26 April Friday

മഴ കുറഞ്ഞു; ജാഗ്രത തുടരാം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

തിരുവനന്തപുരം> സംസ്ഥാനത്ത്‌ മഴയുടെ ശക്തി കുറഞ്ഞു. ബംഗാൾ ഉൾക്കടലിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമാകുന്നതോടെ മഴ വീണ്ടും ശക്തിപ്പെടുമെന്ന ആശങ്കയുണ്ട്‌. തിരുവനന്തപുരം മുതലപ്പൊഴിയിൽ മീൻപിടിത്ത വള്ളം മറിഞ്ഞ്‌ രണ്ടുപേരെ കാണാതായി. കഠിനംകുളം ചേരമാൻതുരുത്ത് കിഴക്കേ തൈവിളാകം വീട്ടിൽ മുഹമ്മദ് സഫീർ (37), ചേരമാൻതുരുത്ത് കടവിൽ വീട്ടിൽ ഷമീർ (31) എന്നിവരെയാണ് കാണാതായത്. പെരുമാതുറ സ്വദേശി അൻസാരി (40) നീന്തി രക്ഷപ്പെട്ടു.

പത്തനംതിട്ട കോഴഞ്ചേരി ഏഴീക്കാട്ട്‌ വള്ളംമറിഞ്ഞ് കാണാതായ വർക്‌ഷോപ്പ് ഉടമയുടെ മൃതദേഹം കണ്ടെത്തി. ഏഴീക്കാട് ബ്ലോക്ക് നമ്പർ 15ൽ വിശ്വനാഥൻ ആചാരി (65)യുടെ മൃതദേഹമാണ്  കണ്ടെടുത്തത്. കോഴഞ്ചേരി ആഞ്ഞിലിമൂട്ടിൽ കടവിൽനിന്ന്‌ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 337 ദുരിതാശ്വാസ ക്യാമ്പിലായി 14611 പേരാണുള്ളത്‌. ഇതുവരെ 46 വീട്‌ പൂർണമായും 372 വീട്‌ ഭാഗികമായും തകർന്നു. 22 മരണം.  ഇടുക്കിയിൽ ‌മഴ മാറിനിന്നതും ചെറുതോണി അണക്കെട്ട് തുറന്നിട്ടും പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് താഴ്‌ന്നതും ആശ്വാസമായി.  എറണാകുളത്തും നദികളിൽ ജലനിരപ്പ് ഉയർന്നില്ല. വെള്ളം പകൽ ഒന്നോടെ ലോവർ പെരിയാറിലെത്തി. 50 ക്യൂമെക്സ് (സെക്കൻഡിൽ 50,000 ലിറ്റർ) ജലമാണ് ചെറുതോണി അണക്കെട്ടിൽനിന്ന് തുറന്നുവിട്ടത്.   

പാലക്കാട്‌  കാഞ്ഞിരപ്പുഴയുടെ ഷട്ടറുകൾ  80 സെന്റീമീറ്ററായും മലമ്പുഴ ഡാമിന്റെ നാല്‌ ഷട്ടർ   20 സെന്റീമീറ്ററായും ഉയർത്തി. ആലപ്പുഴയിൽ രണ്ടിടത്ത്‌ മടവീണു. 250 ഏക്കറുള്ള ചക്കംകരി ആറുനൂറുപാടത്തും 160 ഏക്കറുള്ള ചമ്പക്കുളം മൂലപ്പള്ളിക്കാ‌ട് പാടത്തുമാണ്‌  മടവീണത്‌. തിങ്കളാഴ്‌ച കക്കി ഡാം തുറക്കുന്നതിനാൽ  ജാഗ്രതാനിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top