19 March Tuesday

ഇന്ദ്രജാലക്കാർ ഒത്തുചേർന്നു ; ആർ കെ മലയത്തിന്‌ ആദരമായി ‘സുവർണവിസ്മയം' പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കളമശേരി
കേരളത്തിൽ ആധുനിക ഇന്ദ്രജാലത്തിന്റെ പാത തെളിച്ചവരിൽ പ്രമുഖനായ ആർ കെ മലയത്തിനെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അമ്പതിലധികം ഇന്ദ്രജാലക്കാർ ഒത്തുചേർന്ന്‌ ആദരിച്ചു. മായാജാലക്കാരുടെ ഗുരുസ്ഥാനീയനായ മലയത്തിനെക്കുറിച്ചുള്ള പുസ്തകം ‘സുവർണവിസ്മയം' എല്ലാവരും ചേർന്ന്‌ പ്രകാശിപ്പിച്ചു.  പി എം മിത്ര ഉദ്ഘാടനം ചെയ്തു. വൈധർ ഷാ അധ്യക്ഷനായി. ഷിബു ദാമോദരൻ പുസ്തകം പരിചയപ്പെടുത്തി. മനു കള്ളിക്കാട്, ശ്രീജിത് വിയ്യൂർ, ശശി താഴത്തുവയൽ, രമ രാജീവൻ, കെ വി മോഹനൻ, നികിൻ മലയത്ത് എന്നിവർ സംസാരിച്ചു. ആർ കെ മലയത്ത് മറുപടി പറഞ്ഞു.

മഞ്ചേരി കെ എം അലിഖാൻ, വാഴകുന്നം നമ്പൂതിരി എന്നിവരിൽനിന്ന് മാജിക്കും ഡോ. എ ടി കോവൂരിൽനിന്ന് ഹിപ്‌നോട്ടിസവും പഠിച്ചാണ്‌ മലയത്ത്‌ ഇന്ദ്രജാലത്തിലൂടെ ജനഹൃദയങ്ങൾ കവർന്നത്‌. അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്‌ക്കും ലഹരിക്കുമെതിരെയും ശാസ്‌ത്രചിന്തയും പരിസ്ഥിതിബോധവും പ്രചരിപ്പിക്കാനും ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന്‌ വേദികളിൽ മാജിക്‌ അവതരിപ്പിച്ചു. മായാജാലവേദിയിൽ അരനൂറ്റാണ്ട് പിന്നിട്ട മലയത്തിനെക്കുറിച്ച്‌ വൈക്കം മുഹമ്മദ്‌ ബഷീർ, അടൂർ ഗോപാലകൃഷ്‌ണൻ, മോഹൻലാൽ, സി രാധാകൃഷ്‌ണൻ, എം സ്വരാജ്‌, കൈതപ്രം, ഗോപിനാഥ്‌ മുതുകാട്‌, നിലമ്പൂർ ആയിഷ, പി ടി ഉഷ, കാക്കനാടൻ തുടങ്ങി അറുപതിൽപ്പരം ആളുകൾ എഴുതിയ കുറിപ്പുകളാണ്‌ പുസ്‌തകത്തിലുള്ളത്‌. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘ആർ കെ മലയത്ത്‌’ എന്ന കഥയും നിരവധി ചിത്രങ്ങളും സമാഹാരത്തിലുണ്ട്‌. നിലമ്പൂർ അരുൺ ബുക്‌സിന്റെ സഹകരണത്തോടെ ആക്ട്‌ ഫോർ ഹ്യുമാനിറ്റിയാണ്‌ പുസ്‌തകം പുറത്തിറക്കിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top