20 April Saturday

അറ്റകുറ്റപ്പണിക്ക്‌ കർമസംഘം: സംസ്ഥാന റോഡ്‌ പരിപാലനം കൃത്യം

സ്വന്തം ലേഖകൻUpdated: Monday Aug 8, 2022

തിരുവനന്തപുരം > സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ‌ റോഡുകളുടെ പരിപാലനത്തിൽ ഉറപ്പാക്കുന്നത്‌ മാതൃകാപരമായ നടപടികൾ. റോഡിലെ കുഴികൾ അടച്ച്‌ ഗതാഗത യോഗ്യമാക്കാൻ ഈവർഷം രണ്ടുഘട്ടമായി 302.286 കോടി രൂപ അനുവദിച്ചു.  12,332 കിലോമീറ്റർ മരാമത്ത്‌ റോഡിന്റെ അറ്റകുറ്റപ്പണി ഉറപ്പാക്കി.

പുറമെ മഴക്കാലപൂർവ അറ്റകുറ്റപ്പണികളുടെ ഭാഗമായി 216 പ്രവൃത്തിയിലായി 9210 കിലോമീറ്റർ റോഡും ഗതാഗത യോഗ്യമാക്കി. റോഡ്‌ മെയിന്റനൻസ്‌ മാനേജുമെന്റ്‌ സിസ്‌റ്റത്തിൽ 7000 കിലോമീറ്റർ റോഡിന്റെ ഉപരിതലം സാങ്കേതികവിദ്യാ സഹായത്തോടെ പരിശോധിച്ച്‌ പരിപാലനം ഉറപ്പാക്കുന്നുണ്ട്‌.
കാലവർഷക്കാലത്തെ പൊതുമരാമത്ത്‌ റോഡ്‌ പരിപാലനത്തിന്‌ പ്രത്യേക കർമ സംഘമുണ്ട്‌. ചീഫ്‌ എൻജിനിയർമാർ സംസ്ഥാനതലത്തിലും എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാർ ജില്ലാതലത്തിലും ജൂൺ ഒന്നുമുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പരാതിപ്പെടാൻ 18004257771 ടോൾഫ്രീ നമ്പരുമുണ്ട്‌.

മഴ ഇല്ലെങ്കിൽ പരമാവധി 48 മണിക്കൂറിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും ഉറപ്പാക്കി പരാതിക്കാരനെ നേരിട്ട്‌ അറിയിക്കും. കർമസംഘത്തിന്റെ വാട്‌സാപ്‌ ഗ്രൂപ്പിലും രേഖപ്പെടുത്തും. അറ്റകുറ്റപ്പണികളുടെ പുരോഗതി വിലയിരുത്താൻ എല്ലാ നിയോജകമണ്ഡലത്തിലും നോഡൽ ഓഫീസറുമുണ്ട്‌.

കേരളത്തിലെ റോഡ്‌ ശൃംഖലയുടെ 12.34 ശതമാനം (29,522 കിലോമീറ്റർ) മാത്രമാണ്‌ മരാമത്ത്‌ വകുപ്പിനുള്ളത്‌. ദേശീയപാതാ അതോറിട്ടിയുടെ കീഴിലാണ്‌ 1782 കിലോമീറ്ററുള്ള 11 പ്രധാന റോഡ്‌. 1,99,854 കിലോമീറ്റർ റോഡ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ കീഴിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top