07 July Monday

പുതുപ്പള്ളി വോട്ടെണ്ണൽ എട്ട്‌ മണിക്ക്‌ ആരംഭിക്കും; ആദ്യം എണ്ണുക അയർക്കുന്നം, എട്ടരയ്‌ക്ക്‌ ആദ്യ സൂചന

വെബ് ഡെസ്‌ക്‌Updated: Friday Sep 8, 2023

കോട്ടയം > പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. ആദ്യ ഫലസൂചന രാവിലെ 8.30ഓടെ അറിയാം. 20 മേശകളിലാണ് വോട്ടെണ്ണൽ. 14 മേശകളിൽ യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ്(ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടും എണ്ണും. തപാൽ വോട്ടും സർവീസ് വോട്ടുമാണ് ആദ്യം എണ്ണുക. ആകെ 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. 

മൊത്തം 182 ബൂത്തുകളുണ്ട്‌. 13 റൗണ്ടുകളായി വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണും. ആദ്യ നമ്പറുകളിലുള്ള ബൂത്തുകൾ അയർക്കുന്നം വില്ലേജിലാണ്‌. ആദ്യ ഫലസൂചനകളും ഈ ബൂത്തുകളിൽ നിന്നറിയാം. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജെയ്‌ക്‌ സി തോമസ്‌ (എൽഡിഎഫ്‌), ചാണ്ടി ഉമ്മൻ (യുഡിഎഫ്‌), ലിജിൻ ലാൽ (എൻഡിഎ),  ലൂക്ക്‌ തോമസ്‌ (ആം ആദ്‌മി പാർടി) എന്നിവരടക്കം ഏഴ്‌ സ്ഥാനാർഥികളാണ്‌ മത്സരിച്ചത്‌. 1,76,412 വോട്ടർമാരിൽ തപാൽ വോട്ടുകളടക്കം 1,31,026 പേരാണ്‌  വോട്ട്‌ ചെയ്‌തത്‌. 74.27 ശതമാനമാണ്‌ പോളിങ്‌.

അയർക്കുന്നം പുന്നത്തുറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ വിവരങ്ങളാണ്‌ ആദ്യം പുറത്ത്‌ വരിക. കൊങ്ങാണ്ടൂർ സെന്റ്‌ ജോസഫ്‌ എൽപി സ്‌കൂൾ എന്നിവ തുടർന്ന്‌ എണ്ണും. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന  ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും.  13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും.

ഒന്ന്‌ മുതൽ 23 വരെ ബൂത്തുകൾ അയർക്കുന്നം വില്ലേജിൽ ഉൾപ്പെടുന്നതാണ്‌.  24 മുതൽ 28 വരെ മണർകാട്, 29-40 :അകലക്കുന്നം:  41-47:  ചെങ്ങളം ഈസ്റ്റ്, 48- 68: കൂരോപ്പട,  69 -88: മണർകാട്,  89-115: പാമ്പാടി,  116-141: പുതുപ്പള്ളി, 142-154: മീനടം, 155-171: വാകത്താനം, 172-182: തോട്ടയ്ക്കാട് എന്നിങ്ങനെയാണ്‌ ബൂത്തുകളുടെ വിവരം. തോട്ടയ്‌ക്കാട്‌ പൊങ്ങന്താനം അപ്പർ പ്രൈമറി സ്‌കൂളിലെ വിവരങ്ങളാണ്‌ ഒടുവിൽ അറിയുക.

പുതുപ്പള്ളിക്ക്‌ പുറമെ ഉപതെരഞ്ഞെടുപ്പ്‌ നടന്ന ത്രിപുരയിലെ രണ്ടും പശ്‌ചിമബംഗാളിലെ ഒരു മണ്ഡലവുമടക്കം അഞ്ചുസംസ്ഥാനങ്ങളിലായി ആറു മണ്ഡലങ്ങളിലെ കൂടി  ഫലം അറിയാനാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top