20 April Saturday

മരണത്തിന്‌ ഉത്തരവാദി 
കോൺഗ്രസ്‌; കർഷകന്റെ ആത്മഹത്യാക്കുറിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പ്‌

പുൽപ്പള്ളി > കോൺഗ്രസ്‌ നേതാക്കളുടെ വായ്‌പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെത്തി. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമും കൂട്ടാളികളുമാണ്‌ മരണത്തിന്റെ ഉത്തരവാദികൾ എന്നാണ്‌ കുറിപ്പിലുള്ളത്‌. വീടിന്റെ ചുമരലമാരയിൽ തുണികൾക്കിടയിലുണ്ടായിരുന്ന പോക്കറ്റ്‌ ഡയറിക്കുള്ളിൽനിന്ന്‌ വെള്ളി പകൽ രണ്ടോടെയാണ്‌ ആത്മഹത്യാക്കുറിപ്പ്‌ ലഭിച്ചത്‌.
 
‘എന്റെ മരണത്തിന്‌ ഉത്തരവാദികൾ കൊല്ലപ്പള്ളി സജീവൻ, കെ കെ അബ്രഹാം, സുജാത ദിലീപ്‌, രമാദേവി. എനിക്ക്‌ പുൽപ്പള്ളി സഹകരണ ബാങ്കിൽ കൃഷി ലോണായ 70,000 രൂപ മാത്രം. ഇവർ എന്നെ ചതിച്ചതാണ്‌’. എന്നിങ്ങനെയാണ്‌ ആത്മഹത്യാക്കുറിപ്പ്‌. കത്ത് പൊലീസിന് കെെമാറി. കഴിഞ്ഞ മെയ്‌ 30ന്‌ ആണ്‌ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത്‌ രാജേന്ദ്രൻ നായർ ജീവനൊടുക്കിയത്‌.
 
കെ കെ അബ്രഹാം ബാങ്ക്‌ പ്രസിഡന്റായിരിക്കെ 2016 -17ൽ 70 സെന്റ്‌ ഈട്‌ നൽകി രാജേന്ദ്രൻ പുൽപ്പള്ളി സഹകരണ ബാങ്കിൽനിന്ന്‌ 70,000 രൂപ വായ്‌പ എടുത്തിരുന്നു. എന്നാൽ ബാങ്ക്‌ പ്രസിഡന്റുൾപ്പെടെയുള്ള തട്ടിപ്പ്‌ സംഘം രാജേന്ദ്രന്റെ പേരിൽ 24,30,000 ലക്ഷം രൂപ വായ്‌പയായി തട്ടിയെടുത്തു. പലിശ ഉൾപ്പെടെ ഇപ്പോൾ 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട്‌. ആത്മഹത്യാ കുറിപ്പിലുള്ള കൊല്ലപ്പള്ളി സജീവൻ കെ കെ അബ്രഹാമിന്റെ ബിനാമിയാണ്‌. സുജാത ദിലീപ്‌ ബാങ്കിന്റെ മുൻഡയറക്ടറും രമാദേവി മുൻസെക്രട്ടറിയുമാണ്‌. കർഷകന്റെ ആത്മഹത്യയെ തുടർന്ന്‌ അറസ്‌റ്റിലായ അബ്രഹാമും രമാദേവിയും ജയിലിലാണ്‌. കേസിൽ മൂന്നാം പ്രതിയായ സജീവൻ ഒളിവിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top