08 May Wednesday

പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്‌; അറസ്‌റ്റിലായ കെ കെ അബ്രഹാം കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

കൽപ്പറ്റ > പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസിൽ അറസ്‌റ്റിലായ കോൺഗ്രസ്‌ നേതാവ്‌ കെ കെ അബ്രഹാം കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു. അറസ്‌റ്റിലായ അബ്രഹാം ഇപ്പോൾ റിമാൻഡിലാണ്‌. കോൺഗ്രസ് നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിയാണ്‌, കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം അറസ്റ്റിലായത്‌.

സഹകരണ ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ വായ്പാ തട്ടിപ്പിന് ഇരയായ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല ഇളയിലാത്ത് രാജേന്ദ്രൻ നായരാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അബ്രഹാം ബാങ്ക്‌ പ്രസിഡന്റ്‌ ആയിരിക്കുമ്പോഴാണ്‌ എട്ടര കോടി രൂപയുടെ തട്ടിപ്പ്‌. തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട്‌ ഡാനിയേലും ഭാര്യ സാറാക്കുട്ടിയും നൽകിയ പരാതിയുൾപ്പെടെ പരിഗണിച്ചാണ്‌ അറസ്‌റ്റ്‌.

പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സഹകരണമന്ത്രി വി എൻ വാസവൻ അറിയിച്ചു. എടുക്കാത്ത വായ്പയിന്മേൽ നോട്ടീസ് ലഭിച്ച കർഷകൻ ആത്മഹത്യ ചെയ്യുകയും ബാങ്കിലെ വായ്പാ ക്രമക്കേട് സംബന്ധിച്ച് നിരവധി പരാതി ഉയരുകയും ചെയ്‌ത സാഹചര്യത്തിലാണിത്‌.

സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പ്രത്യേക അന്വേഷക സംഘത്തെ നിയമിച്ച് സഹകരണസംഘം രജിസ്ട്രാർ ഉത്തരവിറക്കി. സഹകരണസംഘം രജിസ്ട്രാർ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ടി അയ്യപ്പൻ നായരാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അസിസ്റ്റന്റ് രജിസ്ട്രാർ അരുൺ വി സജികുമാർ, ആർ രാജാറാം, പി ജ്യോതിഷ് കുമാർ, എം ബബീഷ് എന്നിവർ അന്വേഷക സംഘത്തിലുണ്ട്‌. വായ്പാ ക്രമക്കേട്‌, ബാങ്കിന്റെ ആസ്തിബാധ്യതകൾ, നിയമ വിരുദ്ധമായി ബാങ്കിന്റെ പൊതുഫണ്ട് ചെലവഴിച്ചിട്ടുണ്ടോ എന്നീ വിഷയങ്ങളിലാണ് അന്വേഷണം.

യുഡിഎഫ് ഭരിക്കുന്ന ബാങ്കിന്റെ നടപടികൾ പലതും നിയമവിരുദ്ധമാണെന്ന്‌ ആദ്യം പരിശോധന നടത്തിയ സംഘം കണ്ടത്തി. 2015–-16 ൽ നടന്ന വായ്പാ ഇടപാടുകളിൽ ബിനാമി വായ്പകൾ ഉൾപ്പെടെ ക്രമക്കേടുകൾ നടന്നെന്ന്‌ പരാതിയുണ്ട്‌. തുച്ഛ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പ അനുവദിക്കൽ, ഭരണസമിതി അംഗങ്ങളുടെയും ബന്ധുക്കളുടെയും പേരിൽ ക്രമവിരുദ്ധ വായ്പ, വ്യവസ്ഥകൾക്ക് വിരുദ്ധമായി വായ്പ അനുവദിക്കൽ, നിയമവിരുദ്ധമായി പ്രോപ്പർട്ടി ഇൻസ്പെക്‌ഷൻ ഫീസ് കൈപ്പറ്റൽ, ഈട് വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ വായ്പ അനുവദിക്കൽ, ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള മൂല്യംകുറഞ്ഞ വസ്തു ഈടായി സ്വീകരിച്ച് വായ്പ നൽകൽ, പണയ സ്വത്തുക്കളുടെ അന്വേഷണ റിപ്പോർട്ടിൽ വ്യാജ വസ്തുതകൾ റിപ്പോർട്ട് ചെയ്യൽ തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതനുസരിച്ച് നടപടികൾ സ്വീകരിച്ചുവരുമ്പോഴായിരുന്നു കർഷകന്റെ ആത്മഹത്യ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top