29 March Friday

അടിയന്തര സാഹചര്യം നേരിടാൻ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മന്ത്രി പി രാജീവും അൻവർ സാദത്ത്‌ എംഎൽഎയും ആലുവയിൽ പെരിയാറിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നു

കൊച്ചി > ഡാം അലർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. പെരിയാറിലെ ജലനിരപ്പുയർന്ന്  വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രി നിർദ്ദേശം നൽകി. ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമെടുത്തു.

ഇടുക്കി, ഇടമലയാർ ഡാമുകളിലെ വെള്ളം ഒരുമിച്ച് പെരിയാറിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പുഴയിലെ വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുള്ള തടസങ്ങൾ നീക്കണമെന്ന് ഇറിഗേഷൻ വകുപ്പിനോട് മന്ത്രി നിർദ്ദേശിച്ചു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നടപ്പാക്കണം. ഫിഷറീസ് വകുപ്പ് വിവിധ മത്സ്യ തൊഴിലാളി സംഘടനകൾ എന്നിവയുടെ സഹകരണം കൂടി ഉറപ്പു വരുത്തണം.

ദുരിതാശ്വാസ ക്യാമ്പുകളിൽ സന്നദ്ധ സംഘടനകളുടെയും സേവനം പ്രയോജനപ്പെടുത്താം. വേണമെങ്കിൽ കളമശ്ശേരി അതിഥി മന്ദിരത്തിൽ കൺട്രോൾ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രി നിർദ്ദേശിച്ചു. ഇടമലയാറിലെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത കൂടുതലാണ്. ഈ പ്രദേശങ്ങളിൽ  തദ്ദേശ സ്ഥാപനങ്ങൾ വേണ്ടത്ര കരുതലുകൾ സ്വീകരിക്കണം. കെഎസ്ഇബി, വാട്ടർ അതോറിറ്റി വകുപ്പുകൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ആലുവയിൽ നടന്ന യോഗത്തിൽ കലക്‌ടർ ജാഫർ മാലിക്, എസ്‌ പി  കെ കാർത്തിക്ക്, എ സി പി ഐശ്വര്യ ദോംഗ്റേ, സബ് കലക്‌ടർ വിഷ്‌ണു രാജ്, എ ഡി എം എസ്.ഷാജഹാൻ, ആലുവ തഹസിൽദാർ സത്യപാലൻ നായർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top