29 March Friday

ആഹ്ലാദ നീലിമയിൽ പുതുജീവിതം; കൊല്ലം ക്യുഎസ്‌എസ്‌ കോളനി നിന്നിടത്ത്‌ നീലിമ ഫ്ലാറ്റ്‌ സമുച്ചയം

സ്വന്തം ലേഖികUpdated: Friday Sep 30, 2022

പള്ളിത്തോട്ടം നീലിമ ഫ്ലാറ്റ്‌ സമുച്ചയം ഉദ്‌ഘാടനം ചെയ്തശേഷം ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ താമസക്കാർക്ക്‌ 
താക്കോൽ വിതരണം ചെയ്യുന്നു

കൊല്ലം > ഫിഷറീസ്‌ വകുപ്പിന്റെ  പുനർഗേഹം പദ്ധതിയിൽ സുരക്ഷിത കിടപ്പാടം ഉറപ്പായ കുടുംബങ്ങളുടെ ഗൃഹപ്രവേശം വ്യാഴാഴ്‌ച ഉത്സവാന്തരീക്ഷത്തിൽ നടന്നു. നീലിമ ഫ്ലാറ്റ്‌ സമുച്ചയാങ്കണത്തിൽ നടന്ന ചടങ്ങ്‌ ഫിഷറീസ്‌ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉദ്‌ഘാടനംചെയ്‌തു. ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. തെരഞ്ഞെടുത്ത 10 കുടുംബങ്ങൾക്ക്‌ മന്ത്രിമാരായ വി അബദുറഹ്‌മാൻ, ജെ ചിഞ്ചുറാണി, മേയർ പ്രസന്ന ഏണസ്റ്റ്‌ എന്നിവർ താക്കോൽ കൈമാറി.
 
എം മുകേഷ്‌ എംഎൽഎ അധ്യക്ഷനായി. രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ ഉദ്‌ഘാടനംചെയ്‌ത ബൃഹത് പദ്ധതികളിൽ ഒന്നാണ്‌ നീലിമ ഫ്ലാറ്റ്‌ സമുച്ചയം. കാലപ്പഴക്കത്താൽ നിലംപൊത്താറായ ക്യുഎസ്‌എസ്‌ കോളനി നിന്ന സ്ഥലത്താണ്‌ പുത്തൻ കെട്ടിടസമുച്ചയം പൂർത്തിയായത്‌. ഇതിൽ 114 വീടാണ്‌ ഫിഷറീസ്‌ വകുപ്പ്‌ നിർമിച്ചത്‌. കൊല്ലം കോർപറേഷൻ നിർമിക്കുന്ന 65 വീട്‌ പൂർത്തീകരണ ഘട്ടത്തിലാണ്‌.
 
ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എംപി,  മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, തീരദേശ വികസന കോർപറേഷൻ എംഡി പി ഐ ഷേയ്‌ക്ക്‌ പരീത്‌, കൗൺസിലർ എൻ ടോമി, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എച്ച്‌ ബേയ്‌സിൽലാൽ, സെക്രട്ടറി എ അനിരുദ്ധൻ, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ കെ സുഹൈർ, സിഐടിയു ജില്ലാ ട്രഷറർ എ എം ഇക്‌ബാൽ, കെ രാജീവൻ, ബിജു ലൂക്കോസ്‌ എന്നിവർ സംസാരിച്ചു. പുനർഗേഹം പ്രോജക്ട് സ്റ്റേറ്റ്‌ കോ –-ഓർഡിനേറ്റർ എസ്‌ സന്തോഷ്‌കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫിഷറീസ്‌ അഡീഷണൽ ഡയറക്ടർ എൻ എസ്‌ ശ്രീലു സ്വാഗതവും ജോയിന്റ്‌ ഡയറക്ടർ സ്‌മിതാ വി നായർ നന്ദിയും പറഞ്ഞു.
 
കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഏറ്റെടുത്ത കരാറുകാരെയും ചടങ്ങിൽ ആദരിച്ചു.മുൻ ഫിഷറീസ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയും എം മുകേഷ്‌ എംഎൽഎയും കൊല്ലം കോർപറേഷനും കൈകോർത്തതോടെയാണ്‌ ക്യുഎസ്‌എസ്‌എസ്‌ കോളനിയിലെ വാസയോഗ്യമല്ലാത്ത വീടുകൾക്കു പകരം പുതിയതിന്‌ വഴിയൊരുങ്ങിയത്‌. ക്യുഎസ്എസ്എസ്‌ കോളനിയിൽ 179 കുടുംബങ്ങളാണ് താമസിച്ചുവന്നിരുന്നത്. ഇതിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട 114 പേർക്കാണ് ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിലൂടെ ഫ്ലാറ്റ് നിർമിച്ചത്. അനുബന്ധ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്ക് പിഎംഎവൈ പദ്ധതിയിലൂടെ കോർപറേഷനാണ് വീട് നിർമിക്കുന്നത്. ഇതിൽ 48 വീടിന്റെ നിർമാണം തീർന്നു. ഇവരുടെ ഗുണഭോക്താക്കളെയും നറുക്കെടുപ്പിലൂടെ കണ്ടെത്തി. ശേഷിച്ച  17 വീടിന്റെ നിർമാണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top