19 April Friday
അഗതി മന്ദിരങ്ങൾക്കുള്ള ഭക്ഷ്യവിഹിതം 
ആഗസ്ത്‌ മുതൽ

കേരളത്തിന്‌ 
991 ടൺ റാഗി ; ഓണത്തിന്‌ മുൻഗണനേതര വിഭാഗത്തിന് 
 10 കിലോ അധികം അരി

വെബ് ഡെസ്‌ക്‌Updated: Friday Jul 29, 2022

ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ കേന്ദ്രഭക്ഷ്യ മന്ത്രി 
പിയുഷ് ഗോയലിന് നിവേദനം നൽകുന്നു. ജോൺ ബ്രിട്ടാസ് എം പി സമീപം


ന്യൂഡൽഹി  
നിർത്തലാക്കിയ ഗോതമ്പിനു പകരം 991  ടൺ റാഗി ആദ്യഘട്ടമായി കേരളത്തിനു നൽകുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പീയൂഷ്‌ ഗോയലും മന്ത്രി ജി ആർ അനിലും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റാഗി പൊടിച്ച്‌ റേഷൻകട വഴി വിതരണംചെയ്യും. ആദ്യഘട്ടമായി എല്ലാ പഞ്ചായത്തിലെയും ഒരു റേഷൻകടയിലും ഇടുക്കി, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ എല്ലാ റേഷൻ കടകളിലും റാ​ഗി വിതരണംചെയ്യുമെന്നും മന്ത്രി വാർത്താസമ്മേളത്തിൽ പറഞ്ഞു.  വെള്ളക്കടലയും ഇതേ മാതൃകയിൽ വിതരണംചെയ്യും. എത്രടൺ കടലയാണെന്ന്‌ ലഭ്യമാകുക എന്ന്  അറിവായിട്ടില്ല. എഫ്‌സിഐ വഴി സംഭരിച്ചാകും വിതരണം.

നേരത്തെ 6459.074 മെട്രിക്‌ ടൺ ഗോതമ്പുവിഹിതമാണ്‌ സംസ്ഥാനത്തിന്‌ നിഷേധിച്ചത്‌. 57 ശതമാനം വരുന്ന മുൻഗണനേതര വിഭാഗങ്ങൾക്ക്‌ ഇതേത്തുടർന്ന്‌ ഗോതമ്പ്‌ നൽകാനാവുന്നില്ല. അരി, ഗോതമ്പ്‌ എന്നിവ ധാരാളമായി ഉപയോഗിക്കുന്ന മലയാളിയുടെ  ജീവിതശൈലീരോഗങ്ങൾക്ക്‌ റാഗി പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ തൊള്ളായിരത്തോളം അഗതിമന്ദിരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ ഭക്ഷ്യധാന്യവിഹിതം ആഗസ്ത്‌ മുതൽ പുനഃസ്ഥാപിക്കും. അഗതിമന്ദിരങ്ങൾ, പട്ടികജാതി–- പട്ടികവർഗ ഹോസ്റ്റലുകൾ തുടങ്ങിയവയിൽ 34,000 പേർക്ക്‌ ഇത്‌ ആശ്വാസമാണ്‌. നിലവിൽ സംസ്ഥാന വിഹിതത്തിൽനിന്ന്‌ സൗജന്യമായാണ്‌ ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നത്‌. ഓണത്തിനു കൂടുതൽ അരി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുപയോഗിച്ച്‌ മുൻഗണനേതര വിഭാഗത്തിന്‌ 10കിലോ അധികം അരി നൽകും. താങ്ങുവിലനിരക്കിൽ നൽകാമെന്ന്‌ കേന്ദ്രം അറിയിച്ചെങ്കിലും നിലവിലെ 8.30 രൂപയ്‌ക്കുതന്നെ നൽകണമെന്ന്‌ കേരളം ശക്തമായി ആവശ്യപ്പെട്ടു. അതോടാപ്പം കുടിശ്ശികയായിരുന്ന 136 കോടിയും കേന്ദ്രം അനുവദിച്ചു. ഭക്ഷ്യവകുപ്പിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പീയൂഷ്‌ ഗോയൽ പങ്കെടുക്കും. ജോൺബ്രിട്ടാസ് എംപി, ഭക്ഷ്യസെക്രട്ടറി അലി അസ്ഗർ പാഷ, സപ്ലൈകോ ചെയർമാൻ സഞ്ജീബ് പട്‌ജോഷി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top