25 April Thursday

കോൺഗ്രസിന്റെ ആരോപണം പൊളിഞ്ഞു; വയനാട്ടിൽ ഗാന്ധിചിത്രം നശിപ്പിച്ചത്‌ എസ്‌എഫ്‌എക്കാരല്ലെന്ന്‌ പൊലീസ്‌ റിപ്പോർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

തിരുവനന്തപുരം > വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ  ഓഫീസിലെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതിൽ എസ്‌എഫ്‌ഐക്ക്‌ പങ്കില്ലെന്ന്‌ പൊലീസ്‌ റിപ്പോർട്ട്‌  പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ് എസ് പി റിപ്പോർട്ട് തയാറാക്കിയത്. ഇതോടെ എസ്‌എഫ്‌ഐക്കാർ ആണ്‌ ഗാന്ധിചിത്രം നശിപ്പിച്ചതെന്ന കോൺഗ്രസുകാരുടെ ആരോപണം പൊളിഞ്ഞു. 

എസ്‌എഫ്‌ഐ പ്രവർത്തകർ കൽപ്പറ്റയിലെ എം പി ഓഫീസിൽ കയറിയ സമയത്ത്‌ ഗാന്ധിയുടെ ചിത്രം  ചുവരിലുണ്ടായിരുന്നു. അതിനുശേഷം ചിത്രം ആദ്യം തറയിൽ കാണുന്നത് കമഴ്ത്തിയിട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗാന്ധി ചിത്രം നശിപ്പിച്ചത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് ദേശാഭിമാനിയടക്കമുള്ള മാധ്യമങ്ങളും സിപിഐ എം നേതാക്കളും  നേരത്തെ ചൂണ്ടികാണിച്ചിരുന്നു.

എം പി ഓഫിസ് ആക്രമണ ദൃശ്യങ്ങൾ പകർത്താൻ അവിടെ ഉണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ് പ്രധാന തെളിവായിരിക്കുന്നത്. സമരത്തിന് ശേഷം 25 എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ അകത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരിൽ തന്നെ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷം താഴേക്ക് പോയ ഫോട്ടോഗ്രാഫർ തിരികെ എത്തുന്നത് 4.30 ന് ആണ്. ആ സമയം ഓഫിസിനുള്ളിൽ കോൺഗ്രസ് , യു ഡി എഫ് പ്രവർത്തകർ മാത്രമാണുള്ളത്. ഈ സമയത്ത് പകർത്തിയ ഫോട്ടോയിൽ ഓഫീസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പൊലീസ് റിപ്പോർട്ട് പറയുന്നു.

എംപിയുടെ ഓഫിസ് ആക്രമണം നടന്ന ശേഷം കോൺഗ്രസ് നേതാക്കൾ ഓഫിസിന് അകത്ത് എത്തുമ്പോഴാണ് ഗാന്ധി ചിത്രവും എസ് എഫ് ഐക്കാർ തകർത്തെന്ന ആരോപണം ഉന്നയിക്കുന്നത്. നിലത്ത് കടന്ന ഗാന്ധി ചിത്രം ചൂണ്ടിക്കാട്ടി ആയിരുന്നു ആരോപണം. ഓഫീസ് ആക്രമണത്തിനൊപ്പം ഈ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. എസ്‌എഫ്‌ഐക്കാരുടെ മേൽ കുറ്റം ചാർത്താൻ കോൺഗ്രസ്‌ പ്രവർത്തകർ കരുതിക്കൂട്ടി ഗാന്ധിചിത്രം താഴെയിട്ട്‌ നശിപ്പിച്ചതാണെന്ന്‌ സിപിഐ എം നേരത്തെ വ്യക്‌തമാക്കിയിരുന്നു.

നേരത്തെ ഗാന്ധി ചിത്രം സംബന്ധിച്ച്‌ ചോദ്യം ചോദിച്ച ദേശാഭിമാനി മാധ്യമപ്രവർത്തകനോട്‌ വി ഡി സതീശൻ ഭീഷണിപ്പെടുത്തി സംസാരിച്ചിരുന്നു. മര്യാദയ്‌ക്ക്‌ ഇരുന്നോണം... അല്ലെങ്കിൽ പുറത്തിറക്കിവിടുമെന്നായിരുന്നു വാർത്താസമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റ ഭീഷണി. ‘‘ഇതുപോലുള്ള ചോദ്യം കൈയിൽ വച്ചാൽ മതി. ഇങ്ങോട്ടുവരണ്ട. ഇത്തരം ചോദ്യം ആ പിണറായി വിജയനോട്‌ പോയി ചോദിച്ചാൽ മതി. ഇമ്മാതിരി ചോദ്യംചോദിച്ചാൽ പുറത്തിറക്കിവിടും ഞാൻ. എന്നെക്കൊണ്ടത്‌ ചെയ്യിക്കരുത്‌. അതുകൊണ്ട്‌ നിർത്തിക്കോ....’’ എന്നായിരുന്നു സതീശന്റെ ഭീഷണി.

പിന്നീട്‌ കൽപ്പറ്റയിൽ നടത്തിയ പ്രതിഷേധറാലിക്ക്‌ എത്തിയ കോൺഗ്രസ്‌ പ്രവർത്തകർ സംഘടിച്ചെത്തി ദേശാഭിമാനിയുടെ ജില്ലാ ബ്യൂറോയ്‌ക്കുനേരെ കല്ലെറിഞ്ഞു. ദേശീയപാതയിൽനിന്ന്‌ മാറി സ്ഥിതിചെയ്യുന്ന ഓഫീസിലേക്ക്‌ സംഘടിച്ചെത്തിയായിരുന്നു അതിക്രമം. പ്രതിപക്ഷ നേതാവിന്‌ ഇഷ്ടപ്പെടാത്ത ചോദ്യമുന്നയിച്ചതല്ലാതെ ദേശാഭിമാനി ഓഫീസ്‌ ആക്രമിക്കാൻ മറ്റു കാരണമുണ്ടായിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top