ആലപ്പുഴ > ഫിഷറീസ്‌വകുപ്പ് നടപ്പാക്കുന്ന പുനർഗേഹം പുനരധിവാസ പദ്ധതിയിലൂടെ ഒരു കുടുംബംകൂടി സുരക്ഷിതഭവനത്തിലേക്ക്. ഹരിപ്പാട് തറയിൽക്കടവിൽ മണിലാലും കുടുംബവുമാണ് സ്വപ്‌നക്കൂടാരത്തിലേക്ക് മാറിയത്. കടൽത്തീരത്തോട് ചേർന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതഭവനങ്ങളിലേക്ക് മാറ്റുന്നതിനാണ് ഫിഷറീസ്‌വകുപ്പ് പുനർഗേഹം പദ്ധതി നടപ്പാക്കുന്നത്.
17 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച വീട്ടിൽ മൂന്ന് കിടപ്പുമുറി, ഹാൾ, അടുക്കള, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവയുണ്ട്. ആറുലക്ഷം രൂപ ഭൂമി വാങ്ങുന്നതിനും നാലുലക്ഷം വീട് നിർമാണത്തിനും ലഭിച്ചു. അധികതുക ഗുണഭോക്തൃവിഹിതമാണ്. നിർമാണം പൂർത്തിയായി കഴിഞ്ഞ മാസമാണ് പുതിയ വീട്ടിൽ താമസം തുടങ്ങിയത്. കാർഗിൽ ജങ്‌ഷന് കിഴക്ക് കടൽത്തീരത്തായിരുന്നു താമസം. കടലാക്രമണഭീതിയിൽ കഴിഞ്ഞ കാലം അവസാനിച്ചതിന്റെ സന്തോഷത്തിലാണ് ഭാര്യയും രണ്ട് കുട്ടികളും പ്രായമായ അമ്മയും അടങ്ങിയ കുടുംബം.
ഹരിപ്പാട് മണ്ഡലത്തിൽമാത്രം പുനർഗേഹം പദ്ധതിയിൽ 123 ഗുണഭോക്താക്കൾ ഭൂമി കണ്ടെത്തി വീടുനിർമിക്കുന്നുണ്ട്. 64 കുടുംബം പുതിയ വീട്ടിലേക്ക് മാറി. ജില്ലയിൽ ആകെ 1212 ഗുണഭോക്താക്കളിൽ 720 പേർ സുരക്ഷിതമേഖലയിൽ ഭൂമി കണ്ടെത്തി രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു. 525 ഗുണഭോക്താക്കൾക്ക് പദ്ധതി ധനസഹായമായ 10 ലക്ഷം രൂപ പൂർണമായി നൽകി. ഇതിൽ 256 ഗുണഭോക്താക്കൾ പുതിയ ഭവനത്തിലേക്ക് താമസം മാറി.
പുനർഗേഹം ഗുണഭോക്താക്കൾക്ക് കൈമാറാനായി തോട്ടപ്പള്ളിയിൽ 204 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..