19 April Friday

സർക്കാർ നിയമനങ്ങൾ സംബന്ധിച്ച് നടക്കുന്നത് വ്യാജപ്രചരണം: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

തിരുവനന്തപുരം> സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനം സംബന്ധിച്ച് വ്യാജ പ്രചരണങ്ങളാണ്  നടക്കുന്നെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.  അര്‍ധ സത്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിപ്പിക്കുന്നെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുതല്‍ ആരംഭിച്ചതാണ് ഇത്തരം വ്യാജ പ്രചരണങ്ങളെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന്  മറുപടിയായി സഭയില്‍ പറഞ്ഞു.ഉദ്യോഗാർത്ഥികളോട് അനീതി ചെയ്തെന്ന് വിശ്വസിപ്പിക്കാൻ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല.

വസ്തുതകളുടെ പിന്‍ബലമില്ലാത്ത വ്യാജ പ്രചരണമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. സംസ്ഥാനത്ത് 1,99,201 പേര്‍ക്ക് ആറര വര്‍ഷത്തിനിടെ നിയമന ശുപാര്‍ശ നല്‍കി. ഇത് പിഎസ്‌സിയെ നോക്കുകുത്തിയാക്കി എന്ന വ്യാജ പ്രചരണമാണ് പൊളിക്കുന്നത്- രാജേഷ്  സഭയില്‍ പറഞ്ഞു.യുഡിഎഫ് നേതാക്കൾ ജോലിക്കായി നിർദേശിച്ച കത്തുകളും എം ബി രാജേഷ് സഭയിൽ വായിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങൾ നടന്നുവെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇടത് സർക്കാർ ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യുഡിഎഫ് സർക്കാരിന്റെ കാലത്തേക്കാൾ 18000 കൂടുതലാണിത്. ബോർഡും കോർപറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികൾ പ്രവർത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.

താൽകാലിക നിയമങ്ങൾക്കെല്ലാം കൃത്യമായ മാനദണ്ഡങ്ങളുണ്ട്. സർക്കാർ ഇടപെടാറില്ല. തിരുവനന്തപുരം കോർപ്പറേഷൻ മേയറുടേതെന്ന് പറയപ്പെടുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. എഴുതിയിട്ടില്ലെന്നും  കിട്ടിയിട്ടില്ലെന്നും പറയുന്ന കത്തിനെ ചൊല്ലിയാണ് വിവാദം. മൂന്ന് തവണയാണ് അവിടെ നിയമനത്തിന് അപേക്ഷ വിളിച്ചത്. അതെങ്ങനെ പിൻവാതിൽ നിയമനമാകുകയെന്നും മന്ത്രിചോദിച്ചു. അനധികൃത നിയമനം ഉണ്ടെങ്കിൽ അത് അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരും. അടിയന്തര പ്രമേയ ചർച്ച വേണ്ടെന്നും മന്ത്രി എംബി രാജേഷ് സഭയിൽ നിലപാടെടുത്തു.  തുടർന്ന് സ്പീക്കർ എ എൻ ഷംസീർ അടിയന്തരപ്രമേയ ചർച്ചക്കുള്ള നോട്ടീസ് തള്ളി. പ്രതിപക്ഷത്തുനിന്നും പി സി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top