06 February Monday

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസർ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന കുപ്രചാരണവുമായി ഏഷ്യാനെറ്റ്‌ ന്യൂസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ ആർ മോഹനെതിരെ കുപ്രചാരണവുമായി ഏഷ്യാനെറ്റ് ന്യൂസ്‌. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ചാണ്‌ മാധ്യമമര്യാദകളുടെ എല്ലാ സീമകളും ലംഘിക്കുന്ന രീതിയിലുള്ള ചിത്രവധം നടത്തുന്നത്‌.

സർക്കാരിൽ നിന്ന് ഒരു രൂപ പോലും ശമ്പളം വാങ്ങാതെ സേവനം നടത്തുന്ന ആളാണ് ആർ മോഹൻ. ഗവേഷണത്തിനും പഠനത്തിനുമായി റവന്യു സർവീസ് ഉപേക്ഷിച്ച അദ്ദേഹത്തിനെതിരെ ഹീനമായ ആക്രമണമാണ് മാധ്യമപ്രവർത്തനമെന്ന പേരിൽ ചിലർ നടത്തിക്കൊണ്ടിരിക്കുന്നത്. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തുവെന്നാണ് ഏഷ്യാനെറ്റിന്റെ ആരോപണം.

2021 മെയിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2022 സെപ്റ്റംബർ പകുതി വരെ കഴിഞ്ഞ 16 മാസത്തിനിടെ സ്വകാര്യ ആവശ്യങ്ങൾക്ക് ഇന്നോവ വാഹനം ഉപയോഗിച്ചുവെന്നും 35 കിലോമീറ്റർ ശരാശരി ഓടേണ്ട വാഹനം മിക്ക ദിവസങ്ങളിലും 80 കിലോമീറ്ററിലേറെ ഓടിയിട്ടുണ്ട് എന്നുമാണ് ഏഷ്യാനെറ്റിന്റെ പ്രധാന കണ്ടുപിടുത്തം. ലോഗ്ബുക്കിൽ "ലോക്കൽ ട്രിപ്‌സ്" എന്ന് രേഖപ്പെടുത്തിയതും ഏഷ്യാനെറ്റിന് ഇഷ്‌ടപ്പെട്ടിട്ടില്ല. എന്താണ് ഇതിലെ വസ്‌തുത?...

ടൂറിസം ഗാറേജിൽ നിന്ന് ആർ മോഹന്റെ താമസസ്‌ഥലമായ നെട്ടയത്തേക്കും തുടർന്ന് നെട്ടയത്തുനിന്നും സെക്രട്ടറിയേറ്റിലേക്കും വരാൻ ഏകദേശം 16 കിലോമീറ്റർ ദൂരമാണുള്ളത്. ഉച്ചഭക്ഷണത്തിന് സെക്രട്ടറിയേറ്റിൽ നിന്നും നെട്ടയത്തേക്കും തിരിച്ചുമായി 16 കിലോമീറ്റർ. ഓഫീസ് സമയം കഴിഞ്ഞാൽ സെക്രട്ടറിയേറ്റിൽ നിന്ന് നെട്ടയത്തേക്കും തിരിച്ച് ടൂറിസം ഗാരേജിലേക്കും പിന്നെയും 16 കിലോമീറ്റർ. ഇങ്ങനെ ആകെ ഒരു ദിവസം 48 കിലോമീറ്റർ ദൂരമാണ് വാഹനം ഓടേണ്ടി വരിക. ഈ കണക്കിൽ ഒരു മാസം ഏകദേശം 1500 കിലോമീറ്റർ ഓഫീസിൽ നിന്ന് താമസസ്‌ഥലത്തേക്ക് വാഹനത്തിൽ സഞ്ചരിക്കേണ്ടി വരും. ഔദ്യോഗിക ആവശ്യങ്ങൾക്കായി നഗരത്തിനകത്തെ ദിവസേനെയുള്ള ഓട്ടം ഇതിനുപുറമെയാണ്.

ഓഫീസിൽ ഒതുങ്ങിയിരുന്നുകൊണ്ട് ചെയ്യേണ്ട ജോലിയല്ല മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓഫീസർക്കുള്ളത് എന്ന അടിസ്‌ഥാന ബോധ്യം ഏഷ്യാനെറ്റ് റിപ്പോർട്ടർക്കില്ല എന്ന് വ്യക്തമാണ്. ക്ലിഫ് ഹൗസ്, അസംബ്ലി, മറ്റ്‌ സർക്കാർ ഓഫീസുകൾ തുടങ്ങിയവയിലേക്കും മറ്റ്‌ ഔദ്യോഗിക യോഗങ്ങൾക്കും സർക്കാർ പരിപാടികൾക്കും സന്ദർശനങ്ങൾക്കുമായും സ്പെഷ്യൽ ഓഫീസർക്ക് തന്റെ ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യേണ്ടിവരും. സംസ്‌ഥാന ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് ലൈബ്രറി റഫറൻസിനായും മറ്റും ഗവേഷണ സ്‌ഥാപനങ്ങളിലേക്കും പോകേണ്ടതായും വരും.

