15 December Monday

ബഹുസ്വരത തകർക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണം: പുത്തലത്ത് ദിനേശൻ

സ്വന്തം ലേഖകൻUpdated: Monday Oct 2, 2023

കൊല്ലം മഹോത്സവത്തിൽ "ബഹുസ്വരതാ പാരമ്പര്യം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം > ഇന്ത്യയുടെ പാരമ്പര്യം ബഹുസ്വരതയുടേതാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധം ഉയർത്തണമെന്നും ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ പറഞ്ഞു. കൊല്ലം മഹോത്സവത്തിൽ "ബഹുസ്വരതാ പാരമ്പര്യം' എന്ന വിഷയത്തിൽ സിമ്പോസിയം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
 
നമ്മുടെ ഭക്ഷണവും വസ്ത്രവും ഭാഷയുമെല്ലാം വൈവിധ്യങ്ങളുടെ കൂടിച്ചേരലാണ്. സാമ്രാജ്യത്വത്തിനെതിരായ ദേശീയപ്രസ്ഥാനത്തിന്റെ പോരാട്ടത്തിൽനിന്നു രൂപപ്പെട്ട പേരാണ് ഇന്ത്യ. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർക്ക് ആ പേര് അം​ഗീകരിക്കാനാകില്ല. അവർ ഇന്ത്യയെന്ന പേര് തകർക്കാൻ ശ്രമിക്കുന്നു. ഇന്ത്യൻ  ഭരണഘടനയും വൈവിധ്യപൂർണമായ ദേശീയ പ്രസ്ഥാനത്തിന്റെ ഭാ​ഗമായി രൂപപ്പെട്ടതാണ്. അതിന്റെ പാരമ്പര്യം ഏറ്റുവാങ്ങാത്തവർക്ക് ഭരണഘടനയെയും അം​ഗീകരിക്കാനാകില്ല. 
 
സ്വാതന്ത്ര്യസമരത്തെ തകർക്കാൻ ബ്രിട്ടീഷുകാരാണ് ഇന്ത്യയുടെ ബഹുസ്വരതയുടെ സംസ്കാരത്തെ ആദ്യമായി വർ​ഗീയമായി ധ്രുവീകരിച്ചത്. ഹിന്ദുവിന്റെ സംസ്കാരത്തെ മുസ്ലിങ്ങൾ തകർത്തുവെന്ന തെറ്റായ ചരിത്രബോധം സൃഷ്ടിച്ചത് ബ്രിട്ടീഷുകാരാണ്. ബഹുസ്വരതയിൽനിന്ന്‌ ഹിന്ദുമതത്തെ സവർക്കർ ഹിന്ദുത്വമായി പരിവർത്തനംചെയ്ത്‌  ആക്രമണോത്സുകമാക്കി. ഗാന്ധിജിയും വിവേകാനന്ദനുമെല്ലാം വളർത്തിക്കൊണ്ടുവന്ന ഹിന്ദുമത വിശ്വാസം ബഹുസ്വരതയെ അം​ഗീകരിക്കുന്നതായിരുന്നു. അത് തങ്ങൾക്ക്‌ എതിരാണെന്നതു കൊണ്ടാണ്‌ ഹിന്ദുത്വത്തിന്റെ വക്താക്കൾ ​ഗാന്ധിജിയെ വെടിവച്ചുകൊന്നത്. 
 
ബഹുസ്വരത വെല്ലുവിളി നേരിടുന്ന കാലത്ത് നമ്മുടെ ശരിയായ സംസ്കാരം പഠിപ്പിക്കേണ്ടതുണ്ട്. എല്ലാ സംസ്കൃതിയെയും സ്വീകരിച്ചാണ് കൊല്ലം മുന്നോട്ടുവന്നത്. ബുദ്ധസംസ്കാരവും ജൈന പാരമ്പര്യവും ഇവിടെയുണ്ട്. ക്രൈസ്തവ മതം അതിന്റെ ആരംഭകാലത്ത് ഇവിടെ വന്നിട്ടുണ്ട്. കൊല്ലത്തിന്റെ ഈ പാരമ്പര്യത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട്  മതരാഷ്ട്രവാദികൾക്കെതിരായ ചെറുത്തുനിൽപ്പ്‌ ഉയർത്തേണ്ടതുണ്ടെന്ന് പുത്തലത്ത് പറഞ്ഞു.
ഇന്ത്യൻ ദേശീയതയുടെ അടിത്തറ നാനാത്വത്തിൽ ഏകത്വമാണെന്ന്‌ സിമ്പോസിയത്തിൽ അധ്യക്ഷനായ സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗം കെ രാജഗോപാൽ പറഞ്ഞു. ഏകത്വമെന്നാൽ നാനാത്വത്തിന്റെ നിഷേധമല്ല. അതിന്റെ സമന്വയമാണ്. സ്വത്വങ്ങളായി വേർതിരിച്ച് പരസ്പര വൈരുധ്യം വളർത്തി ഏകത്വം തകർക്കാനുള്ള ശ്രമമാണ് രാജ്യത്ത്‌ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജ്‌ പ്രിൻസിപ്പൽ ചിത്ര ​ഗോപിനാഥ് സ്വാഗതം പറഞ്ഞു. ലത്തീൻ കത്തോലിക്കാ സഭ കൊല്ലം രൂപതയിലെ സീനിയർ വൈദികൻ ഫാ. റൊമാൻസ് ആന്റണി, എസ്എൻ ട്രസ്റ്റ് ട്രഷറർ ജി ജയദേവൻ, കൊല്ലം മഹോത്സവം ഡയറക്ടർ ആർ സുനിൽകുമാർ, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top