24 April Wednesday

മുൻ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനെ അപമാനിച്ചു; രാഹുൽജീ... ഇവിടെയുണ്ട്‌ ഷിബു ജോർജ്‌

പി പ്രജിത്ത്Updated: Monday Sep 26, 2022

ജോഡോ യാത്രയ്ക്കായി കോൺഗ്രസ്‌ നേതാക്കൾ ഷിബുജോർജിന്റെ വീട്ടിലെത്തി എടുത്ത ചിത്രം (സോണിയ ജോർജ് എഫ്ബിയിൽ പോസ്റ്റ് ചെയ്തത്)

ചേർപ്പ് > പുതിയ ഖദർ കുപ്പായമിടീച്ചു. മുടീം കറുപ്പിച്ചു. ശരീരം തളർന്ന്‌ മുൻ യൂത്ത്‌ നേതാവിനെ വീൽ ച്ചെയറിൽ ഇരുത്തി പടവും പിടിച്ചു. തൃശൂരിലെത്തുന്ന രാഹുൽജിയെ കാണിക്കാമെന്ന്‌ നേതാക്കളുടെ ഗീർവാണം. ദാ വന്നു ദേ പോയി എന്ന മട്ടിലായി കാര്യങ്ങൾ.പറഞ്ഞ് പറ്റിച്ച കോൺഗ്രസ്‌ നേതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്‌ യൂത്ത്‌ കോൺഗ്രസ്‌  മുൻ ജില്ലാ നേതാവായിരുന്ന ചേർപ്പിലെ ഷിബു ജോർജിന്റെ  ഭാര്യ സോണിയ. ഫേസ്‌ ബുക്കിൽ കുറിച്ച സോണിയയുടെ വാചകങ്ങൾ  വൈറലായി.
 
13 വർഷം മുമ്പ് അടൂരിൽ യൂത്ത് കോൺഗ്രസ്‌ ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെ,  താമസിക്കുന്ന കെട്ടിടത്തിൻെറ  മൂന്നാം നിലയിൽ നിന്ന് വീണ് ശരീരം തളർന്ന് വീട്ടിൽ വിശ്രമിക്കുകയാണ് ഷിബു ജോർജ്‌. ആരോ തന്നെ പിറകിൽ നിന്ന് അടിച്ച് താഴെയിട്ടതാണെന്നാണ് ഷിബുജോർജ് പിന്നീട് പറഞ്ഞത്. കുറിപ്പിൽ നിന്ന്‌: ജോഡോ യാത്രയുടെ ‘മൈലേജ്‌’ കൂട്ടാനായി പടമെടുക്കാൻ വന്ന കോൺഗ്രസ് നേതാക്കളാണ് രാഹുലിനെ കാണാൻ കൊണ്ടുപോകാമെന്ന് ഉറപ്പ്‌ നൽകിയത്. ഫോട്ടോയെടുത്ത് പോയതല്ലാതെ പിന്നീട് ആരും തിരിഞ്ഞ് നോക്കിയില്ല. ഒരു കെഎസ്‌യു നേതാവും ഫോണിൽ വിളിച്ച് വണ്ടിയുമായി വരാമെന്ന് പറഞ്ഞു. വന്നില്ല.
 
"രാഹുൽജിക്കറിയില്ലല്ലൊ ഷിബുജോർജിനെ’ എന്ന്‌ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ. ഷിബു ജോർജിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും വെറുതെയാവില്ലെന്ന്‌ പറയുന്നു.  ഏത് നേതാക്കൾ കൈവിട്ടാലും അദ്ദേഹത്തിന്റെ കൂട്ടുകാരും നാട്ടുകാരും കൈവിടില്ല. ഇനി ഒരുനേതാക്കളും വോട്ട് ചോദിച്ചോ രാഷ്ട്രീയം പറഞ്ഞോ അദ്ദേഹത്തെത്തേടി വരരുത്.  അപേക്ഷയാണ്. പാവം ആ മനുഷ്യനെ ഇന്ന് ഒരു കെഎസ് യു നേതാവ് വിളിച്ചിട്ട് പറഞ്ഞു, നോക്കട്ടെ ഗ്യാപ്പ് ഉണ്ടെങ്കിൽ വണ്ടിയുമായി വരാന്ന്.
 
ഇതു കേട്ടതോടെ നരച്ചമുടി കറുപ്പിച്ചു, ഷേവൊക്കെ ചെയ്‌ത് കുളിപ്പിച്ചു സുന്ദരനാക്കി. ഇടാനുള്ള മുണ്ടും ജുബ്ബയും എടുത്തു വച്ചപ്പോഴും അദ്ദേഹം ചോദിച്ചു, നിന്നെ ആരെങ്കിലും വിളിച്ചു പറഞ്ഞോ കൊണ്ടുപോകാൻവരാന്ന്’. തൃശൂരിൽ ഒരു മഹാനായ നേതാവ് രാഹുൽ ഗാന്ധി പാവങ്ങളുടെ കണ്ണീർ തുടച്ചെന്നും എറണാകുളത്ത് കരിപുരണ്ടയാളെ കെട്ടിപ്പിടിച്ചുവെന്നും പ്രസംഗിച്ചതിനെ കുറിപ്പിൽ പരിഹാസവുമുണ്ട്‌. ആർക്കും ഇപ്പോൾ ഷിബു ജോർജിനെ അറിയില്ല. എന്റെ ഇഷ്ടത്തിനു സമ്മതം മൂളിയാണ് പോകാൻ ഒരുങ്ങിയത്. പക്ഷെ ഇപ്പോഴും ആ മുണ്ടും ജുബ്ബയും കട്ടിലിൽ കിടക്കുന്നു. തൃശൂര് നിന്ന് വിളിച്ച ആ കെഎസ്‌യു പ്രവർത്തകനേയും നോക്കി ഞാൻ ഉമ്മറത്തും - സോണിയയുടെ കുറിപ്പ്‌ അവസാനിക്കുന്നത്‌ ഇങ്ങനെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top