20 April Saturday

കോവിഡ്‌ ബാധിതനെന്ന്‌ വ്യാജ പ്രചാരണം; ചേർത്തു പിടിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്, ‌കൈയ്യടിച്ച്‌ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

പെരിന്തൽമണ്ണ > കോവിഡ് ബാധിതനെന്ന വ്യാജ പ്രചാരണം നടത്തി നാട്ടുകാർ അകറ്റി നിർത്തിയ രാമചന്ദ്രനെ ചേർത്തുപിടിച്ച പഞ്ചായത്ത് പ്രസിഡന്റിന്‌ നാടിന്റെ കൈയ്യടി. പുലാമന്തോൾ പഞ്ചായത്തിലെ ചെമ്മലശ്ശേരി അങ്ങാടിയിലൂടെയാണ് പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫ രാമചന്ദ്രന്റെ കൈ പിടിച്ച്‌ നടന്നത്‌. വാർത്ത നാടറിഞ്ഞതോടെ പ്രസിഡന്റിനെ തേടി അഭിനന്ദന പ്രവാഹമെത്തി.  നാട്ടുകാരുടെ ആശങ്ക അകന്നതിനൊപ്പം രാമചന്ദ്രന്‌ നഷ്‌ടപ്പെട്ട ആത്മവിശ്വാസവും തിരിച്ചുകിട്ടി.
കോവിഡ് രോഗബാധിതനെന്ന വ്യാജ പ്രചാരണത്തിൽ അപമാനിതനായി കഴിയുകയായിരുന്നു ഏറെ ദിവസമായി പുലാമന്തോൾ പാലൂർ സ്വദേശി രാമചന്ദ്രൻ എന്ന മണിയൻ.  പാചകവാതകം വിതരണം ചെയ്തിരുന്ന വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും അകറ്റി നിർത്തപ്പെട്ടു. പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഇതോടെ പെരിന്തൽമണ്ണ ഭരത് ഗ്യാസ് ഏജൻസിയിലെ ജോലിയും തടസപ്പെട്ടു.

രാമചന്ദ്രന് നേരിട്ട അവഹേളനവും അകറ്റി നിർത്തലും നാട്ടുകാരുടെ ഭയവും മാറ്റാനാണ്  വി പി മുഹമ്മദ് ഹനീഫ രാമചന്ദ്രന്റെ ബുധനാഴ്‌ച രാവിലെ കൈപിടിച്ച്‌ നടന്നത്. രാമചന്ദ്രൻ ഗ്യാസ് വിതരണം ചെയ്‌ത വീടുകളിലും ഇരുവരും സന്ദർശനം നടത്തി. ഇതോടെ നാട്ടുകാരുടെ ആശങ്കയും അകന്നു. രാമചന്ദ്രനെയും കൂട്ടി വീടുകളിലെത്തിയ പ്രസിഡൻറ് അദ്ദേഹത്തിനെതിരെയുണ്ടായത് വ്യാജ പ്രചാരണമാണെന്നും തൊഴിൽ നിഷേധം തുടരരുതെന്നും ആവശ്യപ്പെടുകയായിരുന്നു. വ്യാജ പ്രചരണം നടത്തിയവർക്കെതിരെ  നിയമ നടപടി ആവശ്യപ്പെട്ട് രാമചന്ദ്രൻ കൊളത്തൂർ പൊലീസിൽ പരാതി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top