25 April Thursday

വി മുരളീധരന്റേത്‌ രാജ്യാന്തര സുരക്ഷാ ചട്ടങ്ങളുടെ ലംഘനം‌; സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌ 22 രാജ്യങ്ങളിലെ മന്ത്രിമാർക്കൊപ്പം

പ്രത്യേക ലേഖകൻUpdated: Wednesday Oct 7, 2020

തിരുവനന്തപുരം > അബുദാബി മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പിആർ ഏജൻസി ഉടമയായ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചത്‌ രാജ്യാന്തര സുരക്ഷാ ചട്ടങ്ങളുടെയും  ലംഘനം. 22 രാജ്യത്തെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ  വേദിയിലാണ്‌ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്‌. മന്ത്രി വി മുരളീധരൻ നയതന്ത്ര ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ്‌ വിദേശകാര്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇതിന്‌ പുറമെയാണ്‌ സുരക്ഷാചട്ടങ്ങളുടെ ലംഘനം‌.

ശ്രീലങ്ക, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്‌, മലേഷ്യ, ഇന്തോനേഷ്യ, ഒമാൻ, തായ്‌ലൻഡ്‌, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കമുള്ള പ്രതിനിധി സംഘമാണ്‌ 2019 നവംബർ ഏഴിന്‌ അബുദാബിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്‌. ഇതിൽ ശ്രീലങ്ക, ബംഗ്ലാദേശ്‌, ഇറാൻ മന്ത്രിമാർ തീവ്രവാദ ഭീഷണിയുടെ നിഴലിലാണ്‌. അതിനാൽ കനത്ത സുരക്ഷാക്രമീകരണങ്ങളാണ്‌ ഏർപ്പെടുത്തിയത്‌. ഇവിടേയ്‌ക്ക്‌ ഇന്ത്യയിൽ നിന്നുള്ള യുവതി ഒരു അനുമതിയുമില്ലാതെ എത്തിയത്‌ രാജ്യത്തെ തന്നെ പ്രതിക്കൂട്ടിലാക്കി. വിദേശരാജ്യങ്ങൾ ഇക്കാര്യം അറിഞ്ഞാൽ അത്‌ രാജ്യാന്തരബന്ധത്തെ തന്നെ പിടിച്ചുലയ്‌ക്കും. ഏതെങ്കിലും രാജ്യം പരാതി ഉന്നയിച്ചാൽ അത്‌ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കും.

ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തിൽ താൻ സംബന്ധിച്ചത്‌ പിആർ വർക്കിന്റെ ഭാഗമായിട്ടായിരുന്നൂവെന്ന സ്‌മിതാ മേനോന്റെ വാദം നിലനിൽക്കില്ല. സമ്മേളനവിവരങ്ങളും മറ്റും ഔദ്യോഗിക കമ്യൂണിക്കെയായി പുറത്തിറക്കിയത്‌ ഇതിന്‌ തെളിവാണ്‌. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള കച്ചവടം, ടൂറിസം, സുരക്ഷാകാര്യങ്ങൾ എന്നിവയാണ്‌ മന്ത്രിതല സമ്മേളനം ചർച്ച ചെയ്‌തത്‌. ഈ മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞാണ്‌ സമ്മേളനം പിരിഞ്ഞത്‌. 

വി മുരളീധരൻ പ്രത്യേക താൽപ്പര്യമെടുത്താണ്‌ സ്‌മിതാ മേനോനെ ദുബായിലേക്ക്‌ ഒപ്പം കൂട്ടിയത്‌ എന്ന്‌ വ്യക്തമാണ്‌. തനിക്കൊപ്പം വേദിയിൽ ഇരിപ്പിടം നൽകാൻ എംബസി ഉദ്യോഗസ്ഥരോട്‌ മന്ത്രി നിർദേശിച്ചതായാണ്‌ സൂചന. സ്‌മിതാ മേനോൻ സമ്മേളനത്തിൽ പങ്കെടുത്തതിന്‌ യുഎഇയിലെ ഇന്ത്യൻ എംബസിയിൽ രേഖയില്ല. വിസ സംബന്ധിച്ചും സംശ‌യമുണ്ട്‌. വിസിറ്റിങ്‌ വിസയിലാണ്‌ സന്ദർശനമെങ്കിൽ ടൂറിസ്‌റ്റ്‌ എന്ന നിലയ്‌ക്കുള്ള പരിഗണനയ്‌ക്കേ അർഹതയുള്ളൂ. ഔദ്യോഗിക ചടങ്ങുകളിലോ മറ്റ്‌ പരിപാടികളിലോ പങ്കെടുത്താൽ നിയമനടപടി നേരിടേണ്ടിവരും. നയതന്ത്ര വിസയോ മീഡിയ വിസയോ നൽകിയതായുള്ള രേഖകളൊന്നും പുറത്തുവന്നിട്ടില്ല. ടൂറിസം വിസയിൽ എത്തിയ ഒരാളെ ഔദ്യോഗിക പ്രതിനിധിയെന്ന വ്യാജേന സമ്മേളനത്തിൽ പങ്കെടുപ്പിച്ചൂവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

മന്ത്രി മുരളീധരന്റേത്‌ ചട്ടലംഘനമെന്ന്‌ മുൻ അംബാസഡർ
യുഎഇയിൽ നടന്ന മന്ത്രിതല സമ്മേളനത്തിൽ സ്‌മിതാ മേനോനെ കേന്ദ്രമന്ത്രി വി മുരളീധരൻ പങ്കെടുപ്പിച്ചത്‌ നിയമവിരുദ്ധമെന്ന്‌ നയതന്ത്രവിദഗ്‌ധനും മുൻ അംബാസഡറുമായ കെ പി ഫാബിയൻ. വിസിറ്റിങ്‌ വിസയിൽ യുഎഇയിൽ പോയി ഔദ്യോഗിക യോഗത്തിൽ സ്‌മിത പങ്കെടുത്തത്‌  കുറ്റകൃത്യമാണെന്നും കൈരളി ന്യൂസ്‌ ചാനലിന്‌ നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ടൂറിസ്റ്റ്‌ എന്ന നിലയ്‌ക്കാണ്‌ ഏത്‌ രാജ്യത്തും വിസിറ്റിങ്‌ വിസ അനുവദിക്കുന്നത്‌.

വിസിറ്റിങ്‌ വിസയിൽ എത്തിയവർ ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുക്കുകയോ മറ്റു കാര്യങ്ങളിൽ വ്യാപൃതരാകുകയോ ചെയ്‌താൽ ഇന്ത്യയിലായാലും നടപടി നേരിടേണ്ടി വരും.മന്ത്രി ഔദ്യോഗിക ആവശ്യത്തിന്‌‌ വിദേശത്ത്‌ പോകുമ്പോൾ കൂടെ പോകുന്നവരുടെ പട്ടിക അടങ്ങിയ അനുമതി കത്ത്‌ അത്യാവശ്യമാണ്‌. അതിൽ യാത്ര എത്ര ദിവസത്തേക്ക്‌ ആണെന്നുള്ള വിവരവും വ്യക്തമാക്കണം. ഈ കത്ത്‌ ധനവകുപ്പിലേക്ക്‌ പോകും. ഇത്തരം യാത്രകളിൽ പിആർ ഏജൻസി പ്രതിനിധിയെ കൊണ്ടുപോകാറില്ല. ഇതിനെ ധനവകുപ്പിന്‌ ചോദ്യം ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top