29 March Friday

ഖത്തറിലേക്കുള്ള 
വഴി മുടക്കി വിസ സെന്റർ ; നഷ്ടമാകുന്നത്‌ വൻ തുകയെന്ന്‌ ഉദ്യോഗാർഥികൾ

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Jul 4, 2022



കൊച്ചി
ഖത്തറിലേക്ക്‌ ജോലിക്കുപോകുന്നരുടെ യാത്ര വിലക്കി ഇടപ്പള്ളി ഖത്തർ വിസ സെന്റർ. ഖത്തർ വിസയ്‌ക്കായി മെഡിക്കൽ പരിശോധന നടത്തുന്ന കേരളത്തിലെ ഏക ഖത്തർ വിസ സെന്ററാണ്‌ ഉദ്യോഗാർഥികളെ വട്ടംകറക്കുന്നത്‌. സ്വകാര്യ ആശുപത്രികളിലേക്ക്‌ അനാവശ്യ ടെസ്‌റ്റുകൾ എഴുതിനൽകുന്നതിനാൽ വൻ തുകയാണ്‌ നഷ്ടമാകുന്നതെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. 45,000 രൂപവരെയാണ്‌ ചെലവ്‌.

പ്രമേഹമുള്ളവരെ മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുത്തുന്നതായും പരാതിയുണ്ട്‌.  ക്രിയാറ്റിൻ പരിശോധനയുടെ പേരിലും നിരവധിപേരെ തഴഞ്ഞു. ക്രിയാറ്റിൻ അളവ്‌ കൂടിയവരെ ടെസ്‌റ്റിൽ പരാജയപ്പെടുത്തിയതായി പരാതികൾ ഉയർന്നു. സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ്‌ തട്ടിപ്പെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. മെഡിക്കൽ പരിശോധന വൈകിപ്പിക്കുന്നതിനാൽ പലർക്കും ഖത്തറിലെ ജോലി നഷ്ടമായി.

ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസിവഴിയാണ്​ ഓരോ രാജ്യത്തെയും വിസാകേന്ദ്രങ്ങൾ നടത്തുന്നത്​. ഈ ഏജൻസികൾക്കാണ്​ പ്രവർത്തനചുമതല. ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ർക്ക് മെ​ട്രോ സ്​റ്റേഷനുസ​മീ​പം നാ​ഷണ​ൽ പേ​ൾ സ്​റ്റാ​ർ ബി​ൽഡി​ങ്ങിൽ പ്രവർത്തിക്കുന്ന വിസ സെന്റർ നിലവിൽ സ്‌റ്റെംസ്‌ റേഡിയോളജി പ്രൈവറ്റ്‌ ലിമിറ്റഡാണ്‌ നടത്തുന്നത്‌.

സിടി സ്‌കാനും 
രക്തപരിശോധനകളും
ബയോമെട്രിക്​ വിവരശേഖരണവും മെഡിക്കൽ പരിശോധനയുമാണ്‌ സെന്ററിൽ നടത്തുന്നത്‌. വിസയുടെ ഫീസ്‌ ഓൺലൈനിൽ അടച്ചശേഷം മെഡിക്കൽ പരിശോധനയ്‌ക്ക്‌ സെന്ററിൽ എത്തിയാൽ മതി. സിടി സ്കാൻ, രക്തപരിശോധനകൾ, എൻഡോസ്കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയവയ്‌ക്കായി സ്വകാര്യ ആശുപത്രികളിലേക്ക്‌ അയക്കുകയാണ്‌.

ദൂരസ്ഥലങ്ങളിൽനിന്ന്‌​ വരുന്നവരെപ്പോലും അകാരണമായി മടക്കി അയക്കുന്നു. പലർക്കും എറണാകുളത്ത്‌ ആഴ്‌ചകൾ തങ്ങേണ്ടിവന്നിട്ടുണ്ട്‌. എക്​സ്‌റേ എടുത്തത്​ ശരിയായോ എന്ന്​ അപ്പോൾത്തന്നെ അറിയാമെന്നിരിക്കെ ദിവസങ്ങൾക്കുള്ളിൽ ഇതേകാരണം പറഞ്ഞ്​ വീണ്ടും വരാൻ ആവശ്യപ്പെടും​.

കൊ​ച്ചി അടക്കം ഇ​ന്ത്യ​യിൽ ഏഴിടത്ത്‌ ഖ​ത്ത​ർ വി​സ സേ​വ​നകേന്ദ്രങ്ങളുണ്ട്. സെന്ററിനുമുന്നിൽ കേരള പ്രവാസിസംഘം പ്രതിഷേധസമരം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‌ എംപിമാരടക്കം പരാതി നൽകിയിട്ടും ഇടപെടലുണ്ടായില്ല. ചൂഷണത്തിന്‌ ഇരയായവർ ചേർന്ന്‌ ആരംഭിച്ച കർമസമിതി  ഹൈക്കോടതിയിൽ കേസ്‌ നൽകിയിട്ടുണ്ട്‌. കളമശേരി പൊലീസ്‌ സ്‌റ്റേഷനിൽ പരാതിയും നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top