13 July Saturday

വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

ആലുവ > കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ലോകോത്തര നിലവാരം ഉറപ്പു വരുത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ആലുവ സെന്റ് സേവ്യഴ്‌സ് കോളേജിൽ രാഷ്‌ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കെട്ടിടത്തിന്റെയും നവീകരണപ്രവർത്തനങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉയർച്ചയ്‌ക്ക് നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി  അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളിലെ പഠന രീതിയിൽ ഗുണപരമായ  മാറ്റങ്ങളുണ്ടാകും. വിദ്യാർത്ഥികളുടെ സർഗവാസനകളെ  കൂടുതൽ മെച്ചപ്പെടുത്തും വിധം വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യഭ്യാസ നയമാണ് സ്വീകരിക്കുക. സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രയോജനപ്പെടുത്തണം - മന്ത്രി പറഞ്ഞു.

സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  ധനസഹായം നൽകുന്നതിന്  2013-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയാണ് റൂസ. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 60:40 എന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ  പദ്ധതി വിഹിതം. രണ്ട് കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി കോളേജിന് ലഭിച്ചത്. ഒരു കോടി രൂപ മൂന്ന് ക്ലാസ് മുറികളും കോൺഫറൻസ് ഹാളും ഉൾപ്പെടെ എട്ടു മുറികളും ശുചി മുറികളുമുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഉപയോഗിച്ചു. ശേഷിക്കുന്ന തുക  കോളേജിലെ നിലവിലെ കെട്ടിട്ടങ്ങളുടെ നവീകരണവും സോളാർ പാനൽ സ്ഥാപിക്കുന്നതിനും ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ അൻവർ സാദത്ത്  എം എൽ എ  അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി  മുഖ്യാതിഥിയായി. ആലുവ മുൻസിപ്പൽ ചെയർമാർ എം ഒ ജോൺ, കൗൺസിലർ കെ ജയകുമാർ, സംസ്ഥാന നിർമ്മിതി കേന്ദ്ര എൻജിനീയർ ഡോ.റോബർട്ട് വി തോമസ്, മാനേജർ സിസ്റ്റർ ചാൾസ്, പ്രിൻസിപ്പൽ പ്രൊഫ.ഡോ. മിലൻ ഫ്രാൻസ്, ജയിംസ് സെബാസ്റ്റ്യൻ, സിസ്റ്റർ കെ എ സ്റ്റെല്ല, തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top