29 March Friday

പണമില്ല; റെയിൽവേ സ്‌റ്റേഷന്‌ ഇത്ര വൃത്തി മതി !

സ്വന്തം ലേഖികUpdated: Sunday Feb 5, 2023

കണ്ണൂർ
പാലക്കാട്‌ ഡിവിഷനിലെ റെയിൽവേ സ്‌റ്റേഷനുകളിൽ ശുചീകരണം നിർത്തിവയ്‌ക്കാൻ ഉത്തരവിട്ട്‌ ഡിവിഷൻ മാനേജർ. ആവശ്യമായ പണമില്ലാത്തതിനാലാണ്‌ വിചിത്രമായ നിർദേശം നൽകിയത്‌. ഇതോടെ, ഡിവിഷനിലെ 33 ചെറുകിട റെയിൽവേ സ്‌റ്റേഷനുകളുടെ ശുചീകരണം മുടങ്ങി. ശുചിമുറികളും റെയിൽവേ ട്രാക്കുകളുമെല്ലാം വൃത്തിഹീനമായതോടെ യാത്രക്കാരും റെയിൽവേ ജീവനക്കാരും ‘ഗതികേട്‌  സഹിക്കുകയാണ്‌’.

പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്‌, വടകര, കണ്ണൂർ, പയ്യന്നൂർ, തലശേരി, കാസർകോട്‌, കാഞ്ഞങ്ങാട്, മംഗളൂരു സ്റ്റേഷനുകളിൽ മാത്രമാണ്‌ റെയിൽവേ ടെൻഡർ വിളിച്ച്‌ ശുചീകരണക്കരാർ നൽകുന്നത്‌. ബാക്കി  33 ചെറുകിട സ്‌റ്റേഷനുകളിലും താൽക്കാലിക തൊഴിലാളികളാണ്‌ ശുചീകരണം നടത്തുന്നത്‌. ഇതിന്‌ സ്റ്റേഷൻ മാനേജർ മാസം 15,000 -–-20,000 രൂപയാണ്‌ ആകെ നൽകുന്നത്‌.  പണം നൽകാതായതോടെ ഇവരുടെ തൊഴിലും ഇല്ലാതായി.

ടെൻഡർ നൽകിയ സ്‌റ്റേഷനുകളിലെ ശുചീകരണവും അവതാളത്തിലാണ്‌. സ്‌റ്റേഷനുകളിൽ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ ചെയ്യാൻ കരാറുകാരൻ ഇല്ലെന്നതാണ്‌ പ്രശ്‌നം. ടെൻഡർ എടുക്കുന്നയാൾ കുറേ സ്‌റ്റേഷനുകൾ  ഒരുമിച്ചാണ്‌ ഏറ്റെടുക്കുക. മിക്കവരും ഡൽഹിക്കാരായതിനാൽ  ചെറിയ പണികൾക്കെല്ലാം പുറമെനിന്ന്‌ ആളുകളെ വിളിക്കേണ്ടിവരുന്നു.  ഇതും ശുചിത്വത്തെ ബാധിക്കാറുണ്ട്‌. കണ്ണൂർ സ്‌റ്റേഷനിലെ ശുചിമുറികളിലെ പൈപ്പ്‌ പൊട്ടി മാസങ്ങൾ പിന്നിട്ടിട്ടും കരാറുകാർ എത്താത്തതിനാൽ ദിവസങ്ങളോളം അടഞ്ഞുകിടന്നു.  ഈയടുത്താണ്‌ പ്രശ്‌നം പരിഹരിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top