08 December Friday
വ്യക്തിയുടെതല്ല കൂട്ടായ വിജയമാണ്‌ ഉണ്ടായതെന്ന്‌ രമേശ്‌ ചെന്നിത്തല

പുതുപ്പള്ളി : ക്രെഡിറ്റ്‌ തട്ടാൻ സതീശൻ ;
 എതിർപ്പുയർത്തി നേതാക്കൾ , കോൺഗ്രസിൽ അടി മുറുകുന്നു

ദിനേശ്‌വർമUpdated: Sunday Sep 10, 2023


തിരുവനന്തപുരം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ വിജയത്തിന്‌ പിന്നാലെ കോൺഗ്രസിൽ അടി മുറുകുന്നു. സംഘടനാ മികവാണ്‌ വിജയമെന്നും വി ഡി സതീശനാണ്‌ വിജയശിൽപ്പിയെന്നുമുള്ള അവകാശവാദങ്ങളെയാണ്‌ നേതാക്കളും പ്രവർത്തകരും ചോദ്യം ചെയ്യുന്നത്‌. ‘രമേശ്‌ ചെന്നിത്തലയടക്കം വന്നുപോയ നേതാക്കളാണ്‌, സതീശനാണ്‌ മണ്ഡലത്തിൽ ക്യാമ്പ്‌ ചെയ്‌ത്‌ വിജയിപ്പിച്ചത്‌’ –- ഫലപ്രഖ്യാപനത്തെ തുടർന്നുള്ള വാർത്താ സമ്മേളനത്തിൽ  കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ  ഈ പ്രതികരണമാണ്‌ പാർടിക്കുള്ളിൽ വിവാദമായത്‌.  ഇത്‌ മുതിർന്ന നേതാക്കളിലടക്കം കടുത്ത രോഷമുണ്ടാക്കി.   തൊട്ടടുത്തിരുന്ന്‌ അത്‌ ആസ്വദിച്ച സതീശൻ തിരുത്തിയില്ലെന്ന ആക്ഷേപവും നേതാക്കൾ പങ്കുവയ്ക്കുന്നു. വിജയിപ്പിച്ചത്‌ ‘ടീം പുതുപ്പള്ളി’ എന്നു പറഞ്ഞ സതീശൻ ക്യാമ്പ്‌  ‘വിജയശിൽപ്പി സതീശൻ’ പ്രചാരണവും ശക്തമാക്കി.

വ്യക്തിയുടെതല്ല കൂട്ടായ വിജയമാണ്‌ ഉണ്ടായതെന്ന്‌ ഒരു മാധ്യമത്തോട്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. സംഘടനാപരമായ നേട്ടമല്ലെന്ന്‌ അടിവരയിടുകയാണ്‌ ‘യുവാക്കളെ കാണാനില്ല’ എന്ന കെ മുരളീധരന്റെ പ്രതികരണം. എന്നാൽ, ‘ഗജവീരനാണ്‌ മുരളി’ എന്ന്‌  സതീശൻ പരിഹസിച്ച്‌ തള്ളി. 

‘ഏതു വിഷയം വന്നാലും പത്രസമ്മേളനം നടത്തി പ്രതികരിക്കുന്നവരല്ല, മരിച്ച്‌ പണിയെടുത്ത നേതാക്കളും പ്രവർത്തകരുമാണ്‌ വിജയത്തിനു പിന്നിൽ’–- ഒരു കെപിസിസി ഭാരവാഹി ദേശാഭിമാനിയോട്‌ പറഞ്ഞു. ‘പുതുപ്പള്ളിയിൽ സംഘടനയും കമ്മിറ്റികളുമൊന്നും ഉണ്ടായിരുന്നില്ല. കുടുംബയോഗം എന്നുപറഞ്ഞാൽ എന്താണെന്നുവരെ ചോദിച്ചവരുണ്ട്‌. രാപകലില്ലാതെ പ്രവർത്തിച്ചാണ്‌ അതൊക്കെ നടത്തിയത്‌. അവരിൽ എംഎൽഎമാരുണ്ട്‌, എംപിമാരുണ്ട്‌, മറ്റ്‌ നേതാക്കളുണ്ട്‌. അവരെല്ലാമാണ്‌ വിജയശിൽപ്പികൾ’–- അദ്ദേഹം പറഞ്ഞു.

ജയിച്ചത്‌ ഉമ്മൻചാണ്ടിയാണെന്നും പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുത്തത്‌ കെ സി വേണുഗോപാൽ ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞതാണ്‌ ശരിയെന്നാണ്‌  നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്‌.

പുതുപ്പള്ളിയും പുനഃസംഘടനയും നേതാക്കളുടെ പരാതികളും 12ന്‌ ചേരുന്ന കെപിസിസി യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം ചൂടുപിടിക്കും. വ്യക്തികേന്ദ്രീകൃതമായി കോൺഗ്രസിനെ മാറ്റുന്നതിലുള്ള രോഷം പരസ്യ ഏറ്റുമുട്ടലിലേക്ക്‌ എത്തുമെന്ന സൂചനയുമുണ്ട്‌.

പുതുപ്പള്ളിയിൽ വീഴ്‌ചപറ്റി: 
കെ മുരളീധരൻ
പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർടി സംവിധാനത്തിന്റെ വീഴ്ചയാണെന്ന്‌ കെ മുരളീധരൻ എംപി പറഞ്ഞു. സംഘടനാ സംവിധാനത്തിന് വീഴ്ചസംഭവിച്ചതുകൊണ്ടാണ്‌ പുതിയ വോട്ടർമാരെ ചേർക്കാൻ കഴിയാതെപോയത്. സഹതാപ തരംഗം  വിജയത്തിന് കാരണമായിട്ടുണ്ട്‌. വടകര പാർലമെന്റ്‌ സീറ്റിൽ മത്സരിക്കില്ല. പ്രചാരണത്തിൽ ഉണ്ടാവും. പാർടി അവഗണിക്കുന്നെന്ന കാര്യത്തിൽ നേരത്തെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ബിജെപി വോട്ടുകൾ ലഭിച്ചത് നല്ല സൂചനയാണ്‌. ബിജെപിയുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയാണതെന്നും അദ്ദേഹം വാർത്താലേഖകരോട്‌ പറഞ്ഞു.

മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ: 
വി ഡി സതീശൻ
കെ മുരളീധരൻ പാർടിയിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. പുതുപ്പള്ളിയിൽ പാർടി സംവിധാനം വേണ്ടത്ര ചലിച്ചിട്ടില്ലെന്ന മുരളീധരന്റെ വാക്കുകളോടുള്ള പ്രതികരണമായാണ്‌ ഈ പരിഹാസം.കോൺഗ്രസിൽ ആർക്കും ആരെയും കുറ്റം പറയാൻ അധികാരമുണ്ട്‌. ചർച്ചചെയ്‌ത്‌ തീർക്കാൻ പറ്റാത്ത ഒരു വിഷയവും പാർടിയിൽ  ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുരളീധരന്റെ അഭിപ്രായം പരിശോധിക്കും. രമേശ്‌ ചെന്നിത്തല‌ക്ക്  പരിഗണന ലഭിച്ചിട്ടില്ലെന്ന പരാതി ദേശീയ തലത്തിലാണ്‌ പരിഹരിക്കേണ്ടത്‌. ഒറ്റക്കെട്ടായിനിന്നാണ്‌ പുതുപ്പള്ളിയിൽ വിജയിച്ചതെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top