവ ചിത്രങ്ങൾ ഉൾക്കൊള്ളിച്ച്‌  ഒരുക്കിയ ഗ്യാലറി രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും. രാജ്യത്ത് ഏറ്റവും കൂടുതൽ രവിവർമച്ചിത്രങ്ങളുള്ള ആർട്ട് ഗ്യാലറിയാണ്‌ തിരുവനന്തപുരത്തേത്‌. രാജാ രവിവർമ, സഹോദരനായ രാജ രാജ വർമ, സഹോദരി മംഗളാഭായി തമ്പുരാട്ടി, മറ്റു സമകാലിക ചിത്രകാരന്മാർ എന്നിവരുടെ 135 ചിത്രരചനയും സ്‌കെച്ചുകളുമാണ്‌ ഗ്യാലറിയിലുള്ളത്. 7.90 കോടി രൂപ ചെലവഴിച്ചാണ്‌ ഗ്യാലറി നിർമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി വേണു,  മ്യൂസിയം വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top