19 April Friday

'ലക്ഷക്കണക്കിനാളുകള്‍ പുറത്തുനില്‍ക്കുന്നു'; പിഎസ്‌സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 3, 2021


കൊച്ചി
ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പുറത്തുനിൽക്കുമ്പോൾ പിഎസ്‌സി ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത്‌ എന്തിനാണെന്ന്‌ ഹൈക്കോടതി. ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് റദ്ദാക്കിയാണ്‌ കോടതിയുടെ പരാമർശം. കാലാവധി നീട്ടാൻ ട്രിബ്യൂണലിന് അധികാരമില്ലെന്ന പിഎസ്‌സിയുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസും എ ബദറുദീനും അടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്. എല്ലാ ജില്ലയിലും ഈ തസ്തികയിലെ ഒഴിവ്‌ പിഎസ്‌സിക്ക് റിപ്പോർട്ട്‌ ചെയ്യാനും ഹർജി തീർപ്പാക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ ജോലി പൊതു അവകാശമാണ്‌.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാത്രമായി ഈ അവകാശത്തെ ചുരുക്കാനാകില്ല. റാങ്ക് ലിസ്റ്റിൽ താഴെയുള്ളവർക്കാണ് ജോലി ലഭിക്കാതെവരുന്നത്. ഇവർക്കായി പട്ടിക അനന്തമായി നീട്ടാനാകില്ല.

തൊഴിലില്ലാതെ പട്ടികയ്ക്കു പുറത്തുനിൽക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പിഎസ്‌സിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. അവർ അവരുടെ ഉത്തരവാദിത്തമാണ്‌ നിർവഹിക്കുന്നത്. പിഎസ്‌സിക്കും സർക്കാരിനും മറ്റ്‌ വഴിയില്ലെന്നും കോടതി പറഞ്ഞു. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതിലെ വ്യവസ്ഥകൾ മുമ്പ്‌ മേൽക്കോടതികൾ പരിശോധിച്ച് അംഗീകരിച്ചിട്ടുള്ളതാണെന്നും ട്രിബ്യൂണൽ നടപടി ഇതിനു വിരുദ്ധമാണെന്നും പിഎസ്‌സി ബോധിപ്പിച്ചു. പട്ടികയുടെ കാലാവധി മുമ്പ്‌ നീട്ടിയതാണ്. പുതിയ നിയമനത്തിനായി പ്രാഥമിക പരീക്ഷ നടത്തിയെന്നും പിഎസ്‌സിക്കുവേണ്ടി ഹാജരായ സ്റ്റാൻഡിങ്‌ കോൺസൽ പി സി ശശിധരൻ ബോധിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് ട്രിബ്യൂണൽ ഉത്തരവിറക്കിയതെന്ന് പിഎസ്‌സി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top