24 April Wednesday

വാസന്തിയുടെ ‘റഹ്മാൻ ബ്രദേഴ്‌സ്'; മികച്ചചിത്രം, മികച്ച തിരക്കഥ, മികച്ച സ്വാഭാവ നടിക്കുള്ള പുരസ്‌കാരങ്ങൾ

എം പി നിത്യൻUpdated: Wednesday Oct 14, 2020

ആലുവ > സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ തിളങ്ങിയത് ആലുവക്കാരാണ്. ‘റഹ്മാൻ ബ്രദേഴ്‌സ് ' എന്നറിയപ്പെടുന്ന ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്‌ത ‘വാസന്തി’യാണ് മികച്ചചിത്രം. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഇവർക്ക്‌ ലഭിച്ചു. മികച്ച സ്വാഭാവ നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് സ്വാസികയ്‌ക്ക്‌ ലഭിച്ചു.

ആലുവക്കാരനായ നടൻ സിജു വിൽസനാണ് നിർമാതാവ്. പുരസ്‌കാരം നേടിയ മൂവരും ആലുവയിലെ ഷിനോസിന്റെ വസതിയിൽ സന്തോഷം പങ്കുവച്ചു. അംഗീകാരം സ്വതന്ത്ര സിനിമകൾക്കായി പ്രവർത്തിക്കുന്ന കലാകാരന്മാർക്കും സ്വന്തം കുടുംബത്തിനും സമർപ്പിക്കുകയാണ് റഹ്മാൻ ബ്രദേഴ്‌സ്. ഇത്തരത്തിലുള്ള ചിത്രങ്ങളെ സർക്കാർ പരിഗണിച്ചത്‌ പ്രോത്സാഹനമാണെന്‌ ഷിനോസ് പറഞ്ഞു. പോസ്റ്റ് പ്രൊഡക്‌ഷന്‍, എഡിറ്റിങ്‌ എന്നിവയാണ് ഷിനോസ് ചെയ്‌തിരുന്നത്. സജാസ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. നാടക സംവിധായകനുമാണ്. കുട്ടികളെ നാടകം പഠിപ്പിക്കുന്നുണ്ട്‌.  

ഇത് ഇവരുടെ രണ്ടാമത്തെ ചിത്രമാണ്. പതിവ് ശൈലിയിലുള്ള കച്ചവട, ആർട്ട് സിനിമകളിൽനിന്ന് വ്യത്യസ്തമായ രീതിയിലുള്ള സിനിമകളോടാണ് ഇവർക്ക്‌ താൽപ്പര്യം. സജാസ് സംവിധാനം ചെയ്‌ത നാടകത്തിൽനിന്നാണ് ‘വാസന്തി’ സിനിമ പിറക്കുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രമാണിത്. നിർമാതാവ് സിജു വിൽസനോടൊപ്പം നിരവധി നാടക നടന്മാർക്കും സിനിമയിൽ അവസരം നൽകിയിട്ടുണ്ടെന്ന് ഷിനോസ് പറഞ്ഞു. ആലുവ, ചാവക്കാട്, ഇടുക്കി, എറണാകുളം, കൊല്ലങ്കോട് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. 2016ൽ നിർമാണം തുടങ്ങിയ ചിത്രം പൂർത്തിയായത് 2019 അവസാനത്തിലാണ്.

ജയ്‌പുർ ഫിലിം ഫെസ്റ്റിവലിലാണ് ‘വാസന്തി’ ആദ്യം പ്രദർശിപ്പിച്ചത്. തൃശൂരിൽനടന്ന ചലച്ചിത്ര മേളയിലും പ്രദർശിപ്പിച്ചു. തുടർന്ന്‌ കോവിഡ്‌മൂലം പ്രദർശനം നടന്നില്ല. കളിപ്പാട്ടക്കാരനാണ് റഹ്‌മാൻ ബ്രദേഴ്സിന്റെ ആദ്യ സിനിമ. 2015-ൽ പുറത്തിറങ്ങിയ ചിത്രം കൊറിയ, മുംബൈ, ഇറ്റലി തുടങ്ങിയ മേളകളിൽ പ്രദർശിപ്പിച്ചു. 2017ൽ നെറ്ഫ്ലിക്സ് ഈ സിനിമ റിലീസ് ചെയ്‌തിരുന്നു. പുതിയ ചിത്രങ്ങൾ പണിപ്പുരയിലാണെന്ന്‌ സഹോദരങ്ങൾ പറഞ്ഞു.

ആലുവ കടുങ്ങല്ലൂർ കാമ്പിലവളപ്പിൽ അബ്ദുൾ റഹ്മാന്റെയും പരേതയായ ഫാത്തിമയുടെയും മക്കളാണ് ഷിനോസും സജാസും. സിപിഐ എം ബ്രാഞ്ച് അംഗവും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത് കടുങ്ങല്ലൂർ യൂണിറ്റ് സെക്രട്ടറിയുമാണ് അബ്‌ദുറഹ്മാൻ. ബാലസംഘത്തിലൂടെ വളർന്നുവന്നവരാണ് ഇരുവരും. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടക കളരിക്ക് നേതൃത്വംകൊടുത്ത വ്യക്തിയാണ് സജാസ്.

ഷിനോസും ഭാര്യ ജാസ്‌മിനും യുസി കോളേജിന് സമീപമാണ് താമസിക്കുന്നത്. സജാസ് നാടക പ്രവർത്തനങ്ങളുമായി തൃശൂരിലാണ് താമസം. സുനിതയാണ് സജാസിന്റെ ഭാര്യ. ഏക മകൾ മഴ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top