25 April Thursday

ഐഎസ്‌ആർഒയിൽ നിയമന നിരോധനം; കേന്ദ്രത്തിന്റെ കച്ചവടക്കണ്ണ്‌ ഗവേഷണസ്ഥാപനത്തിലും

സ്വന്തം ലേഖകൻUpdated: Thursday Sep 9, 2021


തിരുവനന്തപുരം>  ഐഎസ്‌ആർഒയിലും സമ്പൂർണ നിയമന നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇനിയൊരു ഉത്തരവുവരെ സയന്റിസ്‌റ്റ്‌/എൻജിനിയർ, മറ്റ്‌ സാങ്കേതിക വിദഗ്‌ധർ തസ്‌തികകളിലടക്കം നിയമനം നടത്തേണ്ടതില്ലെന്ന്‌ കേന്ദ്ര ബഹിരാകാശ വകുപ്പ്‌ കർശന നിർദേശംനൽകി. വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി സന്ധ്യ വേണുഗോപാൽ ശർമയുടെതാണ്‌ ഉത്തരവ്‌. വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യേണ്ടതില്ലെന്നും നിർദേശമുണ്ട്‌.

ലോകത്തെതന്നെ പ്രധാനപ്പെട്ട ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐഎസ്‌ആർഒയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണിത്‌.
ഐഎസ്‌ആർഒ സെൻട്രലൈസ്‌ഡ്‌ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌(ഐസിആർബി)നടത്തിവരുന്ന എല്ലാ നിയമനനടപടികളും നിർത്തിവയ്‌ക്കും. ഐഎസ്‌ആർഒ പദ്ധതികളിലെ നിർമാണ, ഗവേഷണ മേഖലകളിലേക്കുള്ള നിയമനങ്ങളും ഇല്ലാതാകും. ഓഫീസ്‌ ജീവനക്കാരുടെ നിയമനവും ഉണ്ടാവില്ല. ഐഐഎസ്‌ടി, ഐഐടി തുടങ്ങിയവയിൽനിന്നുള്ള ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റും തടഞ്ഞിട്ടുണ്ട്‌. സെന്ററുകൾക്ക്‌ നേരിട്ടുള്ള കരാർ നിയമനങ്ങളും പാടില്ല.

ബഹിരാകാശ വകുപ്പിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ്‌ നിയമനനിരോധനമെന്ന്‌ വെള്ളിയാഴ്‌ച ഇറക്കിയ ഉത്തരവിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കാനുള്ള തീരുമാനത്തിനു തൊട്ടുപിന്നാലെയാണ്‌ രാജ്യത്തിന്റെ അഭിമാനമായ ഐഎസ്‌ആർഒയിലെ ‘പരിഷ്‌കരണ’ നടപടികൾ. ഒമ്പത്‌ പ്രധാനകേന്ദ്രമടക്കം 44 സ്ഥാപനമാണ്‌ ഐഎസ്‌ആർഒയ്‌ക്ക്‌ രാജ്യത്തുടനീളമുള്ളത്‌. തിരുവനന്തപുരത്ത്‌ വിഎസ്‌എസ്‌സിയടക്കമുള്ള നാല്‌ സ്ഥാപനവും ഇക്കൂട്ടത്തിൽപെടും. ഇവിടെയെല്ലാമായി ശാസ്‌ത്ര സാങ്കേതിക വിദഗ്‌ധരടക്കം പതിനെണ്ണായിരത്തോളംപേരുണ്ട്‌. ഇതുകൂടാതെ വിവിധ പദ്ധതികളിലായി കരാർ അടിസ്ഥാനത്തിൽ ഇരുപതിനായിരത്തിലധികം പേരും.

ചാന്ദ്രയാൻ, മംഗൾയാൻ വിജയമുൾപ്പെടെ ചരിത്രംസൃഷ്ടിച്ച നിരവധി വിക്ഷേപണങ്ങൾ നടത്തി സ്വയംപര്യാപ്‌തമായ ഐഎസ്‌ആർഒയിലെ കേന്ദ്രത്തിന്റെ ‘പരിഷ്‌കരണ’ങ്ങളിൽ ജീവനക്കാരും ആശങ്ക ഉയർത്തി.  ‘സ്വയം പിരിഞ്ഞുപോകലും’  സ്ഥാനക്കയറ്റം തടയലും ഉണ്ടാകുമെന്നും അവർ  ഭയക്കുന്നു. വിദേശ രാജ്യങ്ങളുടെ മുന്നൂറിലധികം ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിച്ചതിലൂടെ കോടികളുടെ വിദേശ നാണ്യം ഐഎസ്‌ആർഒ നേടിയിട്ടുണ്ട്‌. മനുഷ്യനെ ബഹിരാകാശത്തേക്ക്‌ അയക്കുന്ന ഗഗൻയാൻ ഉൾപ്പെടെ ഭാവി പദ്ധതികളും ആസൂത്രണംചെയ്‌തിട്ടുണ്ട്‌. ഇവയെയെല്ലാം തീരുമാനം ബാധിക്കുമെന്നും ജീവനക്കാർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top