25 April Thursday

യാത്രക്കാരെ വലച്ച്‌ ട്രെയിൻ സമയമാറ്റം; റെയിൽവേയുടെ ദിവസവരുമാനവും ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കൊല്ലം > ദീർഘ - ഹ്രസ്വദൂര ട്രെയിനുകളുടെ പുതുക്കിയ സമയക്രമം നിലവിൽ വന്നതോടെ യാത്രക്കാർ ദുരിതത്തിൽ. പല ട്രെയിനും നേരത്തെയായതോടെ ജീവനക്കാർ ഉൾപ്പെടെ സ്ഥിരം യാത്രക്കാർ ആശ്രയിച്ചിരുന്ന കണക്‌ടഡ്‌ വണ്ടികൾ കിട്ടാതെയുമായി. റെയിൽവേയുടെ ദിവസവരുമാനവും ഇടിഞ്ഞു. യാത്രക്കാർക്കോ റെയിൽവേയ്‌ക്കോ ഗുണകരമല്ലാത്ത സമയമാറ്റം ആർക്കുവേണ്ടിയെന്ന്‌ അധികൃതർ വിശദീകരിക്കണമെന്ന ആവശ്യവും ശക്‌തമാണ്‌.
 
എറണാകുളം – കൊല്ലം, കൊല്ലം - ആലപ്പുഴ മെമുവിന്റെ സമയം മാറ്റണമെന്ന്‌ യാത്രക്കാർ കൂട്ടത്തോടെ എംപിമാർക്കും റെയിൽവേ ജനറൽ മാനേജർക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. വൈകിട്ടത്തെ നാഗർകോവിൽ –-കോട്ടയം പാസഞ്ചർ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന്‌ അഞ്ചിനു പുറപ്പെടുന്നത്‌ ജീവനക്കാർക്ക് ഉൾപ്പെടെ ബുദ്ധിമുട്ടാണ്‌. ഒട്ടേറെപ്പേർക്ക്‌ ഈ ട്രെയിൻ ലഭിക്കാത്തതുകൊണ്ട്‌ സമയം മാറ്റണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വൈകിട്ട്‌ കോട്ടയം –-കൊല്ലം മെമുവിൽ വരുന്ന നിരവധി യാത്രക്കാർ കായംകുളത്തുനിന്ന്‌ ഏറനാട്‌ ട്രെയിനിൽ കയറി തിരുവനന്തപുരത്തേക്കു പോയിരുന്നു. എന്നാൽ, സമയമാറ്റം വന്നതോടെ ഏറനാട്‌ എക്‌സ്‌പ്രസ്‌ മെമു എത്തുംമുമ്പേ കായംകുളം വിടും. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. 
ശബരി ട്രെയിനിന്റെ സമയമാറ്റവും യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിച്ചില്ലെന്ന്‌ മാത്രമല്ല, 15 മിനിറ്റ് നേരത്തെയാക്കി. രാവിലെ തിരുവനന്തപുരത്തേക്കുള്ള മലബാർ, വഞ്ചിനാട്‌ ട്രെയിനുകളുടെയും സമയം നേരത്തെയാക്കിയിട്ടുണ്ട്‌.  തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന വേണാടിന്റെ സമയം രാവിലെ 5.05ന് പകരം 5.15ആയി. 
കൊല്ലം–-ചെങ്കോട്ട പാതയിലെ 
സമയമാറ്റം
ഗുരുവായൂർ –പുനലൂർ ട്രെയിൻ പകൽ 1.45ന് പുനലൂരിലെത്തും. നേരത്തെ 2.35നായിരുന്നു എത്തിയിരുന്നത്. മധുരയിൽനിന്ന് രാത്രി 11.25ന് പുറപ്പെടുന്ന മധുര –--പുനലൂർ ട്രെയിൻ രാവിലെ 10.20ന് പുനലൂരിൽ എത്തിയിരുന്നു. ഇനി രാവിലെ 10.10ന്‌ എത്തും.
കൊല്ലം –--പുനലൂർ മെമു സർവീസ് രാവിലെ 6.20ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 7.35ന് പുനലൂരിലും തിരികെ 8.10ന് പുനലൂരിൽനിന്ന് പുറപ്പെട്ട് 9.25ന് കൊല്ലത്തും എത്തും. വൈകിട്ട് 5.35ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം –--പുനലൂർ സ്പെഷ്യൽ ട്രെയിൻ 6.50ന് പുനലൂരിലെത്തും. 7.50ന് പുനലൂരിൽനിന്ന് യാത്ര തിരിച്ച് രാത്രി 9.05ന് കൊല്ലത്തെത്തും. ചെങ്കോട്ട- –-കൊല്ലം സ്പെഷ്യൽ പകൽ 11.35ന് ചെങ്കോട്ടയിൽനിന്ന് പുറപ്പെട്ട് 1.40ന് പുനലൂരിലും പകൽ 3.35ന് കൊല്ലത്തുമെത്തും. കൊല്ലം –-ചെങ്കോട്ട ട്രെയിൻ രാവിലെ 10.20ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പകൽ 2.20ന് ചെങ്കോട്ടയിലെത്തും. രാത്രി 11.20ന് തിരുനൽവേലിയിൽനിന്ന് പാലക്കാട്ടേക്ക് പോകുന്ന ട്രെയിൻ 3.10ന് പുനലൂരിലും 4.55ന് കൊല്ലത്തും എത്തി രാത്രി 12ന് പാലക്കാട്ടെത്തും. പാലക്കാട്ടുനിന്നുള്ള യാത്രയിൽ രാത്രി 11.10ന് കൊല്ലത്തും. 12.15ന് പുനലൂരിലും. വേളാങ്കണ്ണി, പുനലൂർ - –-നാഗർകോവിൽ ട്രെയിൻ സമയങ്ങളിൽ മാറ്റമില്ല. പാലക്കാട് –-തിരുനെൽവേലി- പാലരുവി ട്രെയിൻ എറണാകുളത്തുനിന്ന് 10 മിനിറ്റ് നേരത്തെയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top