തിരുവനന്തപുരം നഗരത്തിലുള്ള സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (പ്രശാന്ത് നഗർ, ഉള്ളൂർ), ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT, പാങ്ങാപ്പാറ) എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കൂടിക്കാഴ്‌ചകൾക്കും റഫറൻസ് ആവശ്യങ്ങൾക്കുമായി ആർ മോഹൻ സഞ്ചരിച്ചിട്ടുണ്ട്. കേന്ദ്ര - സംസ്‌ഥാന ബന്ധങ്ങൾ, ഫിസ്‌കൽ ഫെഡറലിസം തുടങ്ങിയ വിഷയങ്ങളിൽ ഇത്തരം ലൈബ്രറി റഫറൻസ് പോളിസി രൂപീകരണത്തിനും ഭരണനിർവ്വഹണത്തിനും അത്യാവശ്യവുമാണ്. ഇതൊക്കെ പരിഗണിക്കുമ്പോൾ ഓരോ ദിവസവും ആകെ സഞ്ചരിക്കുന്ന ദൂരത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. സദുദ്ദേശപരമായ ഇത്തരം സന്ദർഭങ്ങളിലെ യാത്രകളെ "ലോക്കൽ ട്രിപ്പ്സ്" എന്ന് എഴുതിയതിനാണ് ഏഷ്യാനെറ്റ് ബഹളം കൂട്ടുന്നത്. നഗരത്തിനകത്തെ ഔദ്യോഗിക യാത്രകളെ അങ്ങനെ തന്നെയാണ് സാധാരണ ലോഗ് ബുക്കിൽ രേഖപ്പെടുത്താറുള്ളത്. കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ചെയ്യുന്നത്.

ആർ മോഹൻ തന്റെ ഭാര്യ ഡോ. പൂർണിമയ്ക്കുവേണ്ടി കാർ വിട്ടുനൽകിയെന്നാണ് ഏഷ്യാനെറ്റ് ഉന്നയിക്കുന്ന മറ്റൊരാരോപണം. വഞ്ചിയൂരുള്ള കാലടി സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിലാണ് ഡോ. പൂർണിമ ജോലി ചെയ്യുന്നത്. താമസസ്‌ഥലമായ നെട്ടയത്തിനും സെക്രട്ടറിയേറ്റിനും ഇടയിലാണ് ഡോ. പൂർണിമയുടെ ഓഫീസ്. അതും ആർ മോഹന്റെ ഓഫീസായ സെക്രട്ടറിയേറ്റിൽ നിന്നും വിളിപ്പാടകലെയുള്ള ഉപ്പളം റോഡിൽ (ഒരു കിലോമീറ്ററിൽ താഴെ ദൂരം). വീട്ടിൽ നിന്നും വരുന്ന വഴിയിലുള്ള ഓഫീസിൽ രോഗിയായ ഭാര്യയെ ഇറക്കി നേരെ സെക്രട്ടറിയേറ്റിലേക്ക് വരുന്നത് മഹാ അപരാധം എന്ന മട്ടിലാണ് ഏഷ്യാനെറ്റ് വാർത്ത ചമയ്ക്കുന്നത്. ഭാര്യയുടെ യാത്രയ്ക്കുവേണ്ടി മാത്രമായി ഔദ്യോഗിക വാഹനം ഓടിയിട്ടില്ല.

മാത്രമല്ല, ആർ മോഹൻ ഈ സർക്കാർ അധികാരമേറ്റ 2021 മേയ് മാസത്തിനുശേഷം ഒരു തവണ മാത്രമേ തിരുവനന്തപുരം നഗരത്തിന് പുറത്തേക്ക് ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്‌തിട്ടുമുള്ളൂ. 2022 സെപ്‌തംബർ 16 ന് ആറ്റിങ്ങലിലേക്കും തിരിച്ചും യാത്ര ചെയ്‌തതിന് കിലോമീറ്ററിന് 15 രൂപ നിരക്കിൽ 2400 രൂപ സർക്കാരിലേക്ക് അടച്ചിട്ടുമുണ്ട്. 2022 ഒക്ടോബറിലെ മറ്റൊരു യാത്രയ്ക്ക് 500 രൂപയും ഇതേ രീതിയിൽ അടച്ചിട്ടുണ്ട്. കാര്യങ്ങൾ ഇത്രയും സുതാര്യമായിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയത്തിന്റെ നിഴലിൽ നിർത്താനുള്ള വ്യഗ്രതയിൽ ഏഷ്യാനെറ്റ് ഇത്തരത്തിലുള്ള കുപ്രചാരണങ്ങൾ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top