29 March Friday

കോൺഗ്രസ്‌ നേതാക്കളുടെ വായ്‌‌പാ തട്ടിപ്പ്‌: ബിനാമി അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ മാറ്റിയത്‌ 1.64 കോടി

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

കൽപ്പറ്റ> പുൽപ്പള്ളി സഹകരണ ബാങ്ക്‌ കേന്ദ്രീകരിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിലൂടെ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ ബിനാമിയുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ മാറ്റിയത്‌ 1.644 കോടി രൂപ.  സേവാദൾ ജില്ലാ വൈസ്‌ചെയർമാൻ സജീവൻ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിലേക്കാണ്‌ ഈ പണം മാറ്റിയത്‌. വ്യാജ പവർ ഓഫ്‌ അറ്റോർണി ചമച്ചാണ്‌ സജീവന്റെ പേരിൽ ബാങ്കിലുള്ള 0010001014444 നമ്പർ സേവിങ്ങ്‌സ്‌ അക്കൗണ്ടിലേക്ക്‌ പണം ട്രാൻസ്‌ഫർ ചെയ്‌തത്‌. വിവിധ ആളുകളുടെ പേരിൽ പാസാക്കിയ വായ്‌പാ തുകയാണിത്‌.  തട്ടിപ്പിനിരയായി കഴിഞ്ഞദിവസം ആത്മഹത്യചെയ്‌ത കേളക്കവല ചെമ്പകമൂല ഇടയിലാത്ത്‌ രാജേന്ദ്രൻ നായരുടെ പേരിലുള്ള വായ്‌പാതുകയും ഈ അക്കൗണ്ടിലേക്കാണ്‌ മാറ്റിയത്‌.

പലരുടെയും തുക പൂർണമായും ഭാഗികമായും മാറ്റിയിട്ടുണ്ട്‌. ഭരണസമിതി അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പേരിൽ അനുവദിച്ച തുകയും സജീവന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. 2015 മുതൽ ഇത്തരം തട്ടിപ്പ്‌ നടത്തിയിട്ടുണ്ട്‌. 32 പേരുടെ വായ്‌പാ തുകയാണ്‌ ബിനാമി അക്കൗണ്ടിലേക്ക്‌ മാറ്റിയത്‌. വഴി സൗകര്യമില്ലാത്തതും വനത്തോട്‌ ചേർന്നതും ആധരാം ഇല്ലാത്തതുമായ ഭൂമിക്കുൾപ്പെടെ  വായ്‌പ അനുവദിച്ചു. യഥാർഥ ഭൂവുടമകളിൽനിന്ന്‌ വായ്‌പ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ച്‌ കത്തിടപാടുകൾ ഏജന്റിന്റെ മേൽവിലാസത്തിൽ നടത്തി. 9.6 ലക്ഷം രൂപ മാത്രം വിപണി മൂല്യമുള്ള സജീവന്റെ സ്ഥലത്തിന്‌ 25 ലക്ഷം രൂപയും വായ്‌പയും നൽകി.

ആത്മഹത്യ ചെയ്‌ത രാജേന്ദ്രൻ നായർ 2015 ഫെബ്രുവരി ആറിന്‌  ബാങ്കിൽനിന്ന്‌  70,000 രൂപ വായ്‌പ എടുത്തതാണ്‌. പിറ്റേവർഷം  വായ്‌പ പുതുക്കുമ്പോഴാണ്‌ വായ്‌പക്കാരനറിയാതെ തട്ടിപ്പ്‌ നടത്തിയത്‌. 25 ലക്ഷം രൂപകൂടി ഇതേ ഈടിൽ തട്ടി. ഭരണസമിതി യോഗത്തിൽ ഈ വായ്‌പയുടെ അപേക്ഷ അജൻഡയിൽ ഉൾപ്പെടുത്തിയത്‌ ബാങ്ക്‌ പ്രസിഡന്റായിരുന്ന കെ കെ അബ്രഹാമാണ്‌. വ്യാജമായ വസ്‌തുതകൾ ഉൾക്കൊള്ളിച്ച്‌ സമർപ്പിച്ച അപേക്ഷയിൽ ലോൺ സെക്‌ഷൻ മേധാവിയായിരുന്ന പി യു തോമസ്‌ ഒരു വിയോജിപ്പും പ്രകടിപ്പിക്കാതെ തട്ടിപ്പിന്‌ കൂട്ടുനിന്നു.

സജീവൻ കൊല്ലപ്പള്ളിക്കും കോൺഗ്രസ്‌ സ്ഥാനക്കയറ്റം നൽകി

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കേസിലെ പ്രതിയായ സജീവൻ കൊല്ലപ്പള്ളിക്കും കോൺഗ്രസ്‌ സ്ഥാനക്കയറ്റം നൽകി. ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവരുന്ന സമയത്ത്‌ സജീവൻ സേവാദൾ പുൽപ്പള്ളി മണ്ഡലം ഭാരവാഹിയായിരുന്നു. പിന്നീട്‌ കോൺഗ്രസ്‌ നേതൃത്വം സജീവനെ സേവാദൾ ജില്ലാ വൈസ്‌ ചെയർമാനാക്കി. തട്ടിപ്പ്‌ നടത്തി നേതാക്കൻമാർക്കുൾപ്പെടെ കോടികൾ സമ്പാദിച്ചതിനുള്ള പ്രതിഫലമായിരുന്നു പാർടിയിലെ സ്ഥാനക്കയറ്റവും.  തട്ടിപ്പിനിരയായ പറമ്പക്കാട്ട്‌ ഡാനിയേലും സാറാക്കുട്ടിയും പുൽപ്പള്ളി പൊലീസിൽ നൽകിയ പരാതിയിലെടുത്ത കേസിലെ മൂന്നാം പ്രതിയാണ്‌ സജീവൻ. ഈ കേസിലുൾപ്പെടെയാണ്‌ കെ കെ അബ്രഹാമും ബാങ്ക്‌ മുൻസെക്രട്ടറി രമാദേവിയും അറസ്‌റ്റിലായത്‌. സജീവൻ ഒളിവിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top