20 April Saturday

അഭ്യസ്തവിദ്യരെ സംരംഭകരാക്കി 
മാറ്റും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


കോട്ടയം
അഭ്യസ്തവിദ്യരായ യുവാക്കളെ തൊഴിലന്വേഷകർ എന്ന നിലയിൽനിന്ന് സംരംഭകരായും തൊഴിൽദാതാക്കളായും മാറ്റാനുള്ള നൂതന പദ്ധതികളാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇന്നൊവേഷൻ ഫൗണ്ടേഷൻ പോലുള്ള നൂതന പദ്ധതികൾകൊണ്ട്‌ ഇതാണ്‌ ലക്ഷ്യമിടുന്നത്‌. എംജി സർവകലാശാലാ ഇന്നൊവേഷൻ ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച വിവിധ ഹബ്ബുകളും, സർവകലാശാലയുടെ- ഡിജി ആർക്കൈവ് പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖല പരമ്പരാഗത നയങ്ങളിൽനിന്ന് മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. പുതുതലമുറ കൊണ്ടുവരുന്ന ആശയങ്ങളെ ഉൽപാദന മേഖലയിലേക്ക് വഴിതിരിച്ചുവിട്ട് സമൂഹത്തിന്റെ പുരോഗതി ഉറപ്പുവരുത്തണം. ഒരു വിജ്ഞാന സമൂഹമെന്ന നിലയിൽ ഈ രംഗത്ത് ഒരു തരത്തിലുള്ള സ്തംഭനാവസ്ഥയും അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. 

പഠനരംഗത്തെ ഉന്നതനിലവാരവും ഗുണമേന്മയും ഉറപ്പാക്കി നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്ന് അധ്യക്ഷനായ സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർവകലാശാലാ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാമിന് കീഴിൽ പുതുതായി സജ്ജീകരിച്ച ഓൺലൈൻ പരീക്ഷാകേന്ദ്രം അദ്ദേഹം ഉദ്ഘാടനംചെയ്‌തു.

ഇന്നൊവേഷൻ ഫൗണ്ടേഷന് കീഴിലുള്ള ഹൈ- പെർഫോമൻസ് കംപ്യൂട്ടിങ് ഇൻക്യുബേറ്റർ തോമസ് ചാഴികാടൻ എംപിയും, ഓഡിയോ റെക്കോഡിങ്‌ സ്റ്റുഡിയോ സിൻഡിക്കറ്റംഗം അഡ്വ. ജോബ് മൈക്കിൾ എംഎൽഎയും  ഉദ്ഘാടനംചെയ്‌തു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ -വൈസ് ചാൻസലർ പ്രൊഫ. സി ടി അരവിന്ദകുമാർ, സിൻഡിക്കറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, ഡോ. എ ജോസ്, ഡോ. റോബിനറ്റ് ജേക്കബ്, രജിസ്ട്രാർ പ്രൊഫ. ബി പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു.

  റൂസ(ആർയുഎസ്എ) പദ്ധതിക്ക് കീഴിൽ 7.5 കോടി രൂപ ചെലവഴിച്ചാണ് ഇന്നൊവേഷൻ ഫൗണ്ടേഷൻ ടെക്‌നോളജി ബിസിനസ് ഇൻക്യുബേഷൻ ഫെസിലിറ്റീസ് ആൻഡ് കരിയർ ഹബ്ബുകൾ സജ്ജീകരിച്ചത്. സർവകലാശാല പ്രവർത്തനമാരംഭിച്ച 1983 മുതലുള്ള ടാബുലേഷൻ രജിസ്റ്ററുകൾ സർക്കാർ പദ്ധതി വിഹിതത്തിൽനിന്നും 1.43 കോടി രൂപ ചെലവഴിച്ച് ഡിജിറ്റൽവൽക്കരിച്ചാണ് ഡിജി -ആർക്കൈവ് പദ്ധതി നടപ്പാക്കിയത്. ആധുനിക സൗകര്യങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ നിന്നുള്ള 1.1 കോടി രൂപ ചെലവിലാണ് ക്രമീകരിച്ചത്.
.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top