19 April Friday

ഹൃദയമാകണം ക്യാമറയുടെ സെൻസർ : രഘുറായ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

‘കാഴ്‌ചയുടെ വസന്തം, കാഴ്‌ചയുടെ ക്ഷോഭം’ എന്ന അന്താരാഷ്‌ട്ര ഫോട്ടോ ഫെസ്‌റ്റിവൽ ഉദ്‌ഘാടനം ചെയ്ത രഘുറായ്‌ പ്രദർശനത്തിലെ ഫോട്ടോകൾ കാണുന്നതിനിടെ ദേശാഭിമാനി മുൻ ഫോട്ടോഗ്രാഫർ കെ മോഹനൻ എടുത്ത ചിത്രം 
കണ്ട്‌ അദ്ദേഹത്തെ അഭിനന്ദിക്കുന്നു


കൊച്ചി
സൂക്ഷ്‌മ സഞ്ചാരികൾക്കാണ്‌ മികച്ച ചിത്രങ്ങൾ പകർത്താനാകുകയെന്ന്‌ വിഖ്യാത  ഫോട്ടോഗ്രാഫർ രഘുറായ്‌ പറഞ്ഞു. നമ്മുടെ ഹൃദയമാകണം ക്യാമറയുടെ സെൻസർ. ഹൃദയംകൊണ്ടു പകർത്തുന്ന ചിത്രങ്ങൾക്കാണ്‌ അർഥവും ആഴവുമുണ്ടാകുക. അല്ലെങ്കിൽ മറ്റാർക്കും പകർത്താവുന്ന ചിത്രങ്ങളാകും നമ്മുടേത്‌. ചരിത്രത്തിന്റെ ഏറ്റവും മൂല്യമേറിയ തെളിവുകളാണ്‌ ഫോട്ടോഗ്രാഫുകൾ. ഒരു ചിത്രം എക്കാലവും നിലനിൽക്കണമെങ്കിൽ ഏത്‌ നിമിഷമാണ്‌ ക്യാമറയിൽ പതിയേണ്ടതെന്ന കൃത്യമായ ബോധ്യം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ ; അന്താരാഷ്‌ട്ര ഫോട്ടോ ഫെസ്‌റ്റിവലിന്‌ തുടക്കം
മലയാള മാധ്യമപ്രവർത്തനത്തിന്റെ 175–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ഗ്ലോബൽ മീഡിയ ഫെസ്റ്റിവലിന് തുടക്കമിട്ട്‌  "കാഴ്‌ചയുടെ വസന്തം, കാഴ്‌ചയുടെ ക്ഷോഭം' എന്ന അന്താരാഷ്‌ട്ര ഫോട്ടോ ഫെസ്‌റ്റിവൽ ആരംഭിച്ചു. വിഖ്യാത ഫോട്ടോഗ്രാഫർ രഘുറായ്‌ വേദിയിലെ മറ്റു ഫോട്ടോഗ്രാഫർമാരുടെ ചിത്രം പകർത്തി ഉദ്‌ഘാടനം ചെയ്തു. മീഡിയ അക്കാദമി ചെയർമാൻ ആർ എസ്‌ ബാബു അധ്യക്ഷനായി.

കേരളത്തിലെ മുതിർന്ന ഫോട്ടോ ജേർണലിസ്റ്റുകളെ ആദരിച്ചു. കെ മോഹനൻ, കെ രവികുമാർ, രാജൻ പൊതുവാൾ, ടി മുസ്തഫ, ഫിറോസ്‌ ബാബു, വി എസ്‌ ഷൈൻ, കെ വി ദിലീപ്‌, ടി ഒ ഡൊമിനിക്‌, ജയിംസ്‌ അർപ്പൂക്കര, സി വി യേശുദാസ്‌, പി ആർ ദേവദാസ്‌ എന്നിവർ രഘുറായിൽനിന്ന്‌ ആദരം ഏറ്റുവാങ്ങി. മീഡിയ അക്കാദമി സെക്രട്ടറി കെ ജി സന്തോഷ്‌, ഡയറക്‌ടർ കെ രാജഗോപാൽ, എറണാകുളം പ്രസ്‌ക്ലബ് സെക്രട്ടറി എം സൂഫി മുഹമ്മദ്‌ തുടങ്ങിയവർ സംസാരിച്ചു.  

സ്ത്രീകൂട്ടായ്മയായ "നിരീക്ഷ'യുടെ നേതൃത്വത്തിൽ "നോക്കുകുത്തികൾ'എന്ന നാടകവും അരങ്ങേറി. ലൈംഗികാതിക്രമങ്ങളെ വിമർശിക്കുന്ന നാടകം തൊഴിലിടങ്ങളിലെ സ്ത്രീകൾ നോക്കുകുത്തികളാകരുതെന്ന സന്ദേശം നൽകുന്നു. സ്ത്രീപക്ഷ നാടകങ്ങൾ അവതരിപ്പിച്ചുവരുന്ന"നിരീക്ഷ’യുടെ 24 വർഷത്തെ ജൈത്രയാത്രയുടെ തുടർച്ചയാണ് "നോക്കുകുത്തികൾ'. സുധി ദേവയാനിയാണ്‌ സംവിധായക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top